കൊട്ടാരക്കര ചന്ദ്രശേഖരൻ | ഭാഗം 1

ധർമ്മരാജാവു് എന്നുള്ള പ്രസിദ്ധിയോടുകൂടി കൊല്ലം 933-ആം ആണ്ടു മുതൽ 973-ആം ആണ്ടു വരെ തിരുവിതാംകൂർ രാജ്യം വാണിരുന്ന കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു് തിരുമനസ്സിലെ കാലത്തു തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങൾ കൂടിച്ചേരുന്ന അതിർത്തിസ്ഥലത്തുള്ള ഒരു മലയിൽ കൊച്ചി സർക്കാരിൽനിന്നു് ഒരിക്കൽ തീർപ്പിച്ച (കുഴപ്പിച്ച) ഒരാനക്കുഴി തിരുവിതാംകൂറിലേക്കു സ്വൽപം കടത്തിയിരുന്നു. ഈ വിവരം മഹാരാജാവു തിരുമനസ്സുകൊണ്ടു് ഉടനെ അറിഞ്ഞുവെങ്കിലും കൽപിച്ചു് ഒന്നും ചെയ്തില്ല. അക്കാലത്തു് അതിർത്തി തിരിച്ചു് എലുകക്കല്ലുകളിടുകയും മറ്റും ചെയ്തിരുന്നില്ല. ആദായങ്ങളെടുക്കുന്നതു് അപ്പോഴത്തെത്തരംപോലെയും അവരവരുടെ സാമർത്ഥ്യംപോലെയുമായിരുന്നു അക്കാലത്തു നടന്നിരുന്നതു്. അതിനാൽ കുഴിയിൽ ആന വീഴുമ്പോൾ അതിനേക്കുറിച്ചു് ആലോചിച്ചാൽ മതിയല്ലോ എന്നായിരുന്നു തിരുമനസ്സിലെ വിചാരം. എന്നു മാത്രമല്ല, അന്നു കൊച്ചി രാജ്യം വാണിരുന്നതു് പ്രസിദ്ധനായ ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടുമായിരുന്നു. ആ തിരുമനസ്സുകൊണ്ടും മഹാരാജാവു തിരുമനസ്സുകൊണ്ടും പരസ്പരം ഏറ്റവും സ്നേഹമായിട്ടാണു് ഇരുന്നിരുന്നതു്. അതിനാൽ തൽക്കാലം വഴക്കുണ്ടാക്കി ശക്തൻതിരുമേനിയെ മുഷിപ്പിക്കേണ്ട എന്നുള്ള വിചാരവും മഹാരാജാവു തിരുമനസ്സിലേക്കുണ്ടായിരുന്നു. അതുകൊണ്ടുംകൂടിയാണു് ഈ കുഴിയെടുപ്പിച്ചതിനെക്കുറിച്ചു മഹാരാജാവു തിരുമനസ്സുകൊണ്ടു് ഒന്നും മിണ്ടാതെ മൗനത്തെ അവലംബിച്ചതു്.

അതൊക്കെ എങ്ങനെയായാലും ആ കുഴി തീർത്തതു നല്ല സ്ഥലത്തും നല്ല സമയത്തുമായിരുന്നു എന്നുള്ളതിനു സംശയമില്ല. അതു തീർന്നിട്ടു് അധികം താമസിയാതെതന്നെ അതിൽ ഒരു കൂട്ടിക്കൊമ്പൻ വീണു. ആ ആനക്കുട്ടി സർവ്വശുഭലക്ഷണങ്ങളും തികഞ്ഞതായിരുന്നു. ഉടലിന്റെ പുഷ്ടിയും ഭംഗിയും ഇത്രയുമുള്ള ഒരാനക്കുട്ടിയെ അതിനുമുമ്പു് ആരും കണ്ടിട്ടില്ലായിരുന്നു. ഈ വർത്തമാനം കേട്ടു് ആ കുട്ടിക്കൊമ്പനെ കുഴിയിൽനിന്നു കയറ്റിക്കുന്നതിനു ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടും കുഴിസ്ഥലത്തെഴുന്നള്ളി. കൊച്ചിരാജ്യത്തുള്ള താപ്പാനകളെക്കൊണ്ടു് ഈ കുട്ടിക്കൊമ്പനെ കുഴിയിൽനിന്നു കയറ്റുവാൻ മതിയാവുകയില്ലെന്നു തിരുമനസ്സിൽ തോന്നുകയാൽ തിരുവിതാംകൂർ സർക്കാർ വകയായി അതിർത്തിസ്ഥലത്തു നിന്നിരുന്ന ഒരു താപ്പാനയെക്കൂടെ അവിടെ വരുത്തി. യാതൊരു തരക്കേടും കൂടാതെ ആ ആനക്കുട്ടിയെ കരയ്ക്കു കയറ്റി. ആ ആനക്കുട്ടിയെ കുഴിയിൽ നിന്നു കയറ്റിക്കണ്ടസമയം ശക്തൻതിരുമനസ്സിലേക്കുണ്ടായ സന്തോഷവും വിസ്മയവും സീമാതീതങ്ങളായിരുന്നു. അതിർത്തിസ്ഥലത്തു കൊച്ചി സർക്കാർ വകയായിട്ടുണ്ടായിരുന്ന ആനക്കൂട്ടിൽ ഈ ആനയെ ആക്കിക്കുകയും ആ കുട്ടിക്കൊമ്പനെ ഇടംവലം മുതലായവ പഠിപ്പിച്ചു പഴക്കുകയും പ്രത്യേകം സൂക്ഷിക്കുകയും ചെയ്യുന്നതിനു വേണ്ടതെല്ലാം കൽപിച്ചു ചട്ടംകെട്ടുകയും ചെയ്തതിന്റെ ശേഷമേ തിരുമനസ്സു കൊണ്ടു് അവിടെ നിന്നു തൃപ്പൂണിത്തുറയ്ക്കു തിരിയെ എഴുന്നള്ളിയുള്ളൂ. ഈ ആനക്കുട്ടിയെ കൂട്ടിലാക്കിയതിന്റെശേഷം ശക്തൻ തിരുമനസ്സുകൊണ്ടു താരിവിതാംകൂറിൽനിന്നു വരുത്തിയ താപ്പാനയുടെ ആനക്കാരനോടു് “എന്തെടാ കുട്ടിയാന കേമനല്ലേ” എന്നു കൽപ്പിച്ചു ചോദിച്ചു. അതിനു മറുപടിയായി ആനക്കാരൻ “റാൻ, അടിയന്റെ ആന, തിരുമനസ്സിലെ ആന, ഒന്നാന്തരമാന, പൊന്നുതമ്പുരാന്റെ ആന” എന്നു തിരുമനസ്സറിയിച്ചു. അപ്പോൾ ശക്തൻ തിരുമനസ്സുകൊണ്ടു്, “പോ മടയാ! നിന്റെ ആനയേയുംകൊണ്ടു പൊയ്ക്കോ” എന്നു കൽപിക്കുകയും ആ ആനക്കാരനു രണ്ടു മുണ്ടു കൽപിച്ചു കൊടുക്കകയും ചെയ്തു. ആനക്കാരൻ മുണ്ടു വാങ്ങി തൊഴുതിട്ടു് അപ്പോൾത്തന്നെ ആ താപ്പാനയേയുംകൊണ്ടു് മടങ്ങിപ്പോരികയും ചെയ്തു.

ഈ താപ്പാന കൊച്ചിരാജ്യത്തുള്ള ഒരാനക്കുഴിയിൽ വീണതും തിരുവിതാംകൂർ സർക്കാരുദ്യോഗസ്ഥന്മാർ ഉപായത്തിൽ അവിടെനിന്നു കയറ്റിക്കൊണ്ടുവന്നു പഴക്കി തിരുവിതാംകൂർ സർക്കാർവക ആക്കീത്തീർത്തതുമായിരുന്നു. ആനക്കാരൻ ശക്തൻതിരുമനസ്സിലെ അടുക്കൽ “അടിയന്റെ ആന, തിരുമനസ്സിലെ ആന” എന്നറിയച്ചതിന്റെ അർത്ഥം ഇതായിരുന്നു. പിന്നെ “ഒന്നാന്തരമാന, പൊന്നു തമ്പുരാന്റെ ആന” എന്നറിയച്ചതിന്റെ അർത്ഥം ഇപ്പോൾ കുഴിയിൽവീണുകിട്ടിയ ആന ഒന്നാംതരമാണെന്നും അതിനെ ഏതുവിധവും പൊന്നുതമ്പുരാൻ (തിരുവിതാംകൂർ മഹാരാജാവു) കൈവശപ്പെടുത്തുമെന്നുമായിരുന്നു.

ഈ സംഗതികളെല്ലാം രണ്ടുദിവസം കഴിഞ്ഞപ്പോൾ മഹാരാജാവു തിരുമനസ്സു കൊണ്ടു തന്റെ ചാരന്മാർ മുഖാന്തരമറിയുകയും ശക്തൻ തിരുമനസ്സിലെ അടുക്കൽ ഉചിതമായ മറുപടി അറിയിച്ച ആനക്കാരനു പ്രതിമാസം പതിനഞ്ചുപണം കൂടി ശമ്പളം കൂട്ടിക്കൊടുക്കുന്നതിനു കൽപിച്ചു ചട്ടം കെട്ടുകയും ചില സമ്മാനങ്ങൾ കൽപിച്ചു് അയച്ചു കൊടുക്കുകയും ചെയ്തു.

ആനക്കുട്ടിയുടെ യോഗ്യതകളെക്കുറിച്ചു കേട്ടപ്പോൾ അതിനെ ഏതുവിധവും കൈവശപ്പെടുത്തണമെന്നു മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപിച്ചു നിശ്ചയിച്ചു. അതിനുള്ള കൗശലം ആലോചിച്ചു നിശ്ചയിക്കുന്നതിനായി ദിവാൻജിയെ തിരുമുമ്പാകെ വരുത്തി, “നമ്മുടെ രാജ്യത്തിന്റെ അതിർത്തിക്കകത്തു കടന്നു കൊച്ചിക്കാർ ഒരാനക്കുഴി തീർക്കുകയും അതിൽ ഒരു കൊമ്പൻകുട്ടി വീഴുകയും അതിനെ അവർ കയറ്റിക്കൊണ്ടുപോയി കൊച്ചി സർക്കാർ വക ആനക്കൂട്ടിലാക്കി അടയ്ക്കുകയും ചെയ്ത കഥ കേശവൻ അറിഞ്ഞുവോ?” എന്നു കൽപിച്ചു ചോദിച്ചു.

