Monday, September 28, 2020
Pampadi Rajan,Chirakkal Kalidasan,Mangalamkunnu Karnan


Thekinkaad maidanam & Swaraj round തേക്കിൻ‌കാട് മൈതാനവും സ്വരാജ് റൗണ്ടും

Thekinkaad maidanam & Swaraj round തേക്കിൻ‌കാട് മൈതാനവും സ്വരാജ് റൗണ്ടും തൃശ്ശൂർ നഗരം എന്ന് സാംസ്കാരിക കേരളം ഒറ്റവാക്കിൽ പറഞ്ഞാൽ

By Haris Noohu , in അറിവുകള്‍ , at May 1, 2019

തൃശ്ശൂർ നഗരം എന്ന് സാംസ്കാരിക കേരളം ഒറ്റവാക്കിൽ പറഞ്ഞാൽ വടക്കുന്നാഥക്ഷേത്രവും അതു സ്ഥിതിചെയ്യുന്ന തേക്കിൻകാട് മൈതാനവും അതിനെച്ചുറ്റുന്ന സ്വരാജ് റൗണ്ടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളും ചേരുന്നതാണ്. നമുക്കെല്ലാം അറിയാം തേക്കിൻകാട് മൈതാനത്തെക്കുറ്,ഒരു പക്ഷെ ലോകത്തിൽ കോടിക്കണക്കിനു ജനങ്ങളുടെ പാദസ്പർശനമേറ്റ സ്ഥലം,അതിലുപരി ലോകത്തിൽ ആയിരക്കണക്കിന് ഗജവീരകേരസരികൾ വന്നു നിന്നു പോയ സ്ഥലം,എറ്റവും കൂടുതൽ പൂരം നടക്കുന്നു സ്ഥലം അങ്ങനെ അങ്ങനെ പോകുന്നു. നഗരത്തിന്റെ എല്ലാ സ്പന്ദനങ്ങളും ആദ്യം അറിയുന്നതും തേക്കിൻകാട്ടിലാണ്. സമരവും റാലിയും പ്രതിഷേധങ്ങളും കച്ചവടവും ഉത്സവങ്ങളും പ്രണയവും വിരഹവും കലഹവും എല്ലാം മേളിക്കുന്നയിടം. അനേകായിരം കാല സാംസ്കാരിക നായകന്മാർ ഒരുപാട് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു ഭൂമി.
കാലം മാറുമ്പോൾ കോലം മാറുന്ന മരങ്ങളും അവയിലെ പക്ഷികളും അലഞ്ഞുനടക്കുന്ന പശുക്കളും തേക്കിൻകാട്ടിലുണ്ട്. തെരുവുപട്ടിയും മനുഷ്യരും ഒന്നിച്ച് കിടന്നുറങ്ങുന്ന കാഴ്ചകളും ഇവിടെക്കാണാൻ സാധിക്കും.

അതിരാവിലെ നടക്കാനിറങ്ങുന്നവരുടെ കൂട്ടം, പണിയായുധങ്ങളുമായി ആരെങ്കിലും ജോലിക്കുവിളിക്കുമോ എന്ന പ്രതീക്ഷയിൽ ഇരിക്കുന്ന നമ്മുടെ നാട്ടുകാർ,ബംഗാളികൾ തുടങ്ങി പണിക്കാരുടെ കൂട്ടം, കുളിച്ച് മനസ്സിൽ ശിവമന്ത്രങ്ങളുമായി വടക്കുന്നാഥനെ തൊഴാനെത്തുന്ന ആയിരങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും.

സത്യം പറഞ്ഞാൽ തേക്കിൻകാട് മൈതാനം എന്ന് പറഞ്ഞാൽ കാഴ്ചകളുടെ ലോകം എന്ന് തന്നെ പറയാൻ കഴിയും. അവിടെ പോയാൽ കുറഞ്ഞത് ഒരു ദിവസം ഒരു ആനയെങ്കിലും കാണാൻ സാധിക്കും.അതുപോലെ തന്നെ മഴക്കാലവും തേക്കിൻകാടിന്റെ കാഴ്ചകൾക്ക് മാറ്റുകൂട്ടുന്നു. മഴയിൽ കുളിച്ചുനിൽക്കുന്ന വടക്കുന്നാഥന്റെ ഗോപുരങ്ങൾ, കോരിച്ചൊരിയുന്ന മഴയിൽ അല്പം തലതാഴ്ത്തി വിറച്ചുനിൽക്കുന്ന മരങ്ങൾ, മഴ നനഞ്ഞിരിക്കുന്ന പക്ഷികൾ, ഒരു കുടയിൽ ഒട്ടുന്ന പ്രണയങ്ങൾ, നനഞ്ഞുവിറച്ച് കയറിക്കിടക്കാൻ ഇടമില്ലാത്തവർ, മഴയെത്തോൽപ്പിച്ച് ചെസ്സ് കളിക്കുന്നവർ..അങ്ങനെ എത്രയെത്ര കാഴ്ചകൾ,ഇനി എന്തെല്ലാം കാണണം,കാഴ്ചകൾ ഇവിടെ അവസാനിക്കുന്നില്ല.

