രാമചരിതം | ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

നെയ്തലക്കാവിലമ്മയുമായി വടക്കുംനാഥഗോപുരം കടന്നുകിട്ടാന്‍
ഇത്തിരി
പാടാണ് രാമന്.
തലയും ഉടലും ഒന്ന് കുനിയണം…..
തെക്കേഗോപുരനട തള്ളിതുറന്ന്
കുടമാറ്റ ഭൂമിയിലേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ പൂരം
വരുന്ന പ്രതീതിയാണ്…..
ആറാട്ടുപുഴ ശാസ്താവും…
പാറമേക്കാവിലമ്മയും…
കൂടല്‍മാണിക്കത്തപ്പനും….
ഉത്രാളിക്കാവിലമ്മയും…
നെന്മാറ നെല്ലിക്കുളത്തിയും….
കയറിയ ശിരസ്…..
കേരളത്തില്‍ ഇപ്പൊള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍
ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്‍…..
വിരിഞ്ഞ മസ്തകം
കൊഴുത്തുരുണ്ട ഉടല്‍,ഉറച്ച കാലുകള്‍
ആനചന്തം
എന്തെന്ന ചൂണ്ടി കാണിക്കാവുന്നമട്ടിലുള്ള നടത്തം…..
ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്ത്തനാക്കുന്നു.
രാമചന്ദ്രന്‍നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍
പറയൂ….
എഴുന്നള്ളിപ്പിന് കോലം കയറ്റി കഴിഞ്ഞാല്‍ തിടമ്പിറക്കും
വരെ തല എടുത്തുപിടിച്ചിരിക്കും എന്നതാണ് രാമന്‍റെ പ്രത്യേകത.
അമ്പതു കഴിഞ്ഞു രാമനിപ്പോള്‍……
പൊതുവില്‍ ശാന്തനെങ്കിലും ഒരുകാലത്ത് കൂട്ടാനകുത്തിന്‍റെ പേരില്‍ പഴി കേള്‍ക്കേണ്ടി
വന്ന കഷ്ടകാലവും രാമചന്ദ്രനുണ്ടായിരുന്നു…..
1982 ലാണ് ജന്മംകൊണ്ട് ബീഹാറിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തിലേക്ക് വണ്ടികയറുന്നത്. 13 വയസ്സോളമുള്ളപ്പോളായിരുന്നു ഈ കൈമാറ്റം. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ആനകളെ വിതരണം ചെയ്യുന്ന ഏജന്റ് വെങ്കിടാദ്രിയാണ് ബിഹാറിലെ വാര്‍ഷിക ചന്തയില്‍ നിന്നും കണ്ടെടുക്കുന്നത്. മോട്ടിപ്രസാദ് എന്ന് പേരിട്ട് പ്രസന്നവദനനായി നിന്നിരുന്ന ആനയെ തൃശൂരുകാരുടെ സ്വതസിദ്ധമായ ആനലക്ഷണശാസ്ത്രം നോക്കിയാണ് വാങ്ങിയത്.

കേരളത്തില്‍ മോട്ടിപ്രസാദ് എന്ന പേര് വേരുപിടിക്കില്ലെന്നതിനാല്‍ ആനയ്ക്ക് ഗണേശനെന്ന് പേരിട്ടു. ആവശ്യക്കാരെ കാത്ത് ഏജന്റിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 1984 മാര്‍ച്ചില്‍ പേരാമംഗലത്തുള്ള തെച്ചിക്കോട്ട് ദേവസ്വം അധികൃതര്‍ ആനയെ തേടിയെത്തി. ദേവസ്വത്തിന്റെ വകയായി ക്ഷേത്രത്തില്‍ ഒരു ആനയെ നടയ്ക്കിരുത്താന്‍ ദേവസ്വം അക്കൊല്ലം തീരുമാനിച്ചിരുന്നു. വെങ്കിടാദ്രി കൊണ്ടുവന്ന ആനയെ തിരക്കിയായിരുന്നു തെച്ചിക്കൊട്ടുകാവ് ദേവസ്വം അധികൃതര്‍ തൃശൂരിലെത്തിയത്. പേരാമംഗലത്തെ പൗരാവലിയുടെ സഹായത്തോടെ പണം സ്വരൂപിച്ച് ദേവസ്വം ഗണേശനെ വാങ്ങി തെച്ചിക്കൊച്ചുകാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. രാമചന്ദ്രനെന്ന് പുനര്‍നാമകരണം ചെയ്തു.

