കോന്നിയിൽ കൊച്ചയ്യപ്പന്‍ | പ്രസിദ്ധനായിരുന്ന താപ്പാന കഥ

കോന്നിയിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാനയെക്കുറിച്ചു് കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂർ രാജ്യത്തും അടുത്തപ്രദേശങ്ങളിലും അധികമാളുകൾ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ഈ ആന ചരിഞ്ഞു (മരിച്ചു) പോയിട്ടു് ഇപ്പോൾ പതിനാലു കൊല്ലത്തിലധികം കാലമായിട്ടില്ലാത്തതിനാൽ ഇവനെ (ഈ ആനയുടെ സ്വഭാവം വിചാരിക്കുമ്പോൾ ഇതിനെ എന്നല്ല “ഇവനെ” എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.) കണ്ടിട്ടുള്ളവരായിട്ടുതന്നെ ഇപ്പോൾ അനേകംപേർ ജീവിച്ചിരിക്കുന്നുണ്ടു് എന്നുള്ളതിനു സംശയമില്ല. ഈ ആന ആദ്യം റാന്നിയിൽ കർത്താവിന്റെ വകയായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ചു് കർത്താവു് ഈ ആനയെ 990-ആമാണ്ടു് അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. നടയ്ക്കിരുത്തിയ സമയത്താണു് ഈ ആനയ്ക്കു കൊച്ചയ്യപ്പൻ എന്നു പേരിട്ടതു്. അന്നു് ഈ ആനയ്ക്കു് ഏഴു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നുവെങ്കിലും അവിടെ നിറുത്തിയിരുന്നാൽ ആനയ്ക്കു് രക്ഷ മതിയാവുകയില്ലെന്നു വിചാരിച്ചും ആ ആനയെക്കുറിച്ചുണ്ടായിരുന്ന വാത്സല്യംകൊണ്ടും കർത്താവു് ആനയെ അപ്പോൾ തന്നെ ദേവസ്വക്കാരോടു് ഏറ്റുവാങ്ങി റാന്നിയിൽത്തന്നെ കൊണ്ടു വന്നു നിറുത്തി രക്ഷിച്ചു വളർത്തിവന്നു. അക്കാലത്തു കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ടു് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണു് കൊച്ചയ്യപ്പൻ വളർന്നതു്. എന്നാലവൻ മനു‌ഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈവാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. കേവലം മനു‌ഷ്യബാലനെപ്പോലെയാണു് കൊച്ചയപ്പൻ അവിടെ താമസിച്ചിരുന്നതു് . കൊച്ചയ്യപ്പനു് കർത്താവിന്റെ ഗൃഹത്തിലുള്ള സ്ത്രീപുരു‌ഷന്മാരോടു വളരെ സ്നേഹവും കുട്ടികളെക്കുറിച്ചു പ്രത്യേകം വാത്സല്യവുമുണ്ടായിരുന്നു്. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനെക്കുറിച്ചുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും “കൊച്ചയപ്പാ!” എന്നു വിളിച്ചാൽ അവൻ അപ്പോൾ അവിടെയെത്തും. കർത്താവിന്റെ ഗൃഹത്തിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിനു് അവിടുത്തെ കുട്ടികൾക്കും വളരെ സന്തോ‌ഷവും ഉത്സാഹവുമുണ്ടായിരുന്നു. കുട്ടികളെ കൊച്ചയപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും മറ്റുമുണ്ടായിരുന്നതിനാൽ അവർ അതിനനുവദിക്കുകയും നടക്കാറായ കുട്ടികളെല്ലാം കൊച്ചയപ്പന്റെ അടുക്കൽ ചെന്നു കളിക്കുകയും ചെയ്തിരുന്നു.

കൊച്ചയപ്പനെ ഇടവും വലവും പഠിപ്പിച്ചു് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവു് നെയ്യും പരിപ്പും കൂട്ടിക്കുഴച്ചു് ഒരുരുളച്ചോറു കൊച്ചയപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ടു് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പനു് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരുകർത്താവു് ഉരുളക്കൊടുക്കുന്ന തിനുമുമ്പു് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയപ്പൻ വാങ്ങുകയില്ലെന്നുള്ളതു തീർച്ചയാണു്. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിക്കൊള്ളും. പിന്നെ നിർബന്ധമൊന്നുമില്ല.