ദിവാൻ
റാൻ, അടിയൻ അറിഞ്ഞു. ഇന്നലെ കൊട്ടാരക്കരെ വെച്ചാണു്, അടിയൻ ഈ സംഗതി അറിഞ്ഞതു്.
മഹാരാജാവു്
ആ കുട്ടിക്കൊമ്പൻ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരൊന്നാന്തരം ആനയാണെന്നാണു കേട്ടതു്. അതിനെ അവർ കൈവശപ്പെടുത്തിയതിനെക്കുറിച്ചു നമുക്കു സാമാന്യത്തിലധികം കുണ്ഠിതമുണ്ടു്. അതിനെ ഏതു വിധവും നമുക്കു കൈവശപ്പെടുത്തണം. അതിനെന്താ കൗശലം?
ദിവാൻ
അതിനെക്കുറിച്ചു തിരുമനസ്സിൽ ഒട്ടും കുണ്ഠിതം വേണ്ട. ആ ആന താമസിയാതെ ഇവിടെ വന്നുചേരും.
മഹാ
അതെങ്ങനെ?
ദിവാൻ
അടിയൻ ഈ വർത്തമാനമിഞ്ഞ ക്ഷണത്തിൽ ആനയെ കൈവശപ്പെടുത്തി കൊണ്ടുവരുന്നതിനായി കുഞ്ചിക്കുട്ടിയെ അങ്ങോട്ടയച്ചിട്ടുണ്ടു്. സഹായത്തിനായി വൈക്കം പത്മനാഭപിള്ളയെയും കുതിരപ്പക്ഷിയെയുംകൂടി പിന്നാലെ വിടകൊണ്ടയച്ചിട്ടാണു് അടിയൻ ഇങ്ങോട്ടു വിടകൊണ്ടു പോന്നതു്.
മഹാ
കുഞ്ചിക്കുട്ടിക്കു് ഇപ്പോഴത്തെ പെരുമ്പടത്തിൽ മൂപ്പിലോക്കുറിച്ചു് അറിയാമോ എന്തോ? അദ്ദേഹത്തിന്റെ ‘ശക്തൻ’ എന്നുള്ള പേരു യഥാർത്ഥമായിട്ടുള്ളതാണു്. അദ്ദേഹം നരസിംഹത്തിന്റെ അവതാരമാണെന്നാണു ജനങ്ങൾ പറയുന്നതു്.
ദിവാൻ
അതൊക്കെ ശരിതന്നെ എങ്കിലും കുഞ്ചിക്കുട്ടി ഒരു കാര്യത്തിനായിപ്പോയാൽ അതു സാധിക്കാതെ മടങ്ങിപ്പോരുന്ന ആളല്ലെന്നാണു് അടിയന്റെ വിശ്വാസം. കുഞ്ചിക്കുട്ടി തേവലശ്ശേരി നമ്പിയുടെ ശിഷ്യനായതുകൊണ്ടു്, ആനയെ അല്ല, സിംഹത്തെത്തന്നെയും സ്വാധീനപ്പെടുത്തിക്കൊണ്ടു പോരുന്നതിനു് അയാൾക്കു് ഒരു പ്രയാസവുമില്ല. എന്നു മാത്രമല്ല, അയാൾ ചെങ്ങന്നൂർ ചെന്നു നമ്പിയെക്കണ്ടിട്ടല്ലാതെ കൊച്ചിയിലേക്കു വിടകൊള്ളുകയില്ല. പിന്നെ സഹായത്തിനു വിട കൊണ്ടിട്ടുള്ളവരും സാമാന്യക്കാരല്ലല്ലോ.
മഹാ
അതൊക്കെ ശരിയാണു്. കുഞ്ചിക്കുട്ടി പോയാൽ കാര്യം സാധിക്കാതെയിരിക്കുകയില്ലെന്നുതന്നെയാണു നമുക്കും തോന്നുന്നതു്.
ഈ സംഭാഷണം കഴിഞ്ഞതിന്റെ ശേഷം ദിവാൻജി തിരുമുമ്പിൽനിന്നു മടങ്ങിപ്പോയി, അന്നത്തെ തിരുവിതാംകൂർ ദിവാൻജി കേശവപിള്ള (കേശവദാസു്) ആയിരുന്നു എന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.

ദിവാൻജിയുടെ ഉത്തരവു കിട്ടിയ ഉടനെ പുറപ്പെട്ടു കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ചെങ്ങന്നൂരെത്തി തേവലശ്ശേരി നമ്പിയെക്കണ്ടു വന്ദിച്ചു് അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിക്കൊണ്ടു് അന്നുതന്നെ അവിടെനിന്നു മടങ്ങിപ്പോരികയും അടുത്തദിവസം വൈകുന്നേരമായപ്പോഴേയ്ക്കും ആലങ്ങോട്ടുള്ള സ്വഗൃഹത്തിലെത്തുകയും ചെയ്തു. അപ്പോഴേക്കും വൈക്കം പത്മനാഭപിള്ളയും കുതിരപ്പക്ഷിയും അവിടെ ചെന്നുചേർന്നു. പിന്നെ അവർ മൂന്നുപേരുംകൂടി പിന്നീടു വേണ്ടുന്ന കാര്യങ്ങളെക്കുറിച്ചു് ആലോചിച്ചു് നിശ്ചയിക്കുകയും കുഞ്ചിക്കുട്ടിപ്പിള്ള പിന്നാലെ എത്തിക്കൊള്ളാമെന്നു പറഞ്ഞു മറ്റവരെ രണ്ടുപേരെയും ഊണു കഴിപ്പിച്ചു് അപ്പോൾത്തന്നെ അവിടെനിന്നു പറഞ്ഞയയ്ക്കുകയും ചെയ്തു.

പത്മനാഭപിള്ളയും കുതിരപ്പക്ഷിയും രണ്ടു വഴിപോക്കരുടെ വേഷത്തിലാണു പുറപ്പെട്ടതു്. അവർ ആലങ്ങാട്ടുനിന്നു പിറപ്പെട്ടതിന്റെ പിറ്റേദിവസംതന്നെ കൊച്ചി സർക്കാർവക ആനക്കൂടിന്റെ സമീപത്തെത്തി. ആനക്കൂടിന്റെ തണലത്തിരുന്നു് ഒന്നു മുറുക്കിയതിന്റെ ശേഷം കൂട്ടിൽ നിന്നിരുന്ന ആനകളെ നോക്കി പത്മനാഭപിള്ള ആനകളുടെ ലക്ഷണങ്ങളെക്കുറിച്ചു ചില ശ്ളോകങ്ങൾ ചൊല്ലുകയും അവയുടെ അർത്ഥം കുതിരപ്പക്ഷിയെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്തുതുടങ്ങി. പത്മനാഭപിള്ള ആനകളുടെ ലക്ഷണങ്ങളും മറ്റും പറയുന്ന ‘മാതംഗലീല’ മുതലായ അനേകം ശാസ്ത്രഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ടായിരുന്നതിനാൽ ആ വക ഗ്രന്ഥങ്ങളിലുള്ള ചില ശ്ളോകങ്ങൾ ചൊല്ലിയാണു് കുതിരപ്പക്ഷിയോടു് അർത്ഥം പറഞ്ഞതു്. ഇതു കേട്ടപ്പോൾ അവിടെയുണ്ടയിരുന്ന ആനക്കാരെല്ലാം ഇവരുടെ അടുക്കൽ ചെന്നുകൂടി. ആനകളുടെ ലക്ഷണങ്ങളും മറ്റും പറയുന്നതു കേൾക്കാൻ ആനക്കാർക്കു് അഭിരുചിയുണ്ടാകുന്നതു സ്വാഭാവികമാണല്ലോ. ആ ആനക്കാരിൽ ചിലർ മാതംഗലീലയും മറ്റും കുറേശ്ശെ പഠിച്ചിട്ടുള്ളവരുമായിരുന്നു. അവരിൽ ചിലർ പത്മനാഭപിള്ളയോടു ചില സംശയങ്ങൾ ചോദിക്കുകയും അവയ്ക്കെല്ലാം പത്മനാഭപിള്ള ശരിയായ സമാധാനങ്ങൾ പറഞ്ഞു് അവരെ സമ്മതിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ആ ആനക്കാർക്കു പത്മനാഭപിള്ളയെക്കുറിച്ചു വളരെ ബഹുമാനമുണ്ടായിത്തീർന്നു. ഉടനെ ആ ആനക്കാർ വഴിപോക്കരോടു്, “നിങ്ങൾ എവിടത്തുകാരാണു്? എവിടെപ്പോയി വരുന്നു?” എന്നും മറ്റും ചോദിച്ചു: അതിനു മറുപടിയായി വഴിപോക്കർ, “ഞങ്ങളുടെ ദിക്കു കുറച്ചു തെക്കാണു്. ഞങ്ങളുടെ ദിക്കിലുള്ള ഒരു വലിയ പ്രഭുവിനു് ഒരു ആനയെ വാങ്ങിയാൽ കൊള്ളാമെന്നുണ്ടു്. അതിനായിട്ടു ഞങ്ങൾ അന്വേഷിച്ചു പുറപ്പെട്ടിരിക്കുകയാണു്” എന്നു പറഞ്ഞു.

ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്ന സമയം ഏറ്റവും പ്രാകൃതവേഷക്കാരനായ ഒരു പട്ടണി അവിടെച്ചെന്നു് “യശമാനന്മാരേ, ഒന്നു തിന്നാൻ പൊഹല തരാമോ?” എന്നു ചോദിച്ചു. അതുകേട്ടു വഴിപോക്കരിൽ ഒരാൾ (പത്മനാഭപിള്ള) “ഇതു പുകയിലക്കച്ചവടസ്ഥലമല്ല; ഇതു് ആനക്കൂടാണു്. ഇവിടെ പുകയിലയില്ല. ഒരാനയെ വേണമെങ്കിൽത്തരാം” എന്നു നേരമ്പോക്കുരീതിയിൽ പറഞ്ഞു. ഉടനെ പട്ടാണി, “എന്നാൽ ആനയായാലുംമതി” എന്നു പറഞ്ഞു. അപ്പോൾ വഴിപോക്കൻ ആനക്കാരന്മാരോടു്, “നമുക്കു് ഇയ്യാളെ ഒരാനപ്പുറത്തൊന്നു കേറ്റണം” എന്നു പറഞ്ഞു. “അങ്ങനെ തന്നെ” എന്നു് ആനക്കാർ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മറ്റേ വഴിപോക്കൻ (കുതിരപ്പക്ഷി) “ഞങ്ങൾ ഇവിടെ അടുത്തൊരു സ്ഥലത്തു പോയി ക്ഷണത്തിൽ മടങ്ങിവരാം. എന്നിട്ടാവാം. ആനപ്പുറത്തു കേറ്റുകയും മറ്റും. നേരം അസ്തമിക്കാറായി” എന്നു പറഞ്ഞിട്ടു് ആനക്കാരെയെല്ലാം വിളിച്ചുകൊണ്ടു പോയി. അടുത്തുണ്ടായിരുന്ന ഒരു മദ്യശാലിയിൽക്കയറി മദ്യം വാങ്ങിക്കൊടുത്തു് ആനക്കാരെയെല്ലാം മൂക്കോളം കുടിപ്പിച്ചു. ആ വഴിപോക്കൻ കുടിച്ചുമില്ല. ഉടനെ അവർ മടങ്ങി ആനക്കൂട്ടിൽവന്നു. ഉടനെ ആനക്കാർ, “ഏതാനയുടെ പുറത്താണു് കേറേണ്ടതു്?” എന്നു പട്ടാണിയോടു ചോദിച്ചു. പട്ടാണി, “ഇതിന്റെ പുറത്തു്” എന്നുപറഞ്ഞു് ആ പുതിയ കുട്ടിക്കൊമ്പനെ തൊട്ടുകാണിച്ചു. പട്ടാണി തൊട്ടയുടനെ ആ ആനക്കുട്ടി പട്ടാണിയെക്കുത്താനായിത്തിരിഞ്ഞുനിന്നു. അപ്പോൾ ആനക്കാർ “എടോ മാറി നിൽക്കൂ‍! ഇതു് ഉപ്പാപ്പനും മറ്റുമല്ല, ആനക്കുട്ടിയാണു്. അവനെ കുഴിയിൽനിന്നു കേറ്റി കൂട്ടിലാക്കീട്ടു നാലഞ്ചുദിവസമേ ആയുള്ളു. ഒട്ടും പഴകീട്ടുമില്ല. അവൻ മഹാവിഷമക്കാരനാണു്. മിനിഞ്ഞാന്നു് ഒരാനക്കാരന്റേയും ഇന്നലെ ഈ കൂട്ടിൽ കിടന്നിരുന്ന ഒരാനുയുടെയും കഥ ഇവൻ കഴിച്ചു” എന്നു പറഞ്ഞു. അതുകേട്ടു് ഒരു വഴിപോക്കൻ, “എങ്കിലും അയാൾക്കു് അതിന്റെ പുറത്തു കയറാനാണു് ആഗ്രഹമെങ്കിൽ നമുക്കതു സാധിപ്പിക്കണമല്ലോ. ചാകാതെയിരിക്കാൻ സൂക്ഷിക്കേണ്ടതു് അയാളുടെ ചുമതലയാണു്” എന്നു പറഞ്ഞു. ഉടനെ ആനക്കാർ, “എന്നാലങ്ങനെയാവാം” എന്നു പറഞ്ഞു് ആ കുട്ടിയാനയെ രണ്ടു വടങ്ങളിട്ടു കെട്ടി, രണ്ടു താപ്പാനകളെ രണ്ടുവശത്തും നിറുത്തി പിടിച്ചു കൂട്ടിനു വെളിയിലിറക്കി. ഉടനെ ഒരു വഴിപോക്കൻ (പത്മനാഭപിള്ള) അടുത്തുചെന്നു് ആ കുട്ടിക്കൊമ്പനെ ഒന്നു തടവുകയും പുറത്തു കയറിക്കൊള്ളുന്നതിനു പട്ടാണിയോടു പറയുകയും ചെയ്തു. “മരിക്കാൻ മനസ്സും ധൈര്യവുമുണ്ടെങ്കിൽ കേറിക്കൊള്ളൂ” എന്നു് ആനക്കാരും സമ്മതിച്ചു. ഇതു കേട്ട ക്ഷണത്തിൽ പട്ടാണി ഒരു ചാട്ടത്തിനു് ആനപ്പുറത്തു കയറിക്കഴിഞ്ഞു. ഇതു കണ്ടപ്പോൾ ആനക്കാർ, “ഇതെന്തൊരത്ഭുതമാണു്? ആന മടക്കാതെ ഒരു ചാട്ടത്തിനു് ആനപ്പുറത്തു കയറിയ ഇവനാരാണു്? ആരായാലും സാമാന്യക്കാരനല്ല, നിശ്ചയും തന്നെ” എന്നും മറ്റും വിചാരിച്ചു് അന്ധാളിച്ചു നിന്നുപോയി. പട്ടാണി തന്റെ അരവാളൂരി ആനനയുടെ രണ്ടുവശങ്ങളിലുണ്ടായിരുന്ന വടങ്ങൾ വെട്ടിമുറിച്ചു കളഞ്ഞു. ആ സമയം പാന്ഥവേഷധാരിയായിരുന്ന പത്മനാഭപിള്ള വടം പിടിച്ചിരുന്ന താപ്പാനകൾക്കു് ഓരോ അടിവെച്ചുകൊടുത്തു. അടികൊണ്ട മാത്രയിൽ ആ ആനകൾ ഉറക്കെ നിലവിളിച്ചുകൊണ്ടു് ഓടി കാടുകേറി. വടങ്ങൾ വെട്ടിമുറിച്ചു കഴിഞ്ഞപ്പോൾ ആ കുട്ടിക്കൊമ്പൻ നടന്നുതുടങ്ങി. പിന്നാലെ വല്ലവരും വന്നെങ്കിൽ കാണണമെന്നും വിചാരിച്ചു പട്ടാണി ആനയെ തിരിച്ചു പിമ്പോട്ടു നടത്തിയാണു് കൊണ്ടുപോയതു്. അങ്ങനെ അതിർത്തികടന്നു് ഏകദേശം ഒന്നരനാഴിക ദൂരത്തായിതിന്റെ ശേഷം പട്ടാണി ആനയെ മുമ്പോട്ടുതന്നെ നടത്തിക്കൊണ്ടുപോയി. പട്ടാണിവേഷം ധരിച്ചു വന്ന ഈ മനുഷ്യൻ കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാരാണെന്നു പറയാതെ തന്നെ വായനക്കാർ ഊഹിച്ചറിഞ്ഞിരിക്കുമല്ലോ.

ഏകദേശം പത്തുനാഴിക ഇരുട്ടിയപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ള ആനയേയുംകൊണ്ടു് ആലങ്ങാട്ടു സ്വഗൃഹത്തിലെത്തി. അപ്പോഴേക്കും പത്മനാഭപിള്ളയും കുതിരപ്പക്ഷിയും അവിടെ വന്നുചേർന്നു. ഉടനെ അവർ അത്താഴം കഴിക്കുകയും ആനയ്ക്കു തീറ്റയും വെള്ളവും കൊടുക്കുകുയം ചെയ്തതിന്റെ ശേഷം മൂന്നു പേരുംകൂടി ആനയെയും കൊണ്ടു് അപ്പോൾതന്നെ പുറപ്പെട്ടു. ഈ ആനക്കുട്ടിയെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പാകെ കൊണ്ടുചെന്നു കാണിക്കാനുള്ള ധൃതിയും അത്യുത്സാഹവും നിമിത്തം അവർ ആലങ്ങാട്ടുനിന്നു പുറപ്പെട്ടിട്ടു് രണ്ടു ദിവസംകൊണ്ടു് കൊട്ടാരക്കരയെത്തി. അനന്തരം ആ മഹാന്മാർ മൂന്നുപേരും പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ആനയെ അവിടെനിന്നു് ഒരടിപോലും നടത്താൻ സാധിച്ചില്ല. ആനയെ തിരുവനന്തപുരത്തു തിരുമുമ്പാകെ കൊണ്ടുചെന്നു കാണിച്ചെങ്കിലല്ലാതെ തങ്ങളുടെ പ്രയത്നം സഫലമാവുകയില്ലല്ലോ എന്നു വിചാരിച്ചാണു് അവർ ശ്രമിച്ചതു്. എന്തൊക്കെ ചെയ്തിട്ടും ആനയെ അവിടെനിന്നു കൊണ്ടുപോകുവാൻ അവർക്കു സാധിച്ചില്ല. ആന ഒന്നുരണ്ടു ദിസവസം രാപ്പകൽ ഒരുപോലെ അധികദൂരം നടന്നതുകൊണ്ടുള്ള ക്ഷീണം നിമിത്തമായിരിക്കും നടക്കാത്തതെന്നു വിചാരിച്ചു ധാരാളമായി തീറ്റയും മറ്റും കൊടുത്തു് ഒന്നുരണ്ടു ദിവസം ആനയെ അവിടെ നിറുത്തി വിശ്രമിപ്പിച്ചിട്ടു പിന്നെയും കൊണ്ടുപോകാനായി ശ്രമിച്ചുനോക്കി. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. ആന അവിടെത്തന്നെ നിന്നതേയുള്ളൂ. അപ്പോൾ ആ ദിക്കുകാരായ ചില വയോവൃദ്ധന്മാർ കുഞ്ചിക്കുട്ടിപ്പിള്ളയോടു് “ഈ ആനയെ ഇവിടെ കൊണ്ടുവന്നിട്ടു മഹാദേവനു നടയ്ക്കിരുത്താതെ കൊണ്ടുപൊയ്ക്കളയാമെന്നു നിങ്ങൾ വിചാരിച്ചതു് വലിയ സാഹസമായിപ്പോയി. ഈ ആനയെ ഇവിടെ നടയ്ക്കിരുത്താതെ കൊണ്ടുപോകാൻ ആരു വിചരിച്ചാലും ഒരിക്കലും സാധിക്കയില്ല. മഹാദേവൻ ആനയെ വിട്ടയയ്ക്കാതെ എങ്ങനെ കൊണ്ടുപോകും? മഹാദേവനു കൊടുത്തതായി സങ്കൽപ്പിച്ചു നടയ്ക്കിരുത്തിയാൽ പിന്നെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം” എന്നു പറയുകയും അതു വാസ്തവമായിരിക്കുമെന്നു കുഞ്ചിക്കുട്ടിപ്പിള്ളയ്ക്കു തോന്നുകയും ചെയ്യുകയാൽ അദ്ദേഹം ഈ സംഗതികളെല്ലാം തിരുമനസ്സറിയിക്കുന്നതിനു കേശവപിള്ളദിവാൻജിയുടെ പേർക്കു വിവരത്തിനു് ഒരെഴുത്തഴുതിക്കൊടുത്തു പത്മനാഭപിള്ളയെ തിരുവനന്തപുരത്തിനയയ്ക്കുകയും ആനയെ സൂക്ഷിക്കുകയും പഴക്കുകയും ചെയ്തുകൊണ്ടു കുഞ്ചിക്കുട്ടിപ്പിള്ള കൊട്ടാരക്കരെത്തന്നെ താമസിക്കുകയും ചെയ്തു.