വന്നിറങ്ങിയതു മുതല്‍ ദേവസ്വത്തിന് രാമചന്ദ്രന്‍ എന്ന ആന സൃഷ്ടിച്ച തലവേദനകള്‍ ചില്ലറയല്ല. നിരവധി കാലം ആനയെ തറിയില്‍ ബന്ധിച്ചു. പാപ്പാന്‍മാരെ അടുപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല പൂര്‍വാശ്രമത്തിലെ മോട്ടിപ്രസാദ് എന്ന ഗണേശനെന്ന രാമചന്ദ്രന്‍. തറിയിലും വികൃതി തുടര്‍ന്നപ്പോള്‍ ദേവസ്വത്തിനെതിരെ നാട്ടുകാരുടെ മുറുമുറുപ്പുകളുയര്‍ന്നു. ആനയെ നടയ്ക്കിരുത്തിയതിനാല്‍ ഉപേക്ഷിക്കുക എളുപ്പമായിരുന്നില്ല. ക്ഷേത്രാചാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയെന്ന പൊതു തീരുമാനത്തിലാണ് ദേവസ്വം എത്തിച്ചേര്‍ന്നത്.

എന്നാല്‍ രാമചന്ദ്രനെ കാത്തിരുന്ന വിധി വേറെയായിരുന്നു. തെച്ചിക്കോട്ടുകാവിലെത്തി അധികം കഴിയുംമുമ്പേ രാമചന്ദ്രന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇല്ലാതായി. വികൃതി കാണിച്ച ആനയ്ക്ക് പാപ്പാന്‍മാര്‍ നല്‍കിയ ക്രൂരമായ ശിക്ഷയായിരുന്നു ആ അന്ധത. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ആനയുടെ ഇടതുകണ്ണിന്റെ സ്വാധീനവും പതുക്കെ ഇല്ലാതാകുന്ന അവസ്ഥയായിരുന്നു. പിന്നീട് കെട്ടുതറിയില്‍ നിര്‍ത്തി ഏറെക്കാലത്തെ ചികിത്സ. ക്ഷേത്രത്തിന് പുറത്തേക്ക് ആനയെ കൊണ്ടുപോകാന്‍ ഇനിയൊരിക്കലും സാധിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ കരുതിയിരുന്നിടത്താണ് പാലക്കാട് എരുമയൂര്‍കാരനായ മണി ആനയുടെ ഒന്നാംപാപ്പാനായി വരുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പിന്നീടുള്ള എല്ലാ ഖ്യാതികള്‍ക്കും ദേവസ്വം കടപ്പെട്ടിരിക്കുന്നത് എരുമയൂര്‍ മണിയോടാണ്.

മണിയുടെ മണം പിടിച്ചാല്‍ ശാന്തനാകുന്ന രാമചന്ദ്രന്‍

പതിമൂന്ന് വയസ്സുള്ളപ്പോളാണ് എരുമയൂര്‍ മണി ആനപ്പണിയിലേക്ക് വരുന്നത്. ആനച്ചോറ് കൊലച്ചോറാണെന്ന ബന്ധുമിത്രാദികളുടെ വിലക്ക് വകവയ്ക്കാതെ പൂരപ്പറമ്പുകളില്‍ മണി അലഞ്ഞുതിരിഞ്ഞു. ഓണക്കൂര്‍ കുഞ്ചുആശാന്‍, ഓണക്കൂര്‍ പൊന്നന്‍ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. തിരുവാണിക്കാവ് രാജഗോപാല്‍ എന്ന കേമനായ കൊമ്പനൊപ്പം 13 വര്‍ഷം എരുമയൂര്‍ മണിയുണ്ടായിരുന്നു. അവിടെ നിന്നായിരുന്നു മണി തെച്ചിക്കോട്ടുകാവിലെത്തിയത്. കടുവാ വേലായുധന്‍ ആയിരുന്നു ആ സമയം രാമചന്ദ്രന്റെ ഒന്നാംപാപ്പാന്‍. കെട്ടുതറിയിലായിരുന്നു അപ്പോഴും രാമചന്ദ്രന്‍. 18 കൊല്ലം മുമ്പായിരുന്നു അത്. 1997 ല്‍ രാമചന്ദ്രനെ തറിയില്‍ നിന്നും അഴിച്ച് എരുമയൂര്‍ മണി അല്‍പ്പം വെള്ളം നല്‍കി. ആദ്യമായി ഏല്‍ക്കുന്ന ആനയെ തനിക്ക് വിധേയനാക്കാന്‍ പാപ്പാന്‍മാര്‍ പട്ടിണിക്കിടുന്ന പതിവുണ്ട്. വാട്ടുക എന്നാണ് ഇതിനു പേര്. എന്നാല്‍ അതുവരെയില്ലാത്ത രുചികള്‍ രാമചന്ദ്രന് നല്‍കി മണി ആനയുടെ വിശ്വാസം പിടിച്ചുപറ്റി. മണി പേരാമംഗലം സ്റ്റോപ്പില്‍ ബസ്സിറങ്ങിയാല്‍ അപ്പോള്‍ മണംപിടിച്ച് തുമ്പിക്കൈ നിലത്തടിച്ച് സന്തോഷം പ്രകടിപ്പിക്കുമായിരുന്നു രാമചന്ദ്രനെന്ന് ദൃക്‌സാക്ഷികള്‍.