കൊച്ചയ്യപ്പൻ കർത്താവിന്റെ വാസസ്ഥലത്തു താമസിച്ചിരുന്നപ്പോൾ അവനു് ആനക്കാരന്മാരുണ്ടായിരുന്നില്ല. അവനു തീറ്റി, തെങ്ങോല മുതലായവ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. അവൻ തീറ്റി കഴിഞ്ഞാൽ മുറ്റത്തോ പറമ്പിലോ എവിടെയെങ്കിലും യഥേഷ്ടം പോയിക്കിടന്നുകൊള്ളും; അങ്ങനെയാണു് പതിവു്. അക്കാലത്തു കർത്താവിന്റെ ഗൃഹത്തിൽ ദാസ്യപ്രവൃത്തികൾക്കായി ചക്കിയെന്നും വിക്കിയെന്നും പേരായിട്ടുള്ള രണ്ടു സ്ത്രീകൾ താമസിച്ചിരുന്നു. കൊച്ചയ്യപ്പന്റെ ശുശ്രൂ‌ഷയ്ക്കായി ആ സ്ത്രീകളെയാണു് കർത്താവു നിയമിച്ചിരുന്നതു്. അവർ പതിവായി കൊച്ചയ്യപ്പനെ പുഴയിൽക്കൊണ്ടുപോയി കുളിപ്പിച്ചുകൊണ്ടുവരണം അതല്ലാതെ വിശേ‌ഷിച്ചൊന്നും ആനയെസ്സംബന്ധിച്ചു് അവർ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നില്ല. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ചക്കിയും വിക്കിയും പെട്ടെന്നു മരിച്ചുപോയി.

അപ്പോൾ കൊച്ചയ്യപ്പനുണ്ടായ സങ്കടം എത്രമാത്രമെന്നു പറയാൻ പ്രയാസം. വിക്കിക്കു് മക്കളും മറ്റുമുണ്ടായിരുന്നില്ല. ചക്കിക്കു് ഒരു മകളുണ്ടായിരുന്നു. ചക്കി മരിച്ചതിന്റെ ശേ‌ഷം കർത്താവു് കൊച്ചയപ്പനെ കുളിപ്പിക്കുന്നതിനു ചക്കിയുടെ മകളെ നിയമിച്ചു.

അങ്ങനെ കുറച്ചു കാലംകൂടി കഴിഞ്ഞപ്പോൾ കാരണവരുകർത്താവും മരിച്ചു. അപ്പോൾ കൊച്ചയപ്പനുണ്ടായ സങ്കടം കേവലം ദുസ്സഹംതന്നെയായിരുന്നു. കർത്താവു മരിച്ചിട്ടു മൂന്നുദിവസത്തേക്കു് കൊച്ചയപ്പൻ എന്തെങ്കിലും തിന്നുകയാകട്ടെ, വെള്ളം കുടിക്കുകയാകട്ടെ, ഉറങ്ങുകയാകട്ടെ ചെയ്തില്ല. അഹോരാത്രം കരഞ്ഞു കൊണ്ടുതന്നെ അവൻ കഴിച്ചുകൂട്ടി.