തൃശൂരിലെ ചരിത്ര പ്രസിദ്ധമായ തേക്കിന്‍കാട് മൈതാനത്തിന്റെ പേര് 2004ൽ മാറ്റിയിരുന്നു . അന്ന് മുതല്‍ ഈ മൈതാനം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനം എന്നാണ് അറിയപ്പെടുന്നത്.
പേര് മാറ്റാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യപ്രശ്നത്തിലെ നിര്‍ദേശപ്രകാരവും ക്ഷേത്രമൈതാനം എന്ന നിലയിലുള്ള പരിശുദ്ധി നിലനിര്‍ത്തുന്നതിനുമാണ് ഈ തീരുമാനം. മൈതാനത്തിന്റെ നാല് വശത്തും പുതിയ പേരെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

തേക്കിൻകാടും സ്വരാജ് റൗണ്ടും
തേക്കിൻകാടും സ്വരാജ് റൗണ്ടും

ക്ഷേത്രം രേഖകളിലെല്ലാം തേക്കിന്‍കാട് മൈതാനം എന്നതിനുപകരം പുതിയ പേര് ചേര്‍ത്തിരുന്നു. 65 ഏക്കര്‍ വരുന്ന മൈതാനത്തന്റെ നടുക്ക് 18 ഏക്കറിലാണ് വടക്കുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുമ്പ് മൈതാനം മുഴുവന്‍ തേക്ക് ആയിരുന്നതിനാലാണ് ആ പേര് ലഭിച്ചത്. ഈ മൈതാനത്തിലുണ്ടായിരുന്ന തേക്ക് മരങ്ങള്‍ ശക്തന്‍ തമ്പുരാന്‍ വെട്ടിമാറ്റിയതായാണ് ചരിത്രം. എങ്കിലും മൈതാനത്തിന്റെ പേരിന് മാറ്റമുണ്ടായില്ല.
പിന്നീട് സാമൂഹികവനവത്ക്കരണത്തിന്റെ ഭാഗമായി കുറേ തേക്കുകള്‍ തെക്കേ നടയ്ക്കും കിഴക്കേനടയ്ക്കും ഇടയില്‍ വെച്ചുപിടിപ്പിച്ചു.ദേവസ്വം രേഖകളില്‍നിന്നു പോയാലും ചരിത്രത്തില്‍ തേക്കിന്‍കാടിന്റെ പേര് മായാതെ നില്‍ക്കും. ഗാന്ധിജി വന്ന മണികണ്ഠനാല്‍ത്തറയും ജവഹര്‍ലാല്‍ നെഹ്റു പ്രസംഗിച്ച നെഹ്റു മണ്ഡപവും വിദ്യാര്‍ഥികള്‍ യോഗം ചേര്‍ന്നിരുന്ന വിദ്യാര്‍ഥി കോര്‍ണറും തൊഴിലാളി കോര്‍ണറുമൊക്കെ ഈ തേക്കിന്‍കാട് മൈതാനത്തിലാണ്. അത് നാട്ടാരുടെ മനസ്സുകളില്‍ നിന്ന് മാറ്റാന്‍ അത്ര എളുപ്പമല്ല.സ്വാതന്ത്യ്രസമരത്തിലെ അനേകം മുഹൂര്‍ത്തങ്ങള്‍ക്ക് തേക്കിൻകാട് മൈതാനം വേദിയായിട്ടുണ്ട്.

വടക്കുംനാഥൻ ക്ഷേത്രത്തിനു ചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം.കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. തേക്കിൻകാട് മൈതാനത്തെ ചുറ്റിയാണ് ഒരു മൈതാനത്തെ ചുറ്റിയുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് ആയ സ്വരാജ് റൌണ്ട് ഉള്ളത്.

ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളുടെ നെഹ്റു പാർക്കും ഈ മൈതാനത്താണ്. തൃശ്ശൂർ പൂരത്തിന്റെഭാഗമായുള്ള കുടമാറ്റവും വെടിക്കെട്ടും ഇവിടെയാണ് നടക്കുന്നത്. തൃശൂർ പൂരംപ്രദർശനവും മറ്റു വലിയ സമ്മേളനങ്ങളും ഈ മൈതാനത്തു തന്നെയാണ് നടക്കുക.

വടക്കും നാഥൻ ക്ഷേത്രത്തിന് മുൻപിലായി മൂന്ന് ആലുകൾ സ്വരാജ് റൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്.

നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നിലവിൽ ഉള്ള മണികണ്ഠനാൽ , പഴയത് കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ്.

സ്വരാജ് റൗണ്ടും
സ്വരാജ് റൗണ്ടും

തേക്കിൻ‌കാട് മൈതാനം എന്ന പേരിന്റെ ഉത്ഭവത്തെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. തദ്ദേശീയ പുരാണങ്ങൾ അനുസരിച്ച് വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ തേക്ക് വളർന്നുനിൽക്കുന്ന നിബിഢ വനങ്ങളായിരുന്നു. ഈ സ്ഥലം കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരരംഗമായിരുന്നു. തസ്കര ശല്യം ഒഴിവാക്കുവാനായി ശക്തൻ തമ്പുരാൻ തേക്കിൻ‌കാട് വനം നശിപ്പിക്കുവാൻ ഉത്തരവിട്ടു. ഇതിനെതിരെ ഉള്ള എല്ലാ എതിർപ്പുകളും നിർദ്ദയം അമർച്ചചെയ്യപ്പെട്ടു. പാറമ്മേക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് പാറമ്മേക്കാവ് ഭഗവതി വനം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അരുളിച്ചെയ്തു. ശക്തൻ തമ്പുരാൻ ആ വെളിച്ചപ്പാടിന്റെ തല വെട്ടിയെടുത്തു.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെവടക്കുംനാഥ ക്ഷേത്രം (ശിവക്ഷേത്രം) സ്ഥിതിചെയ്യുന്ന ചെറിയ കുന്നിനു ചുറ്റുമായി ഉള്ള വൃത്താകൃതിയിലുള്ള റോഡ് സ്വരാജ് റൗണ്ട് എന്ന് അറിയപ്പെടുന്നു. തൃശ്ശൂർ റൗണ്ട് എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വടക്കുംനാഥ ക്ഷേത്രം. തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ് സ്വരാജ് റൗണ്ട്.

ഇന്ത്യയിൽ തന്നെ ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളിൽ നീളത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് തൃശ്ശൂർ റൗണ്ട്. ഒന്നാം സ്ഥാനം ദില്ലിയിലെ കൊണാട്ട് പ്ലേസിനു ചുറ്റുമുള്ള റോഡിനാണ്.

സ്വരാജ് റൗണ്ടിൽ ഒൻപത് പ്രധാന വഴികളും പല ചെറിയ റോഡുകളും ഈ റൌണ്ടിൽ ചെന്നു ചേരുന്നു. ഈ റോഡുകൾ കവലകൾ തീർക്കുന്നു. തൃശ്ശൂർ നഗരംറൗണ്ടിനു ചുറ്റും വൃത്താകൃതിയിൽ പരന്നു കിടക്കുന്നു. ഒരു ദശാബ്ദം മുൻപു വരെ തൃശ്ശൂർ നഗരത്തിന്റെ വികസനം സ്വരാജ് റൗണ്ടിൽ ഒതുങ്ങി നിന്നു. ഇന്ന് നഗരം പ്രാന്തപ്രദേശങ്ങളിലേയ്ക്കും വികസിച്ചിരിക്കുന്നു.

തൃശ്ശൂർ നഗരം തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ് നിർമ്മിച്ചത്. തൃശ്ശൂർ പൂരം നടക്കുന്നത് തേക്കിൻ‌കാട് മൈതാനത്താണ്. തേക്കിൻ‌കാട് മൈതാനത്താണ് പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രവും ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളൂടെ നെഹ്രു പാർക്കും . ശ്രീ വടക്കുനാഥൻ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സമുച്ചയമായതിനാൽ അതിന്റെ 200 മീറ്റർ ചുറ്റളവിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കൊന്നും ഇവിടെ അനുവാദമില്ല. രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങൾക്കായി താൽക്കാലിക നിർമ്മിതികൾ ഇവിടെ അനുവദിക്കാറുണ്ട്. ആവശ്യം കഴിഞ്ഞാൽ പൊളിച്ചു മാറ്റണം എന്ന വ്യവസ്ഥയിലാണ് ഈ താൽക്കാലിക നിർമ്മാണങ്ങൾക്ക് അനുവാദം നൽകുന്നത്.

മൈതാനത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് ഇപ്പോഴുള്ള തേക്കുമരങ്ങളും മറ്റു ഭാഗങ്ങളിലുള്ള വിവിധവൃക്ഷങ്ങളിൽ നല്ലൊരു പങ്കും 1980കളിൽ വെച്ചുപിടിപ്പിച്ചവയാണു്.പ്രാദേശികമായി എല്ലാ സ്ഥലങ്ങളുടെയും ദൂരങ്ങൾ റൗണ്ടിൽ നിന്നാണ് കണക്കാക്കിയിരിക്കുന്നത്.
തീരുന്നില്ല കഥകൾ ,ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കി….