ആന വഴങ്ങിയതോടെ എഴുന്നള്ളിപ്പുകള്‍ക്ക് അയയ്ക്കാനുള്ള ധൈര്യം ദേവസ്വം കാണിച്ചു. ആനയെഴുന്നള്ളിപ്പിന് ഇന്നുള്ളയത്ര കര്‍ശന നിയമങ്ങള്‍ ഇല്ലാത്ത കാലമായിരുന്നു. എന്നാല്‍ നാലാമത്തെ ഏക്കത്തില്‍ രാമചന്ദ്രനെ കുപ്രശസ്തനാക്കിയ ദുരന്തം സംഭവിച്ചു. 1999 ല്‍ മുളയം രുധിരമാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന മറ്റൊരു പേരുകേട്ട കൊമ്പനെ കുത്തി. 70 വയസ്സുള്ള ചന്ദ്രശേഖരന്‍ മൂന്നുവര്‍ഷം ചികിത്സയില്‍ കഴിഞ്ഞെങ്കിലും പിന്നീട് ചെരിഞ്ഞു. രാമചന്ദ്രന്‍ വീണ്ടും കെട്ടുതറിയിലായി. മണിയെത്തി അഴിച്ച് കൊമ്പനെ വീണ്ടും ഏക്കത്തിന് അയച്ചു. പതുക്കെപ്പതുക്കെ ആന പേരെടുക്കാന്‍ തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് മംഗലാംകുന്ന് കര്‍ണ്ണനെന്ന ആനയെയും രാമചന്ദ്രന്‍ കുത്തി പരിക്കേല്‍പ്പിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാലം വരുന്നു

പത്തരയടി ഉയരമുണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഇരിക്കസ്ഥാനത്തു നിന്ന് 317 സെന്റിമീറ്റര്‍. ഉടലിന് 345 സെന്റിമീറ്റര്‍ നീളം. കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാന. ഏഷ്യന്‍ ആനകളില്‍ ഉയരത്തില്‍ രണ്ടാംസ്ഥാനം. ലക്ഷണമൊത്ത ഉടല്‍നിറവും നഖങ്ങളും നിലംമുട്ടുന്ന തുമ്പിക്കൈയുമുണ്ട്. കോലം കയറ്റിയാല്‍ ഇറക്കുംവരെ മസ്തകം താഴ്ത്തില്ല. ഈ ഒറ്റനില്‍പ്പിനാണ് പൂരപ്പറമ്പില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരപ്രേമികളുടെ ആര്‍പ്പുവിളി കിട്ടാറുള്ളത്. ഗജരാജ കേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ആരാധകര്‍ കല്‍പ്പിച്ചുകൊടുത്ത നിരവധി പട്ടങ്ങളും ഇക്കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നേടി. ചക്കുമരശ്ശേരിയിലും ചെറായിയിലും ഇത്തിത്താനത്തുമെല്ലാം ആന തലപ്പൊക്കമത്സരത്തില്‍ വിജയിയായി.