കാരണവരു കർത്താവു് മരിച്ചതു് സംബന്ധിച്ചുള്ള അടിയന്തിരങ്ങളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം പതിനേഴാം ദിവസം പിന്നത്തെ കാരണവരു കർത്താവും തളത്തിൽച്ചെന്നു് ഉണ്ണാനിരുന്നപ്പോൾ മുൻപതിവു് വിചാരിച്ചു കൊച്ചയ്യപ്പൻ തളത്തിന്റെ വാതിൽക്കൽ ഹാജരായി നിന്നു. എന്നാൽ ആ കാരണവരുടെ സ്വഭാവം കഴിഞ്ഞുപോയ കാരണവരുടെ സ്വഭാവംപോലെ അല്ലാതെയിരുന്നതിനാൽ അദ്ദേഹം കൊച്ചയ്യപ്പനു് ഉരുള കൊടുത്തില്ല. അപ്പോൾ കൊച്ചയപ്പനു് അസാമാന്യമായ കുണ്ഠിതമുണ്ടായി. എങ്കിലും അവിടെ ശേ‌ഷമുണ്ടായിരുന്ന വരെല്ലാം പതിവുപോലെ ഉരുളകൊടുത്തതിനാൽ കൊച്ചയപ്പൻ ഒരുവിധം സമാധാനപ്പെട്ടു. എന്നാൽ ആ സമാധാനവും അധികദിവസത്തേക്കു നീണ്ടുനിന്നില്ല. അവിടെ ശേ‌ഷമുള്ളവരെല്ലാം ആനയ്ക്കു് ഉരുളകൊടുക്കുന്നുണ്ടെന്നു രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ പുതിയ കാരണവരറിയുകയും അതിനെക്കുറിച്ചു് അദ്ദേഹം കോപിച്ചു് എല്ലാവരെയും ശാസിക്കുകയും ചെയ്തു. ആനയ്ക്കു് തിന്നാൻ തെങ്ങോലയോ മറ്റൊ അല്ലാതെ ചോറു കൊടുക്കുന്നതു് അനാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നുമാത്രമല്ല, ആനയ്ക്കു കുട്ടിപ്രായം കഴിഞ്ഞിരിക്കുന്നതിനാൽ ഇനി അതിനു് ഒരാനക്കാരനെ നിയമിക്കുകയും ചങ്ങലയിട്ടു് പണിയിച്ചു തുടങ്ങുകയും ചെയ്യണമെന്നുകൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊന്നുമറിയാതെ കൊച്ചയപ്പൻ പിറ്റേ ദിവസം പതിവു പോലെ ഉരുളയ്ക്കായി അടുക്കളവാതിൽക്കൽ ഹാജരായി. അപ്പോൾ അവിടത്തെ വലിയമ്മ കൊച്ചയപ്പനോടു്, “എന്റെ മകനേ, ഈയിടെ കാലമൊക്കെ മാറിപ്പോയി, വലിയമ്മ, നിനക്കു ചോറു തരരുതെന്നാണു് ഇപ്പോഴത്തെ കാരണവരുടെ കൽപന. അദ്ദേഹം പറയുന്നതിനെഅനുസരിക്കാതെയിരിക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ലല്ലോ. നിനക്കു ചോറു തരരുതെന്നു മാത്രമല്ല. ചങ്ങലയിട്ടു നിന്നെ ഇനി പണിക്കയയ്ക്കണമെന്നുകൂടി അദ്ദേഹം നിശ്ചയിച്ചിരിക്കുന്നു. ഞങ്ങൾക്കൊക്കെ ഇതു വലിയ സങ്കടമായിട്ടുള്ള കാര്യമാണു്. എങ്കിലും എന്തു ചെയ്യാം? എല്ലാം സഹിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ” എന്നു പറഞ്ഞു. ഇതു കേട്ടു കൊച്ചയ്യപ്പൻകണ്ണീരൊലിപ്പിച്ചു് കരഞ്ഞുകൊണ്ടു സ്വൽപനേരം വിചാരമഗ്നനായി അവിടെ നിന്നു. ആ സമയം അവിടത്തെ ഒരു ചെറിയ കുഞ്ഞമ്മ കുറെചോറെടുത്തു കുഴച്ചുരുട്ടി കൊച്ചയപ്പനു കൊണ്ടുചെന്നു കൊടുത്തു. എങ്കിലും അവൻ അതു വാങ്ങിയില്ല. പിന്നെ അവൻ എല്ലാവരോടും യാത്ര പറയുന്ന ഭാവത്തിൽ തുമ്പിക്കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിക്കുകയും ദീനസ്വരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടു കണ്ണിരൊലിപ്പിച്ചു കൊണ്ടു് അവിടെനിന്നു് ഇറങ്ങിപ്പോയി. കൊച്ചയ്യപ്പന്റെ ആ യാത്ര കണ്ടു് അവിടെയുണ്ടായിരുന്ന എല്ലാവരും ആബാലവൃദ്ധം പൊട്ടിക്കരഞ്ഞുപോയി.