സർവ്വാധികാര്യക്കാരുടെ എഴുത്തു കണ്ടയുടനെ ദിവാൻജി തിരുമുമ്പാകെ ചെന്നു സകലവിവരങ്ങളും തിരുമനസ്സറിയിച്ചു. അപ്പോൾ മഹാരാജാവു തിരുമനസ്സു കൊണ്ടു് “കുഞ്ചിക്കുട്ടി ആനയെ കൊണ്ടുപോകുന്നതുവരെയുള്ള സംഗതികളെല്ലാം ചാരന്മാർ മുഖാന്തരം നാം മുമ്പേ തന്നെ അറിഞ്ഞിരിക്കുന്നു. അതിൽ പിന്നീടുള്ള വിവരങ്ങൾ ഇപ്പോൾ മനസ്സിലായല്ലോ. സന്തോഷമായി. വിചാരിച്ച കാര്യം സാധിച്ചതു് ഈശ്വരാനുകൂല്യംകൊണ്ടാണല്ലോ. അതിനാൽ ആ ആനയെ ഈശ്വരനു സമർപ്പിക്കുന്നതും നമുക്കു് സന്തോഷകരംതന്നെ. താമസിയാതെ നാം കൊട്ടാരക്കരെച്ചെന്നു് ആ ആനക്കുട്ടിയെ നടയ്ക്കിരുത്തിയേക്കാം. അതിനു വേണ്ടുന്നതെല്ലാം ഉടനെ ചട്ടംകെട്ടിക്കൊള്ളണം” എന്നും കൊട്ടാരക്കരയ്ക്കു് എഴുന്നള്ളത്തു പുറപ്പെടുന്നതു് ഇന്ന ദിവസമാണെന്നും കൽപ്പിച്ചു.

കല്പനപ്രകാരം ദിവാൻജി എഴുന്നള്ളത്തിനും ആനയെ നടയ്ക്കിരുത്തുന്നതിനും വേണ്ടുന്നതെല്ലാം ചട്ടംകെട്ടുകയും നിശ്ചിതദിവസം തന്നെ തിരുമനസ്സു കൊണ്ടു് കൊട്ടാരക്കരെ എഴുന്നള്ളുകയും ചെയ്തു. അപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ള ആനപ്പാവുപരിചയമുള്ള ‘രാമശ്ശാരെ’ന്നു പ്രസിദ്ധനായ ഒരാനക്കാരന്റെ സഹായത്തോടുകൂടി ആ കുട്ടിക്കൊമ്പനെ ഇടവും വലവും മറ്റും പഠിപ്പിച്ചു നല്ലതു പോലെ പഴക്കിയിരുന്നു. സർവ്വലക്ഷണങ്ങളും തികഞ്ഞ ആ ആനക്കുട്ടിയെ കണ്ടപ്പോൾ തിരുമനസ്സിലേക്കുണ്ടായ സന്തോഷം അപരിമിതമായിരുന്നു. ആകപ്പാടെ കണ്ടപ്പോൾത്തന്നെ അവൻ മഹാശൂരനും ധീരനുമാണെന്നു തിരുമനസ്സുകൊണ്ടു നിശ്ചയിച്ചു. അക്കാലത്തു് ആ ആനയ്ക്കു് ഏകദേശം ഇരുപതു വയസ്സു പ്രായമായിട്ടുണ്ടായിരുന്നു. ഒരു മുഴത്തിൽ കുറയാതെ കൊമ്പുകൾ പുറത്തേക്കു കാൺമാനുണ്ടായിരുന്നു. ദേഹത്തിന്റെ പുഷ്ടിയും ഉയരവും തലക്കട്ടിയും മസ്തകത്തിന്റെ വിരിവും കൊമ്പിന്റെ ഭംഗിയും മറ്റും ഇത്രത്തോളമുള്ള ഒരാന അക്കാലത്തു വേറെ ഇല്ലായിരുന്നുവെന്നു മാത്രമല്ല, അതിനു മുമ്പു് ഉണ്ടായിരുന്നുമില്ല. ആ കുട്ടിയാനയുടെ പുറത്തു് ആറുപേർക്കു് ധാരാളമായിട്ടിരിക്കാമായിരുന്നു. നട്ടെല്ലിന്റെ രണ്ടുവശത്തും ഓരോരുത്തർക്കു നീണ്ടു നിവർന്നു കിടക്കുകയും ചെയ്യാമായിരുന്നു. നട്ടെല്ലു ലേശംപോലും എഴുന്നിരുന്നില്ല. അതിനാൽ ആ ആനയുടെ പുറത്തിരുന്നാൽ മെത്തപ്പുറത്തിരുന്നാലെന്നതുപോലുള്ള സുഖം തോന്നുമായിരുന്നു. അവന്റെ മുഖത്തു സദാ പ്രകാശിച്ചിരുന്നതു് വീരരസമായിരുന്നു. ആ കൊമ്പന്റെ നെറ്റിയിൽ ചന്ദ്രക്കലപോലെ ഒരു രേഖ ശോഭിച്ചു കാൺമാനുണ്ടായിരുന്നു. അതുകൊണ്ടും കൊട്ടാരക്കരദേവൻ ചന്ദ്രശേഖരൻ (ശിവൻ) ആയിരുന്നതിനാലും ആ ആനക്കുട്ടിക്കു മഹാരാജാവു തിരുമനസ്സുകൊണ്ടു ചന്ദ്രശേഖരൻ എന്നുതന്നെ പേരിട്ടു് അവിടെ നടയ്ക്കിരുത്തി. പിന്നീടു് ‘കൊട്ടാരക്കരച്ചന്ദ്രശേഖരൻ’ എന്നു പ്രസിദ്ധനായിത്തീർന്ന ഗജശ്രഷ്ഠൻ ഈ കുട്ടിക്കൊമ്പനാണെന്നു വിശേഷിച്ചു പറയണമെന്നില്ലല്ലൊ. ആനയെ നടയ്ക്കിരുത്തിയതു സംബന്ധിച്ചു തിരുമനസ്സിലെ വകയായി അന്നു് അവിടെ ക്ഷേത്രത്തിൽ കേമമായിട്ടു കളഭവും വിളക്കും സദ്യയും മറ്റുമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞിട്ടു നാലുദിവസംകൂടി അവിടെ എഴുന്നള്ളിത്താമസിക്കുകയും കുഞ്ചിക്കുട്ടിപ്പിള്ളയ്ക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന രാമശ്ശാരെത്തന്നെ ചന്ദ്രശേഖരന്റെ ആനക്കാരനായി കൽപിച്ചു നിയമിക്കുകയും “ചന്ദ്രശേഖരനു തീറ്റയും മറ്റും വേണ്ടതുപോലെ കൊടുത്തു് അവനെ ശരിയായി രക്ഷിച്ചു കൊള്ളണം” എന്നു പ്രത്യേകം കൽപ്പിക്കുകയും ചെയ്തിട്ടാണു് തിരുമനസ്സുകൊണ്ടു തിരുവനന്തപുരത്തേക്കു തിരിച്ചെഴുന്നള്ളിയതു്. ചന്ദ്രശേഖരനെ കൊട്ടാരക്കര നടയ്ക്കിരുത്തിയതു് കൊല്ലം 948-ആം ആണ്ടാണു്. അതിനുശേഷം അവനെ സംബന്ധിച്ചുണ്ടായിട്ടുള്ള ചില വിശേഷസംഗതികൾ താഴെപ്പറയുന്നു.

കാലക്രമേണ ചന്ദ്രശേഖരനെക്കുറിച്ചുള്ള സന്തോഷം തിരുമനസ്സിലേക്കും ജനങ്ങൾക്കും സീമാതീതമായി വർദ്ധിച്ചു. അവനു തീറ്റ കൊടുക്കുന്നതിനും അവനെ കുളിപ്പിക്കുന്നതിനും മറ്റും ഒട്ടും അമാന്തം വന്നുപോകരുതെന്നു കരുതി രാമാശ്ശാരുടെ അസിസ്റ്റന്റായി ‘കൊച്ചുകുഞ്ഞു്’ എന്നൊരാളെക്കൂടി ആനക്കാരനായി നിയമിച്ചു. കൊട്ടാരക്കര ദേശത്തുള്ള ജനങ്ങൾ ചന്ദ്രശേഖരനെക്കുറിച്ചുള്ള സന്തോഷംകൊണ്ടു് ആനയെ വൈകുന്നേരം കെട്ടുന്നതു് ഓരോ ദിവസം ഓരോരുത്തരുടെ പുരയിടങ്ങളിൽ വേണമെന്നും തീറ്റി അവർ ശേഖരിച്ചു കൊടുത്തു കൊള്ളാമെന്നും രാമശ്ശാരോടു പറയുകയും രാമശ്ശാർ അങ്ങനെ സമ്മതിക്കുകയും അപ്രകാരം നടത്തിവരികയും ചെയ്തു. ആനയെ എവിടെക്കെട്ടിയാലും പിറ്റേദിവസം രാവിലെ കൊച്ചുകുഞ്ഞു് ആ സ്ഥലത്തുചെന്നു് ആനയെ പൊടിതട്ടിക്കളയുകയും വെള്ളം കൊടുക്കുകയും കൊണ്ടുപോയി കുളിപ്പിക്കുകയും ചെയ്യണമെന്നാണു രാമശ്ശാരു് ഏർപ്പാടു് ചെയ്തിരുന്നതു്. അങ്ങനെ പതിവായി നടന്നുവരികയും ചെയ്തു. ചന്ദ്രശേഖരന്റെ ശുശ്രൂഷകളെല്ലാം ചെയ്തിരുന്നതു് കൊച്ചുകുഞ്ഞായിരുന്നുവെങ്കിലും അവനു സ്നേഹവും ബഹുമാനവും രാമശ്ശാരെക്കുറിച്ചുള്ളതു പോലെ മറ്റാരെക്കുറിച്ചുമുണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞിനെ ചന്ദ്രശേഖരൻ കൂലിക്കാരനായിട്ടു മാത്രമേ വിചാരിച്ചിരുന്നുള്ളു. രാമശ്ശാർക്കു ചന്ദ്രശേഖരനെക്കുറിച്ചു പുത്രനിർവ്വിശേഷമായ സ്നേഹവും വാത്സത്യവുമുണ്ടായിരുന്നു. അയാൾ ചന്ദ്രശേഖരനെ സാധാരണയായി വിളിച്ചു വന്നിരുന്നതും ‘മകനേ!’ എന്നായിരുന്നു. ചന്ദ്രശേഖരൻ അതിനെ സമ്മതിച്ചും രാമശ്ശാരെ തന്റെ പിതാവിനെപ്പോലെ വിചാരിച്ചുമാണു് വർത്തിച്ചിരുന്നതു്.