ഉത്സവപ്പറമ്പുകളില്‍ ഗജരാജനായെങ്കിലും കൊലയാളിയെന്ന് ആനയെ വിശേഷിപ്പിച്ചവരും നിരവധിയായിരുന്നു. രാമന്‍റെ കെെപിഴവില്‍ ചില നഷ്ടങള്‍ വന്നിട്ടുണ്ടായിരുന്നു……

വര്‍ത്തമാനകാലം രാമചന്ദ്രന്റെ കാലമാണ്. ഉത്സവസീസണില്‍ 150 ഏക്കം വരെയാണ് ഇപ്പോള്‍ രാമചന്ദ്രന്‍ ഏല്‍ക്കുന്നത്. ഏക്കം ഒന്നിന് 2,55,000 രൂപയെന്ന റെക്കോര്‍ഡ് തുകയാണ് ദേവസ്വം വാങ്ങുന്നത്. ഇത് ദേവസ്വം നേരിട്ട് വാങ്ങുന്ന തുകയാണ്. ഒരാഴ്ചത്തേക്ക് ഏക്കം വാങ്ങുന്ന ഏജന്റുമാര്‍ മറ്റ് ഉത്സവങ്ങള്‍ക്ക് ആനയെ മറിച്ചുനല്‍കി വാങ്ങുന്നത് ലക്ഷങ്ങളാണ്. പ്രതിവര്‍ഷം ഏക്കം ലേലം നടക്കുമ്പോളും രാമചന്ദ്രന്റെ ഏക്കത്തുക റെക്കോര്‍ഡുകള്‍ ഭേദിക്കും. ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന് കോലമെടുത്ത ആനയെക്കാളും ആരാധകരുടെ പിന്തുണ കിട്ടിയത് നെയ്‌ലക്കാവിലമ്മയുടെ കോലവുമായി പൂരവാതില്‍ തുറന്ന് പൂരമായെന്ന് വിളിച്ചുപറഞ്ഞ രാമചന്ദ്രനായിരുന്നു.

മണിക്ക് ശേഷമായിരുന്നു ഇടുക്കി രാജാക്കാട് സ്വദേശിയായ ഷിബു രാമചന്ദ്രന്റെ ഒന്നാംപാപ്പാനായി എത്തുന്നത്.
രാമന്‍റെ ചരിത്രം കുറിച്ച മത്സരങ്ങളിലൊന്ന് എന്നത് നടക്കുന്നത്
വര്‍ഷങ്ങള്‍ക്കു മുമ്പാണ്… പ്രസിദ്ധമായ ചെറായി തലപ്പൊമത്സരം. കൊമ്പരിലെ വമ്പന്മാര്‍ മാറ്റുരച്ച് വിശ്വചരിത്രം രചിക്കുന്ന പൂരങ്ങളിലൊന്ന്. കാല്‍ചുവട്ടില്‍ ലോകം മുഴുവനും ആവാഹിച്ച് അമരം ഉറച്ചൂന്നി ഏറ്റവും കൂടുതല്‍ സമയം എതിരാളികളുടെ ശിരസിനു മീതെ പിടിച്ച് നിലവുനിന്നാല്‍ അവന്‍ വിജയിക്കും. അളവിനല്ലാതെ നിലവിനു മാറ്റു കൂട്ടുന്ന മത്സരം.

പട്ടാമ്പി നാരായണന്‍റെ (കണ്ടംമ്പുള്ളി ബാലനാരായണന്‍) ഏകാധിപത്യം വിളയാടുന്നതിനു വിലക്കായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മനിശ്ശേരി കര്‍ണ്ണനും പട്ടത്ത് ശ്രീകൃഷ്ണനും സൂര്യനുമെല്ലാം കളം നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന കാലം. ഉയരക്കേമത്തവും ചങ്കൂറ്റവും ഒത്തുചേര്‍ന്ന ജന്മമായ നാരായണന്‍ എവിടേയും പേരെടുത്തും…. എവിടയോ ഒരു രാജപധവി ഒളിഞ്ഞുകിടപ്പുണ്ടെന്ന രാമചന്ദ്രന്‍റെ ഭാവിയിലേക്കുള്ള പട്ടങ്ങള്‍ അണിഞ്ഞുകൊണ്ടിരിക്കുന്നതിനൊപ്പം ആരുടെ മുന്നിലും അടിപതറാതെ ഒറ്റനിലവെന്ന ആയുധത്തെ ,മുന്‍നിര്‍ത്തി കര്‍ണ്ണന്‍ ജയങ്ങള്‍ വരിച്ചുകൊണ്ടിരിക്കുന്ന കാലം.

ആ സമയം മറ്റൊരു സംഭവം എന്ന് പറയുന്നത്‌ പാലക്കാട്ടെ ഒരു പൂരം കഴിഞ്ഞ്‌
വരുന്ന വഴി. ആനകൾ വരിവരിയായി
വരുന്ന സമയത്ത്‌ പുറത്തിരിക്കുന്നവരിൽ ചിലർ പാട്ടു
പാടുകയും പരസ്പരം തമാശ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിന്റെയൊപ്പം വേലായുധെട്ടന്റെ കഥകൾ വേറെ.
പെട്ടെന്ന് തെച്ചിക്കോടൻ പ്രത്യേകിച്ച്‌
പ്രകോപനം ഒന്നും കൂടാതെ കർണ്ണനെ കേറി കുത്താൻ
മുതിർന്നു. ആനകൾക്കിടയിൽ കടുവ ചാടി വീണു. മിന്നൽ വേഗത്തിലായിരുന്നു കടുവയുടെ
ഇടപെടൽ, കണ്ടു നിന്നവർക്ക്‌ പോലും മനസ്സിലായില്ല
എന്താ സംഭവിച്ചതെന്ന് എന്തായാലും വലിയ ഒരു ആപത്തിൽ നിന്നും
കടുവ കർണ്ണനെ രക്ഷിക്കുകയായിരുന്നു…..
അവിടെ അന്ന് കടുവ രക്ഷപ്പെടുത്തിയത്
കര്‍ണ്ണനെ മാത്രം ആയിരുന്നില്ല
രാമനെ ചീത്തപേരാകുമായിരുന്ന
ഒരു ഘട്ടത്തില്‍
നിന്നും കൂടിയാണ്……

മറ്റൊരു വാശിയേറിയ മല്‍സരം നടക്കുന്നത് ചേറായിയില്‍ ആണ്… അന്ന് ചെറായിയില്‍ തലപ്പൊക്ക മത്സരത്തിന് പതിവില്‍ കവിഞ്ഞ് ആളുകളുണ്ട്…. ആയിരങ്ങളായ ആനപ്രേമികളുടെ ആകാംഷ അതിരുകവിയും തരത്തിലാണ്…
കാരണം വേറൊന്നുമല്ല…
പട്ടാമ്പി നാരായണനെ തോല്‍പ്പിച്ച രണ്ടേ രണ്ടുപേര്‍….
അവര്‍ തമ്മിലുള്ള മത്സരം നടക്കാന്‍ പോകുന്നൂ… തെച്ചിക്കോട്ടുകാവിലെ രാമനും മനിശ്ശേരിയിലെ കര്‍ണ്ണനും…!
അളവില്‍ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്…..
കൂടുതല്‍ രാമനാണ്…! ഇവരുടെ ആദ്യ മത്സരം ഏറെ വിവാദമായിരുന്നൂ… രണ്ടാളും മത്സരിക്കുന്നതിനിടക്ക് ഒപ്പത്തിനൊപ്പം പിടിച്ചുകൊണ്ടിരിക്കുമ്പോള്‍
രാമചന്ദ്രന്‍ മുന്‍കാലുകളുടെ വരയില്‍നിന്നും മുന്നിലേക്ക്
നീങ്ങുകയും….
ചട്ടക്കാര്‍ പിന്നിലേക്കു നീങ്ങാന്‍ പറഞ്ഞപ്പോള്‍ തല താഴ്ത്തിക്കൊണ്ട് പിന്നിലേക്കു
നീങ്ങി എന്നിട്ടു പിടിച്ചൂ….. പക്ഷേ 7മിനിട്ടോളം രണ്ടുപേരും ഒറ്റനിലവില്‍ മത്സരിച്ചെങ്കിലും
ഇടയില്‍ താഴ്ത്തിയെന്ന കാരണത്താല്‍ കര്‍ണ്ണനെ വിജയിയായി
പ്രഖ്യാപിച്ചൂ…..

വീണ്ടും മത്സരച്ചൂടില്‍ തെച്ചിയും തുളസിയും ചേര്‍ന്ന ഉണ്ടമാല
ചാര്‍ത്തി നെറ്റിപ്പട്ടവും കാല്‍മണിയും പള്ളമണിയും
കഴുത്തില്‍ മണികളും അണിഞ്ഞ് രാമന്‍ നിന്നൂ… ചെണ്ടുമല്ലിയില്‍ വാടാര്‍മല്ലി നിറച്ചു കെട്ടിയ ഉണ്ടമാലയും ആഭരണങ്ങളുമണിഞ്ഞ് കര്‍ണ്ണനും നിന്നൂ…!
രണ്ടു കടലുകള്‍ മത്സരിച്ചാല്‍ എങ്ങിനെയിരിക്കും
അതു തന്നെ ആവര്‍ത്തിച്ചൂ… പള്ളിമണി മുഴങ്ങി മത്സരം ആരംഭിച്ചൂ…!