ഇപ്രകാരമെല്ലാമിരുന്നപ്പോൾ ഒരു ദിവസം കാലത്തു് ആനയെ അഴിക്കുന്നതിനും മറ്റും പതിവുപോലെ കൊച്ചുകുഞ്ഞു വന്നില്ല. അയാൾ കള്ളു കുടിച്ചു് ബോധം കെട്ടു് എവിടെയോ കിടന്നുപോയി. കൊച്ചുകുഞ്ഞു് പതിവുപോലെ വരുമല്ലോ എന്നു വിചാരിച്ചു രാമശ്ശാരും രാവിലെ വന്നില്ല. അയാൾ ഏകദേശം പത്തുമണിയായപ്പോഴാണു് ആനയുടെ അടുക്കൽ വന്നതു്. അപ്പോൾ ആനയെ അതുവരെ അഴിക്കുകയും പൊടിയടിക്കുകയും വെള്ളം കൊടുക്കുകയും ചെയ്തിട്ടില്ലെന്നറിഞ്ഞു രാമശ്ശാർ വളരെ വ്യസനിച്ചു. ചന്ദ്രശേഖരനും സ്വൽപം സങ്കടം പ്രദർശിപ്പിച്ചു. ഉടനെ രാമശ്ശാർ, “മകനേ ആ കുരുത്തം കെട്ടവൻ പതിവുപോലെ വരുമെന്നു വിചാരിച്ചാണു് ഞാൻ വരാൻ താമസിച്ചതു്. ഇനി ഇങ്ങനെ ഒരിക്കലും വരാതെ ഞാൻ കരുതിക്കൊള്ളാം” എന്നു പറഞ്ഞു് ആനയെ അഴിച്ചു പൊടിയടിച്ചുകൊണ്ടിരുന്ന സമയം കൊച്ചുകുഞ്ഞും അവിടെച്ചെന്നുചേർന്നു. കൊച്ചുകുഞ്ഞിനെക്കണ്ടിട്ടു് ദേഷ്യം കലശലായിട്ടു വരികയാൽ രാമശ്ശാർ അയാളെ സ്വൽപം ശാസിക്കുകയും ശകാരിക്കുകയും ചെയ്തു. അതു കൊച്ചുകുഞ്ഞിനു് ഒട്ടും രസിച്ചില്ല. കൊച്ചുകുഞ്ഞിനു കള്ളിന്റെ ലഹരി നല്ലപോലെ പോയിട്ടില്ലായിരുന്നതുകൊണ്ടും ശകാരം കേട്ടപ്പോൾ ദേഷ്യം വന്നതു കൊണ്ടും അയാൾ രാമശ്ശാരെത്തല്ലാനായി കൈയോങ്ങിക്കൊണ്ടു പാഞ്ഞുചെന്നു. അതു ചന്ദ്രശേഖരനു് ഒട്ടും രസിച്ചില്ല. അവൻ കൊച്ചുകുഞ്ഞിന്റെ കാലിന്മേൽ പിടികൂടി. അതുകണ്ടു രാമശ്ശാർ, “അയ്യോ മകനേ! ചതിക്കരുതേ” എന്നു പറഞ്ഞതും ചന്ദ്രശേഖരൻ കൊച്ചുകുഞ്ഞിനെ പിടിച്ചു് ഒരു മരത്തിന്മേൽ അടിച്ചതും കൊച്ചുകുഞ്ഞിന്റെ തല പൊട്ടിത്തെറിച്ചതും ചന്ദ്രശേഖരൻ കൊലവിളി വിളിച്ചതുമെല്ലാമൊരുമിച്ചു കഴിഞ്ഞു. കൊച്ചുകുഞ്ഞിനെ മരത്തിന്മേലടിക്കാതിരിക്കുന്നതിനു തടസ്സം പിടിക്കാനായി അടുത്തുചെന്ന രാമശ്ശാരുടെ മേൽ തുമ്പിക്കൈ സ്വൽപം ഏശുകയാൽ അയാൾ ബോധംകെട്ടു രണ്ടു് ദണ്ഡു് അകലെപ്പോയി വീണു. ആ സമയം അവിടെത്താമസിച്ചിരുന്ന വീട്ടുകാർക്കുണ്ടായ ഭയവും പരിഭ്രമവും അവർണ്ണനീയമായിരുന്നു. ചന്ദ്രശേഖരന്റെ കൊലവിളികേട്ടു് അസംഖ്യമാളുകൾ അവിടെ വന്നുകൂടുകയും ചെയ്തു.

Chap90pge775.png
രാമശ്ശാർ വീണുകിടക്കുന്നതു കണ്ടു ചന്ദ്രശേഖരൻ വളരെ വ്യസനിച്ചു. ശ്വാസം നേരെ പോകാതെയും ബോധംകെട്ടും കുളിച്ചതുപോലെ വിയർത്തുമാണു് രാമശ്ശാർ കിടന്നിരുന്നതു്. ചന്ദ്രശേഖരൻ ഓടിച്ചെന്നു് അയാളെ തുമ്പിക്കൈയിൽ കോരിയെടുത്തുംകൊണ്ടു് അവിടെനിന്നു പോയി. ഏകദേശം അരനാഴിക ദൂരെച്ചെന്നപ്പോൾ അവിടെ ഒരു മൈതാനവും മൈതാനത്തിന്റെ മദ്ധ്യത്തിങ്കൽ ഒരു പ്ലാവും നല്ല തണലുമുണ്ടായിരുന്നു. ചന്ദ്രശേഖരൻ രാമശ്ശാരെ ആ തണലത്തു കിടത്തിയിട്ടു് പ്ലാവിന്റെ തൂപ്പു് (ഇലയോടുകൂടിയ ചെറിയ കൊമ്പുകൾ) ഒടിച്ചെടുത്തു വീശിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ രാമശ്ശാർ കണ്ണുതുറന്നു. അപ്പോൾ ഒരു മുഹമ്മദീയ സ്ത്രീ ഒരു കുടവുംകൊണ്ടു് അവിടെ അടുത്തുണ്ടായിരുന്ന കിണറ്റിൻകരെ വന്നു വെള്ളം കോരി കുടത്തിലൊഴിച്ചു നിറച്ചു. അതുകണ്ടു ചന്ദ്രശേഖരൻ അങ്ങോട്ടു ചെന്നു. ചന്ദ്രശേഖരൻ ചെല്ലുന്നതുകണ്ടു് ആ സ്ത്രീ കുടമെടുക്കാതെ ഓടി മാറി. ചന്ദ്രശേഖരൻ പതുക്കെ ആ കുടവും വെള്ളവുമെടുത്തുകൊണ്ടുവന്നു രാമശ്ശാരുടെ അടുക്കൽ വെച്ചിട്ടു തുമ്പിക്കൈകൊണ്ടു കുറച്ചു വെള്ളമെടുത്തു് രാമശ്ശാരുടെ ദേഹത്തിൽ തളിച്ചു. പിന്നെയും കുറച്ചുകൂടി വീശി. അപ്പോൾ രാമശ്ശാരു് എഴുന്നേറ്റിരുന്നു. അതു കണ്ടപ്പോൾ ചന്ദ്രശേഖരനു സ്വൽപം മനസ്സമാധാനമുണ്ടായി. അവൻ കുടം യഥാപൂർവ്വം കിണറ്റിൻകരെ കൊണ്ടുവെച്ചിട്ടു മടങ്ങിവന്നു. പിന്നെയും തൂപ്പെടുത്തു് രാമശ്ശാരെ വീശിക്കൊണ്ടുനിന്നു. അപ്പോൾ രാമശ്ശാരു് “മകനേ! ചന്ദ്രശേഖരാ! നീയെന്നെ ഇങ്ങനെ ചെയ്യുമെന്നു് ഞാൻ വിചാരിച്ചിരുന്നില്ല” എന്നു പറഞ്ഞു. അതുകേട്ടു ചന്ദ്രശേഖരൻ “അറിയാതെ വന്നുപോയ അബദ്ധമാണെന്നു” ഭാവംകൊണ്ടു രാമശ്ശാരെ മനസ്സിലാക്കുകയും കണ്ണീരൊലിപ്പിച്ചുകൊണ്ടു വളരെ കരയുകയും ചെയ്തു.

കാലത്തു് അഴിച്ചു് പൊടിതട്ടിയാലുടനെ ചന്ദ്രശേഖരനു കുടിക്കാൻ വെള്ളം കൊടുക്കുക പതിവായിരുന്നു. അന്നു് അതിനിടയായില്ലല്ലോ. അതിനാൽ അവനു കലശലായിട്ടു ദാഹമുണ്ടായിരുന്നു. രാമശ്ശാർക്കു കുറച്ചു സുഖമുണ്ടെന്നു കണ്ടപ്പോഴേക്കും ചന്ദ്രശേഖരനു വെള്ളം കുടിക്കാൻ ധൃതിയായി. അവൻ കിണറ്റിൻകരെച്ചെന്നു കുടത്തിൽ നോക്കി. അതിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ മടങ്ങിപ്പോന്നു. കുറച്ചുകഴിഞ്ഞപ്പോൾ പിന്നെയും പോയി നോക്കി. അപ്പോഴും കുടത്തിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ ആ പ്രാവശ്യവും ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. അങ്ങനെ മൂന്നുനാലു പ്രാവശ്യമായപ്പോൾ രാമശ്ശാരു്, “മകനേ! എനിക്കു് എണീക്കാറായാൽ ഞാൻ വെള്ളം കോരിത്തരാം” എന്നു പറഞ്ഞു. ആ മുഹമ്മദീയസ്ത്രീ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടു് അവിടെ ഒരു സ്ഥലത്തു് ഒളിച്ചു നിൽക്കുന്നുണ്ടായിരുന്നു. വെള്ളം കുടിക്കാൻ വൈകീട്ടു് ചന്ദ്രശേഖരനുണ്ടായ പാരവശ്യം കണ്ടിട്ടു് ആ സ്ത്രീ ‘എന്തെങ്കിലും വരുന്നതു വരട്ടെ’ എന്നു നിശ്ചയിച്ചു് കിണറ്റിൻകരെച്ചെന്നു കുടം നിറച്ചു വെള്ളം കോരിയൊഴിച്ചിട്ടു മാറിനിന്നു. ചന്ദ്രശേഖരനെ നോക്കി ”വെള്ളം കുടത്തിൽ നിറച്ചിട്ടുണ്ടു്. വേണമെങ്കിൽ എടുത്തു കുടിക്കാം. എന്റെ കുടം പൊട്ടിച്ചേക്കരുതു്” എന്നു പറഞ്ഞു. അതു കേട്ടു ചന്ദ്രശേഖരൻ ചെന്നു വെള്ളമെടുത്തു കുടിച്ചിട്ടു മതിയായില്ലെന്നുള്ള ഭാവത്തോടുകൂടി മാറിനിന്നു. മുഹമ്മദീയസ്ത്രീ പിന്നേയും ചെന്നു വെള്ളം കോരിയൊഴിച്ചു കുടം നിറച്ചിട്ടു മാറിനിന്നു.