മുറിവേറ്റ മൃഗം വേട്ടക്കാരന്‍റെ ഒളിയമ്പിനുപോലും കവച്ചുവെക്കുന്ന കൗശലവുമായി രാമന്‍ നിലവു നിന്നൂ… വിജയത്തിന്‍റെ പൊന്‍ധ്വജത്തിന്‍ തേരിലേറിയ ആത്മദൈര്യത്തിന്‍റെ മൂര്‍ത്തീഭാവവുമായി കര്‍ണ്ണനും നിലവു നിന്നൂ…!

ആനപ്രേമികളുടെ ആവേശം അണപൊട്ടി… കരഘോഷങ്ങളും ആര്‍പ്പുവിളികളും ചെറായിയെ യുദ്ധക്കളത്തിനു സമമാക്കി…..
അമരങ്ങള്‍ ഉറച്ചൂന്നി ഭൂമിയില്‍ താഴും തരത്തിലുള്ള
മത്സരം…..
ശിരസു മുകളില്‍ രാമന്‍റെയാണ്…
രാമന്‍ അനക്കി പൊക്കും തോറും ശിരസു ഉയര്‍ന്നുകൊണ്ടിരുന്നൂ…! കര്‍ണ്ണന്‍ തലയനക്കാതെ ചെവികള്‍ വീശാതെ നിലവില്‍
ഒറ്റ നില്‍പ്പ്….!
ഏകദേശം അഞ്ചു മിനുട്ട് പിന്നിട്ടപ്പോള്‍ കര്‍ണ്ണന്‍ ഒരല്‍പ്പം താഴ്ത്തി വീണ്ടും പൊക്കി….
പക്ഷേ പിന്നെയും താഴ്ത്തി….. രാമനാണെങ്കില്‍ തോല്‍വി എന്താണെന്നറിയരുതെന്നുള്ള
വാശിയിലുള്ള പിടുത്തവും…..
ആറാം മിനുട്ട് അവസാനിക്കുമ്പോഴേക്കും കര്‍ണ്ണന്‍ പൂര്‍ണ്ണമായും താഴ്ത്തിയിരുന്നൂ…! വീണ്ടുമുയര്‍ത്തിയെങ്കിലും തഴ്ന്നൂ…..
പക്ഷേ അന്ന് ഒമ്പത് മിനിട്ട് താഴ്ത്താതെ കര്‍ണ്ണനു മുകളില്‍
ഒറ്റനിലവുനിന്ന് രാമന്‍ വിജയകാഹളം മുഴക്കി….. ആര്‍പ്പുവിളികള്‍ ഉയര്‍ന്നുപൊങ്ങി.
രാമന്‍റെ രാജപധവി അവിടെ ആരംഭിച്ചപ്പോള്‍ കര്‍ണ്ണന്‍റെ
ചരിത്രത്തിലെ ഏറ്റവുംവലിയ തോല്‍വി അവിടെ രചിക്കപ്പെട്ടൂ…!

പിന്നീടുണ്ടായ പല മത്സരങ്ങളിലെയും വിജയങ്ങള്‍ രാമനു സ്വന്തമായപ്പോള്‍ ഒരു വിലക്കെന്നോണം സ്വരങ്ങളുയര്‍ന്നൂ… രാമനെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കരുത്….. കാരണം അവനുണ്ടെങ്കില്‍ മത്സരത്തിന്‍റെ ആവശ്യമില്ലാതായിരിക്കുന്നു…! ഒരുപക്ഷേ അതായിരിക്കും ഏറ്റവും വലിയ അംഗീകാരം…!
രാമന്ന് ഇന്നോളം ഒരു എതിരാളിയെ ഉണ്ടായിട്ടുള്ളു നിലവിന്‍റെ തമ്പുരാന്‍
സൂര്യപുത്യന്‍ കര്‍ണ്ണന്‍…..
വിലക്കുകള്‍ ഒരുപാട് പൂട്ടാന്‍
നോക്കിയിട്ടും തിരിച്ച്
വിലക്കുകളെ പൊട്ടിച്ചെറിഞ്ഞ്
വന്നിട്ടുണ്ടെങ്കില്‍ അവന്‍റെ പേര്
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്നാവും…..
ചങ്കുറപ്പു ആനകളിലെ ഇരട്ട ചങ്കന്‍
ആണ്‍കുട്ടിക്ക് സര്‍വേശ്വരന്‍ ആരോഗ്യവും ആയുസ്സും കൊടുക്കട്ടേ
എന്ന പ്രാര്‍ത്ഥനയോടെ……