ചന്ദ്രശേഖരൻ ആ വെള്ളവുമെടുത്തു കുടിച്ചു. ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യമായപ്പോൾ ചന്ദ്രശേഖരനു വെള്ളം മതിയാവുകയാൽ അവൻ കുടം പതുക്കെ അവിടെ വെച്ചിട്ടു രാമശ്ശാരുടെ അടുക്കലേക്കു പോന്നു. അപ്പോൾ ആ മുഹമ്മദീയ സ്ത്രീ വീണ്ടും ചെന്നു വെള്ളംകോരി കുടം നിറച്ചു് എടുത്തുകൊണ്ടു് അവരുടെ വാസസ്ഥലത്തേക്കും പോയി. അപ്പോഴേക്കും രാമശ്ശാർക്കു് ക്ഷീണം ഒരുവിധം മാറിയതിനാൽ അയാൾ ചന്ദ്രശേഖരനോടുകൂടി അയാളുടെ വീട്ടിലേക്കും പോയി.

കൊച്ചുകുഞ്ഞിനെക്കൊന്നതിന്റെശേഷം ചന്ദ്രശേഖരനെ കുടിപാർപ്പുള്ള പുരയിടങ്ങളിൽ കെട്ടാൻ ആരും സമ്മതിക്കാതെയായി. അതിനാൽ നേരം വൈകുമ്പോൾ രാമശ്ശാർ അവനെക്കൊണ്ടുപോയി ആൾപ്പാർപ്പില്ലാത്ത പറമ്പുകളിലാണു പിന്നീടു കെട്ടയിരുന്നതു്. എങ്കിലും ജനങ്ങൾ കൂടെക്കൂടെ ചന്ദ്രശേഖരനു പഴക്കുല, കരിമ്പു്, ശർക്കര, നാളികേരം മുതലായവ കൊണ്ടുചെന്നു കൊടുത്തിരുന്നു. അങ്ങനെ ആരെങ്കിലും എന്തെങ്കിലും കൊണ്ടുചെന്നു കൊടുത്താൽ അതിൽനിന്നു് ഒരു ഭാഗമെടുത്തു മാറ്റിവെച്ചിട്ടു ശേഷമേ അവൻ തിന്നാറുള്ളൂ. സ്വദേശത്തുവെച്ചാണെങ്കിൽ മാറ്റി വെയ്ക്കുന്ന ഭാഗം അവൻതന്നെ എടുത്തുകൊണ്ടുപോയി, അവനു വെള്ളം കോരിക്കൊടുത്ത മുഹമ്മദീയസ്ത്രീയുടെ കുടിലിന്റെ വാതിൽക്കൽ വെച്ചു് എടുത്തുകൊള്ളുവാൻ ആംഗ്യം കാണിച്ചിട്ടു മടങ്ങിപ്പോരും. ഇതിനു രാമശ്ശാർ കൂടെച്ചെല്ലുകയും മറ്റും വേണ്ട. ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിനും മറ്റുമായി ദൂരസ്ഥലങ്ങളിൽച്ചെല്ലുമ്പോൾ പഴക്കുല മുതലായവ ആരെങ്കിലും കൊടുത്താൽ ചന്ദ്രശേഖരൻ മുഹമ്മദീയസ്ത്രീയ്ക്കുള്ള ഭാഗമെടുത്തു് രാമശ്ശാരെ ഏൽപ്പിക്കും. രാമശ്ശാർ അതു വിറ്റുകിട്ടുന്ന പണം സ്വദേശത്തു ചെല്ലുമ്പോൾ മുഹമ്മദീയസ്ത്രീക്കു കൊടുക്കണം എന്നാണു ചന്ദ്രശേഖരൻ നിശ്ചയിച്ചിരുന്നതു്. രാമശ്ശാർ അങ്ങനെ തന്നെ ചെയ്തിരുന്നു.

ഒരിക്കൽ സ്വദേശത്തു (കൊട്ടാരക്കര) വെച്ചുതന്നെ ഒരാൾ ചന്ദ്രശേഖരനു നാലഞ്ചു പഴക്കുല കൊണ്ടുചെന്നു കൊടുത്തു അതിൽനിന്നു് ഒന്നാംതരം ഒരു കുലയെടുത്തു മാറ്റിവെയ്ക്കുകയും ശേഷമുണ്ടായിരുന്നതു തിന്നുകയും ചെയ്തതിന്റെശേഷം മാറ്റിവെച്ച കുലയുമെടുത്തുകൊണ്ടു ചന്ദ്രശേഖരൻ മുഹമ്മദീയ സ്ത്രീയുടെ കുടിലിങ്കലേക്കു പോയി. അവിടെച്ചെന്നപ്പോൾ ആ സ്ത്രീയും അവരുടെ ഭർത്താവും അവിടെയുണ്ടായിരുന്നില്ല. മുഹമ്മദീയൻ എവിടെയോ കൂലിവേലയ്ക്കും സ്ത്രീ വെള്ളം കോരിക്കൊണ്ടു വരാനും പോയിരിക്കുകയായിരുന്നു. അവരുടെ രണ്ടു കുട്ടികൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അഞ്ചും മൂന്നും വീതം മാത്രം വയസ്സു പ്രായമായിരുന്ന ആ കുട്ടികൾ കുടിലിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം കുടിലിന്റെ മേൽക്കൂടിനു തീ പിടിച്ചു കത്തിക്കൊണ്ടിരുന്നു. ഈ കുട്ടികൾ അതിറിഞ്ഞില്ല. അഥവാ അവരറിഞ്ഞാലും വിശേഷമൊന്നുമില്ലല്ലോ. കുടിലിനു തീ പിടിച്ചിരിക്കുന്നതു കണ്ടു് ചന്ദ്രശേഖരൻ ക്ഷണത്തിൽ അടുത്തുചെന്നു പഴക്കുല അവിടെവെച്ചിട്ടു് തുമ്പിക്കൈകൊണ്ടു കുടിലിന്റെ മേൽക്കൂടിനു് ഒരു തട്ടുകൊടുത്തു. മേൽക്കൂടു തെറിച്ചു ദൂരെപ്പോയി വീണു. അതു് അവിടെക്കിടന്നു് അശേഷം ദഹിച്ചുപോയി. കാട്ടുകമ്പുകൾകൊണ്ടു കെട്ടിയുണ്ടാക്കി ഓലമേഞ്ഞതും തീപ്പുകകൊണ്ടും മറ്റും ഉണങ്ങിയിരുന്നതുമായ ആ മേൽപ്പുരയ്ക്കു തീപ്പിടിച്ചാൽപ്പിന്നെ ദഹിക്കാൻ താമസിക്കുമോ? അതു മുഴുവനും ദഹിച്ചുപോയെങ്കിലും ചന്ദ്രശേഖരനതു തട്ടിക്കളഞ്ഞതുകൊണ്ടു് ആ കുട്ടികൾക്കും കുടിലിനകത്തുണ്ടായിരുന്ന സാധനങ്ങൾക്കും തരക്കേടൊന്നും പറ്റിയില്ല. മുഹമ്മദീയസ്ത്രീ എന്തോ വറക്കുന്നതിനായി ഒരു പാത്രത്തിൽ വെളിച്ചെണ്ണ അടുപ്പത്തു വെച്ചിട്ടു് അതു ചൂടുപിടിക്കുമ്പോഴേക്കു മടങ്ങിവരാമെന്നു വിചാരിച്ചാണു് പോയതു്. വഴിക്കു് ആരാണ്ടേക്കണ്ടപ്പോൾ ഇതു മറന്നു് അവരുമായി സംസാരിച്ചുകൊണ്ടു സ്വൽപമധികം സമയം താമസിച്ചുപോയതിനാൽ വെളിച്ചെണ്ണയ്ക്കു തീ പിടിച്ചു് അതു പാളിക്കത്തി മേൽപ്പൂരയ്ക്കു തീപിടിച്ചു. ആ സമയത്താണു് ചന്ദ്രശേഖരൻ അവിടെയെത്തിയതു്. ചന്ദ്രശേഖരൻ മേൽപ്പൂര തട്ടിക്കളഞ്ഞതിന്റെ ശേഷം ആ രണ്ടുകുട്ടികളേയും താങ്ങിയെടുത്തു് ഒരു മരത്തണലിൽക്കൊണ്ടുചെന്നിരുത്തി, പഴക്കുലയെടുത്തു് അവരുടെ മുമ്പിൽ വെച്ചുകൊടുത്തിട്ടു ദൂരെ മാറിനിന്നു. പാർപ്പിടം പോയതുകൊണ്ടുള്ള വിഷമത എത്രമാത്രമുണ്ടെന്നു് അറിയാറായിട്ടില്ലാതെയിരുന്ന കുട്ടികൾ പഴമെടുത്തു തിന്നു സന്തോഷിച്ചു കളിച്ചുകൊണ്ടു് ആ തണലത്തിരുന്നു.

മഹമ്മദീയ സ്ത്രീ വെള്ളം കോരിക്കൊണ്ടു പകുതി വഴി വന്നപ്പോൾ അതികശലായിട്ടുള്ള തീജ്വാലയും പുകയും കണ്ടു്, “അയ്യോ, എന്റെ കുട്ടികളുടെ കഥ കഴിഞ്ഞു” എന്നു പറഞ്ഞു വെള്ളവും കുടവും ദൂരെയെറിഞ്ഞിട്ടു് തല്ലിയലച്ചു നിലവിളിച്ചുകൊണ്ടു് ഓടിയെത്തി. കുടിലിന്റെ സമീപത്തായപ്പോൾ കുട്ടികൾ പഴംതിന്നു കളിച്ചുകൊണ്ടിരിക്കുന്നതും ചന്ദ്രശേഖരൻ അവരെ കാത്തുകൊണ്ടു ദൂരെ മാറി നിൽക്കുന്നതും ആ സ്ത്രീ കണ്ടു. അപ്പോൾ അവരുടെ മനസ്സിനു വളരെ സമാധാനമായി. കുട്ടികൾ കുടിലിൽക്കിടന്നു വെന്തുപൊയിയെന്നുതന്നെയായിരുന്നു ആ സ്ത്രീയുടെ വിചാരം. ചന്ദ്രശേഖരൻ പഴക്കുലയും മറ്റുംകൊണ്ടു കൂടെക്കൂടെ ചെല്ലുക പതിവായിരുന്നതിനാൽ പഴക്കുല അവിടെയിരിക്കുന്നതും ചന്ദ്രശേഖരൻ കാത്തു നില്ക്കുന്നതും കണ്ടിട്ടു തന്റെ കുട്ടികളെ രക്ഷിച്ചതു ചന്ദ്രശേഖരൻ തന്നെയെന്നു നിശ്ചയിച്ചുകൊണ്ടു് ആ സ്ത്രീ, ”എന്റെ ചന്ദ്രശേഖരാ, എന്റെ ഓമനക്കുട്ടികളെ രക്ഷിച്ചതു നീയാണല്ലോ! നിന്നെ പടച്ചവൻ രക്ഷിക്കട്ടെ” എന്നു പറഞ്ഞു. ഉടനെ ചന്ദ്രശേഖരൻ അവിടെനിന്നു പോയി. മുഹമ്മദീയസ്ത്രീ തന്റെകുട്ടികളേയുംകൊണ്ടു അഗ്നിഗ്ദ്ധശിഷ്ടമായ കുടിലിൽച്ചെന്നു നോക്കിയപ്പോൾ അതിലുണ്ടായിരുന്ന സാധനങ്ങളൊന്നും നഷ്ടപ്പെട്ടുപോയിട്ടില്ലെന്നറിഞ്ഞു് അൽപംകൂടി സന്തോഷിച്ചു. എങ്കിലും നേരം വൈകുമ്പോൾ കിടക്കാനൊരു പുരയില്ലല്ലോ എന്നു വിചാരിച്ചു വിഷാദവും അവർക്കുണ്ടാകാതെയിരുന്നില്ല.

കൂലിവേലയ്ക്കു പോയിരുന്ന മുഹമ്മദീയൻ നേരം വൈകിയപ്പോൾ മടങ്ങിയെത്തി. അപ്പോൾ തന്റെ പാർപ്പിടം വെന്തുപോയെന്നറിഞ്ഞു ദുഃഖിക്കുകയും തന്റെ മക്കൾക്കു തരക്കേടൊന്നും പറ്റിയില്ലെന്നറിഞ്ഞു് ഏറ്റവും സന്തോഷിക്കുകയും ചെയ്തു. പിന്നെ ആ മുഹമ്മദീയനും ഭാര്യയുംകൂടി തങ്ങളുടെ കുടിൽ യഥാപൂർവ്വം കെട്ടിയുണ്ടാക്കുന്നതിനു് എന്താ കൗശലമെന്നുള്ള ആലോചനയായി. സാരമില്ലാത്തതാണെങ്കിലും കുറെ കാലും കോലും മുളയും വാരിയുമൊക്കെയില്ലാതെ അതു സാധിക്കുകയില്ലല്ലോ. അഗതികളായ അവർക്കു് അതത്ര ക്ഷിപ്രസാദ്ധ്യമായ കാര്യമല്ലായിരുന്നു.

അവർ അങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ ചന്ദ്രശേഖരൻ കുറെ കാട്ടുകമ്പുകളും അഞ്ചെട്ടു മുളയും വരിഞ്ഞുകെട്ടാനാവശ്യമുള്ള ചൂരലും വലിച്ചെടുത്തു കൊണ്ടു് അവിടെയെത്തി. ആ സാമാനങ്ങളെല്ലാം ആ മുഹമ്മദീയന്റെ മുമ്പിലിട്ടു കൊടുത്തിട്ടു രാമശ്ശാരുടെ അടുക്കലേക്കു പോയി. സാമാനങ്ങളൊക്കെ കിട്ടിയപ്പോൾ മുഹമ്മദീയനു വളരെ സമാധാനമായി. അയാൾ നല്ല വേലക്കാരനായിരുന്നതുകൊണ്ടു് ആ സാമാനങ്ങളെല്ലാമെടുത്തുപയോഗിച്ചു പിറ്റെദിവസം നേരം വെളുക്കുന്നതിനു മുമ്പു് കുടിൽ കെട്ടിയുണ്ടാക്കി. നേരം വെളുത്തിന്റെ ശേഷം ചില മാന്യന്മാരുടെ അടുക്കൽ ചെന്നു ചോദിച്ചിട്ടു കിട്ടിയ ഓലകൊണ്ടു് ഉടനെ മേച്ചിലും കഴിച്ചു. അഞ്ചെട്ടു നാഴിക പുലർന്നപ്പോൾ ചന്ദ്രശേഖരൻ അവിടെ ചെന്നു നോക്കി. അപ്പോൾ യഥാപൂർവ്വം കുടിലുണ്ടാക്കി ആ മുഹമ്മദീയകുടുംബക്കാരവിടെ പാർപ്പു തുടങ്ങിയിരിക്കുന്നതായിക്കണ്ടു സന്തോഷിച്ചു മടങ്ങിപ്പോയി.

ആ മുഹമ്മീയസ്ത്രീക്കു വിറകിനാവശ്യമുള്ള ഉണങ്ങിയ തടികൾ യഥാകാലം ചന്ദ്രശേഖരൻ മലകളിൽനിന്നു ശേഖരിച്ചു കൊണ്ടുചെന്നു കൊടുത്തിരുന്നു. ഇതെല്ലാം അവനു് ഒരു ദിവസം ദാഹിച്ചപ്പോൾ ആ സ്ത്രീ കുറച്ചു വെള്ളം കോരിക്കൊടുത്തതിന്റെ നന്ദിയാണെന്നുള്ളതു പറയണമെന്നില്ലല്ലോ. ചന്ദ്രശേഖരനെപ്പോലെ കൃതജ്ഞതയുണ്ടായിട്ടു വേറെ ഒരാന അക്കാലത്തെന്നല്ല, അതിനു മുൻപും ഉണ്ടായിരുന്നില്ല. അതിൽപ്പിന്നെ ഉണ്ടായിട്ടുമില്ല. എന്നാൽ അവനെ ആരെങ്കിലും ഉപദ്രവിച്ചാൽ എന്നെങ്കിലും അവനതിനു പകരം ചെയ്യാതെയുമിരിക്കയില്ല.

ഒരിക്കൽ കൊട്ടാരക്കര താലൂക്കിൽത്തന്നെ കൽപിടദേശത്തുള്ള ചിറ്റുമലക്ഷേത്രത്തിൽ ഒരെഴുന്നള്ളിപ്പു കഴിഞ്ഞതിന്റെശേഷം രാമശ്ശാർ ചന്ദ്രശേഖരെ ക്ഷേത്രസമീപത്തുതന്നെ ഒരു മരത്തിന്മേൽ തളച്ചു തീറ്റയ്ക്കു വേണ്ടുന്ന തെങ്ങിൻ പട്ട മുതലായവ ഇട്ടുകൊടുത്തിട്ടു കുളിക്കാനുമുണ്ണാനും പോയി. ആ സമയം ചില കുട്ടികൾ ചന്ദ്രശേഖരന്റെ ചുറ്റും ചെന്നുകൂടി. ഏറ്റവും ദുർബുദ്ധിയായ ഒരു ബാലൻ ഒരു കല്ലെടുത്തു് ഒന്നെറിഞ്ഞു. അങ്ങോട്ടുമെറിയുന്നതിനായി ചന്ദ്രശേഖരൻ ആ കല്ലു തപ്പിയെടുത്തു. അപ്പോഴേക്കും ആ ബാലൻ ഓടിക്കളഞ്ഞു. എങ്കിലും ചന്ദ്രശേഖരൻ ആ കുട്ടിയെ നോക്കി മനസ്സിലാക്കിവെച്ചു. കല്ലു കാലിനടിയിലാക്കി സൂക്ഷിച്ചുകൊണ്ടു ചന്ദ്രശേഖരൻ തീറ്റതിന്നുകയും തിന്നുകഴിഞ്ഞ ഉടനെ കല്ലെടുത്തു വായിലാക്കി സൂക്ഷിക്കുകയും ചെയ്തു. പിന്നെ പതിവായി ചന്ദ്രശേഖരൻ വല്ലതും തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയങ്ങളിൽ വായിൽനിന്നു കല്ലെടുത്തു താഴെവയ്ക്കുകയും അതു കഴിഞ്ഞാൽ പിന്നെയും കല്ലെടുത്തു വായിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ പതിവായി കണ്ടിരുന്നവെങ്കിലും ഇതിന്റെ കാരണവും ഉദ്ദേശവുമെന്താണെന്നു് രാമശ്ശാർക്കും അറിഞ്ഞുകൂടായിരുന്നു. ആ ബാലൻ ചന്ദ്രശേഖരനെ എറിഞ്ഞപ്പോൾ രാമശ്ശാരടുക്കലുണ്ടായിരുന്നില്ലല്ലോ.

ചന്ദ്രശേഖരനെ ആണ്ടുതോറും ഉത്സവങ്ങൾക്കും മുറജപമുള്ള കാലങ്ങളിൽ നെടുമ്പുരകളുടെ തൂണുകൾ നിവർത്തു നാട്ടുന്നതിനും ലക്ഷദീപദിവസം ആ തൂണുകളെല്ലാമെടുത്തു മാറ്റുന്നതിനും തിരുവനന്തപുരത്തു് കൊണ്ടുപോവുക പതിവായിരുന്നു. അവിടെ കൊണ്ടുചെന്നാലുടനെ തിരുമുമ്പിൽ കൊണ്ടുചെല്ലണമെന്നും പ്രത്യേകം കല്പനയുണ്ടായിരുന്നു. ആ പതിവനുസരിച്ചു് രാമശ്ശാർ ചന്ദ്രശേഖരനെ അക്കൊല്ലവും ഉത്സവത്തിനു തിരുവന്തപുരത്തിനു കൊണ്ടുപോവുകയും അവിടെ എത്തിയ ദിവസം തന്നെ അവനെ തിരുമുമ്പിൽ കൊണ്ടുചെല്ലുകയും ചെയ്തു. രാമവർമ്മ മഹാരാജാവു് തിരുമനസ്സിലേക്കു ചന്ദ്രശേഖരനെക്കുറിച്ചു് പ്രത്യേക വാത്സല്യവും അതിനു കാരണവുമുണ്ടായിരുന്നുവല്ലോ. തിരുമുമ്പിൽ ചെന്നയുടനെ ചന്ദ്രശേഖരൻ നടനാലും മടക്കി നമസ്കരിച്ചു. ചന്ദ്രശേഖരൻ തിരുമുമ്പിൽ ചെല്ലുമ്പോളെല്ലാം അങ്ങിനെ ചെയ്യുക പതിവാണു്. അതു് രാമശ്ശാർ പറഞ്ഞിട്ടും മറ്റുമല്ല, അവൻ സ്വമേധയാ ചെയ്യുന്നതാണു്. ചന്ദ്രശേഖരൻ നമസ്കരിച്ചെണിറ്റപ്പോഴേക്കും കല്പനപ്രകാരം പതിവുള്ള, പഴക്കുലകൾ, നാളികേരം, ശർക്കര മുതലായവയെല്ലാം അവിടെ കൊണ്ടുചെന്നു കഴിഞ്ഞു. അവയെല്ലമെടുത്തു രാമശ്ശാർ ചന്ദ്രശേഖരന്റെ മുമ്പിൽവച്ചുകൊടുത്തു. ചന്ദ്രശേഖരൻ പതിവുപോലെ അതിൽ നിന്നു് നല്ലതായിട്ടു ഒരു പഴക്കുലയും ഏതാനും നാളികേരവും ശർക്കരയും എടുത്തു മാറ്റിവച്ചു. അതു് കണ്ടിട്ടു്, അതിന്റെ കാരണം എന്തെന്നു് കല്പിച്ചു ചോദിക്കുകയും രാമശ്ശാർ മുഹമ്മദീയസ്ത്രീയുടെ കാര്യവും മാറ്റിവച്ച സാമാനങ്ങൾ വിറ്റുകിട്ടുന്ന പണം താൻ ആ സ്ത്രീക്കു കൊണ്ടുചെന്നു കൊടുക്കണമെന്നുള്ള വിവരവും തിരുമനസ്സറിയിക്കുകയും ചെയ്തു. ഉടനെ തിരുമനസ്സുകൊണ്ടു “ചന്ദ്രശേഖരാ! അതു് വച്ചേക്കണമെന്നില്ല. അതിന്റെ വില ഇവിടെ നിന്നു് കൊടുത്തേക്കാം” എന്നു കല്പിക്കുകയും അപ്പോൾതന്നെ ആ വകയ്ക്കു നാലുറുപ്പിക കല്പിച്ചു് രാമശ്ശാരെ ഏല്പിക്കുകയും ചെയ്തു. ഉടനെ ചന്ദ്രശേഖരൻ വായിൽനിന്നു് കല്ലെടുത്തു് താഴെ വച്ചിട്ടു് ആ പഴക്കുലയും മറ്റും മുഴുവനും തിന്നുകയും കല്ലെടുത്തു് പിന്നെയും വായിലാക്കുകയും ചെയ്തു. അതു് കണ്ടിട്ടു് അതിന്റെ കാരണവും ഉദ്ദേശവുമെന്തെന്നും കല്പിച്ചു ചോദിച്ചു. അപ്പോൾരാമശ്ശാർ “എന്തോ അടിയനു അറിഞ്ഞുകൂട. കുറച്ചു നാളായിട്ടു് ഇങ്ങിനെ കാണുന്നുണ്ടു്” എന്നു തിരുമനസ്സറിയിച്ചു. പതിവുപോലെ ഉത്സവം കഴിയുന്നതുവരെ ചന്ദ്രശേഖരനേയും കൊണ്ടു രാമശ്ശാർ തിരുവനന്തപുരത്തു താമസിക്കുകയും അനന്തരം യാത്രയറിയിച്ചു പതിവുള്ള സമ്മാനവും വാങ്ങിക്കൊണ്ടു ചന്ദ്രശേഖരസമേതം കൊട്ടരക്കരയ്ക്കുതന്നെ മടങ്ങിപ്പോകുകയും ചെയ്തു.

പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോൾ (973-ആമാണ്ടു് കുംഭമാസത്തിൽ) രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിപ്പോയി എന്നുള്ള വർത്തമാനം കേട്ടിട്ടു് ചന്ദ്രശേഖരനുണ്ടായ സങ്കടം ഒട്ടും ചില്ലറയല്ലായിരുന്നു. അതു് കേട്ടപ്പോൾ മുതൽ അവൻ ഉറക്കെ നിലവിളി തുടങ്ങി. മൂന്നഹോരാത്രം മുഴുവൻ കിടക്കുകയും ഉറങ്ങുകയും വെള്ളം കുടിക്കുകയും ചെയ്യാതെ ചന്ദ്രശേഖരൻ നിലവിളിച്ചുകൊണ്ടുതന്നെ നിന്നു. അവന്റെ നിലവിളി കേട്ടു ദിഗ്വാസികളെല്ലാം വളരെ പരിശ്രമിച്ചു. പിന്നെ കാരണമറിഞ്ഞതിന്റെ ശേ‌ഷമേ അവർക്കൊക്കെ സമാധാനമായുള്ളൂ. ഏകദേശം ഇങ്ങിനെയുള്ള ഒരു ദുഃഖം ചന്ദ്രശേഖരനു കുഞ്ചികുട്ടിപിള്ള സർവാധികാര്യക്കാർ മരിച്ചു പോയി എന്നു കേട്ടപ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മുന്നു ദിവസം കഴിഞ്ഞതിനുശേ‌ഷം രാമശ്ശാരുടെ നിർബന്ധം കൊണ്ടു ചന്ദ്രശ്ശേഖരൻ കുറേശ്ശെ വെള്ളം കുടിക്കുകയും തീറ്റതിന്നുകയും ചെയ്തു തുടങ്ങി. സാമാന്യം പോലെ വെള്ളം കുടിക്കുകയും തീറ്റ തിന്നുകയും ചെയ്തു തുടങ്ങിയതു് ഒരു കൊല്ലം കഴിഞ്ഞതിന്റെ ശേ‌ഷമാണു്. ആ ഒരു കൊല്ലം മുഴുവനും ചന്ദ്രശേഖരൻ ദിവസംതോറും പതിവായി കാലത്തും വൈകുന്നേരവും തെക്കോട്ടു നോക്കിനിന്നു മൂന്നു പ്രാവശ്യം വീതം ഉറക്കെ നിലവിളിച്ചിരുന്നു. ചന്ദ്രശേഖരനെ ആണ്ടുതോറും ഹരിപ്പാടു്, അമ്പലപ്പുഴ, ആറന്മുള, വൈക്കം മുതലായ മഹാക്ഷേത്രങ്ങളിൽ ഉത്സവകാലത്തു് എഴുന്നള്ളിപ്പിനു കൊണ്ടുപോവുക പതിവായിരുന്നു. എങ്കിലും ഈ ഒരു കൊല്ലം അവനെ എങ്ങും കൊണ്ടുപോകാൻ സാധിച്ചില്ല.

അനന്തരം വളരെക്കാലം കഴിഞ്ഞു സ്വാതിതിരുനാൾരാമവർമ മഹാരാജാവു തിരുമനസ്സിന്റെ കാലത്തു പതിവുപോലെ ചന്ദ്രശേഖരനെ തിരുവനന്തപുരത്തു് ഒരു ഉത്സവത്തിനു കൊണ്ടുപോയിരുന്നപ്പോൾ അവിടെവെച്ചു ഒരു വിശേ‌ഷമുണ്ടായി. ആറാട്ടുകഴിഞ്ഞു ശംഖുമുഖ (സമുദ്ര) തീരത്തുനിന്നു തിരിച്ചെഴുന്നള്ളിച്ചു. കുറച്ചു കിഴക്കോട്ടു വന്നപ്പോൾ തന്നെ പണ്ടു കല്ലുകൊണ്ടെറിഞ്ഞയാൾ എഴുന്നള്ളിപ്പു കണ്ടുകൊണ്ടു് ആൾക്കൂട്ടത്തിൽ നിൽക്കുന്നതു് ചന്ദ്രശേഖരൻകണ്ടു. ഉടനെ അവൻ വായിൽ സൂക്ഷിച്ചിരുന്ന കല്ലു് തുമ്പികൈയ്യിലെടുത്തു് അയാൾക്കിട്ടു് ഒരേറു കൊടുത്തു. ആ ഏറുകൊണ്ടു് കാലിന്റെ മുട്ടൊടിഞ്ഞു് ആ മനു‌ഷ്യൻ അവിടെ വീണു. ഉടനെ ചന്ദ്രശേഖരൻ ആ സ്ഥലത്തേക്കു് പാഞ്ഞുചെന്നു, അപ്പോൾ അവിടെ ഉണ്ടായ ബഹളം കേവലം അവർണ്ണനീയമായിരുന്നു. മേളക്കാരും തീവെട്ടിക്കാരും പട്ടാളക്കാരും, അകമ്പടിക്കാരും കാഴ്ചക്കാരുമെല്ലാം പ്രാണഭീതിയോടുകൂടി നാലു പുറത്തേക്കും ഓടി. മഹാരാജാവു തിരുമനസ്സിലേക്കു മാത്രം ഒരിളക്കവുമുണ്ടയില്ല. അവിടന്നു എഴുന്നള്ളി നിന്നിടത്തു തന്നെ നിന്നു. ചന്ദ്രശേഖരൻ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുചെന്നതു് ആ കല്ലെടുത്തു വായിലാക്കാനായിട്ടു മാത്രമായിരുന്നു. അല്ലാതെ ആരെയും ഉപദ്രവിക്കണമെന്നു അവനുണ്ടായിരുന്നില്ല. ആരെയും അവൻ ഉപദ്രവിച്ചുമില്ല. എങ്കിലും അവന്റെ അന്തർഗ്ഗതം ജനങ്ങൾ എങ്ങിനെ അറിയുന്നു? “ഒരാണ്ടിൽ തിരുവന്തപുരത്തു് ആറാട്ടുനാൾ ഒരു വലിയ കൊമ്പനാന പിണങ്ങി സ്വാതിതിരുനാൾ തിരുമനസ്സിന്റെ നേരെ പാഞ്ഞുചെന്നു. അവിടന്നു നരസിംഹത്തിന്റെ അവതാരമായിരുന്നതിനാൽ അവിടേക്കു് ഒരു കൂസലുമുണ്ടായില്ല. ആന അടുത്തുചെന്നപ്പോൾ തിരുമനസ്സുകൊണ്ടു തൃക്കണ്ണു തുറന്നു് ആനയുടെ നേരെ ഒന്നുനോക്കി. അപ്പോൾ ആന തിരുമുമ്പിൽ ചെന്നു കൊമ്പുകുത്തി” എന്നും മറ്റും ഇപ്പോഴും ജനങ്ങൾ പറഞ്ഞുവരുന്നുണ്ടല്ലോ. ആ പറച്ചിലിന്റെ അടിസ്ഥാനം ഈ സംഭവം മാത്രമാണു്. ഈ ബഹളം താൻ മനപ്പൂർവം ഉണ്ടാക്കിയതല്ലെന്നും ജനങ്ങൾ വെറുതെ ഉണ്ടാക്കിത്തീർത്തതാണെന്നും ഇതുനിമിത്തം തന്റെ പേരിൽ തിരുവുള്ളക്കേടുണ്ടാകരുതെന്നുമുള്ള ഭാവത്തോടുകൂടി ചന്ദ്രശേഖരൻ നമസ്കരിക്കുക മാത്രമേ ഉണ്ടായുള്ളു. കൊമ്പുകുത്തുകയും മറ്റുമുണ്ടായില്ല ചന്ദ്രശേഖരൻ യഥാസ്ഥാനം ചെന്നു നിന്നുകഴിഞ്ഞപ്പോൾ മേളക്കാരും തീവെട്ടിക്കാരും അകമ്പടിക്കാരും മറ്റും വന്നു കൂടുകയും ആറാട്ടിന്റെ എഴുന്നള്ളിപ്പു ഭംഗിയായി കഴിഞ്ഞുകൂടുകയും ചെയ്തു.

Author: gajaveeran