കൊച്ചയ്യപ്പൻ നേരെ ചെന്നു് ആറ്റിലിറങ്ങി നാലു നാഴിക പകലാകുന്നതുവരെ വെള്ളത്തിൽത്തന്നെ കിടന്നു. നാലു നാഴിക പകലെ ചക്കിയുടെമകൾ കുളിക്കാനായി ആറ്റുകടവിൽ ചെന്നു. ആ സമയം കൊച്ചയപ്പൻഅവിടെനിന്നു് എഴുന്നേറ്റു പോയി ആറ്റുവക്കത്തു നിന്നിരുന്ന ഒരില്ലിക്കൂട്ടംകുത്തി മറിച്ചിട്ടു. അപ്പോൾ അതിന്റെ ചുവട്ടിൽ മണ്ണിനിടയിൽ ഇരുന്നിരുന്ന ഒരു ചെപ്പുകുടം ഉരുണ്ടു് ആറ്റിലേക്കു വീണു. കൊച്ചയപ്പൻ ആ ചെപ്പുകുടമെടുത്തു ചക്കിയുടെ മകൾക്കു കൊടുക്കുകയും യാത്ര പറയുന്ന ഭാവത്തിൽ തുമ്പിക്കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിക്കുകയും ചില ദീനസ്വരങ്ങൾ പുറപ്പെടുവിക്കുകയും പിന്നെ കർത്താവിന്റെ ഗൃഹത്തിലേക്കു നോക്കി കരയുകയും ചെയ്തിട്ടു് അവിടെനിന്നു പോവുകയും ചെയ്തു. ആ ചെപ്പുകുടം നിറച്ചു രാശിയായിരുന്നു. പിറ്റേദിവസം രാവിലെ കൊച്ചയ്യപ്പൻ അച്ചൻകോവിൽ ശാസ്താവിന്റെ നടയിലെത്തി. ശാന്തിക്കാരൻ കൊച്ചയ്യപ്പനെ കണ്ടപ്പോൾ അറിയുകയാൽ കുറെ ചോറുകൊണ്ടുചെന്നു കൊടുത്തു. കൊച്ചയപ്പൻ അതു വാങ്ങിതിന്നിട്ടു കാട്ടിൽക്കയറി കണ്ടതൊക്കെ പറിച്ചു തിന്നുതുടങ്ങി. അന്നുമുതൽകൊച്ചയപ്പൻ കാട്ടിൽനിന്നു തീറ്റി നടത്തുകയും കണ്ടെത്തുന്ന തടാകങ്ങളിലും മറ്റും ഇറങ്ങി വെള്ളം കുടിക്കുകയും രാത്രിയാകുമ്പോൾ അമ്പലത്തിന്റെ തിരുമുറ്റത്തു ചെന്നു കിടന്നുറങ്ങുകയും പതിവാക്കി.

അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ദേവസ്വക്കാർ കൊച്ചയപ്പനെ രക്ഷിക്കുന്നതിനു് ഒരാനക്കാരനെ നിയമിക്കുകയും വിവരം മേലാവിലേക്കു എഴുതിയയ്ക്കുകയും ചെയ്തു. അപ്പോൾ കൊച്ചയപ്പന്റെ കഥകളെല്ലാം മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപ്പിച്ചറിയുകയും ഈ ആനയെകോന്നിയിൽ താപ്പനകളുടെ കൂട്ടത്തിൽ നിറുത്തി വേണ്ടതുപോലെ രക്ഷിച്ചു കൊള്ളണമെന്നു കൽപനയുണ്ടാവുകയും ചെയ്തു. അക്കാലത്തു് നാടുവാണിരുന്നതു് കൊല്ലം {1022}-ആമാണ്ടു നാടു നീങ്ങിയ രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നു. കൽപനപ്രകാരം കൊച്ചയ്യപ്പൻകോന്നിയിലെത്തി താമസമായി. കുറച്ചുകാലം കഴിഞ്ഞപ്പോൾ പത്തനാപുരം തിരുമൂലംപിള്ള എന്നൊരു പാണ്ടിപ്പിള്ള അവന്റെ രക്ഷകനായി നിയമിക്കപ്പെട്ടു.

തിരുമൂലംപിള്ളയുടെ ശിക്ഷാസാമർത്ഥ്യംകൊണ്ടും കോന്നിയിലുണ്ടായിരുന്ന മറ്റു താപ്പാനകളുടെ സഹവാസംകൊണ്ടും മറ്റും കൊച്ചയ്യപ്പൻ കാലക്രമേണ ഒരു താപ്പാനയായിത്തീർന്നു. എന്നുമാത്രമല്ല കുഴിയിൽ വീഴുന്ന ആനകളെ കരയ്ക്കു് കയറ്റി കൂട്ടിലാക്കി അടയ്ക്കുന്നതിനു കൊച്ചയ്യപ്പനെപോലെ ബുദ്ധിയും സാമർത്ഥ്യവുമുള്ള ഒരു താപ്പാന തിരുവിതാംകൂറിൽ വേറെയില്ലെന്നുള്ള പ്രസിദ്ധി അവൻ അചിരേണ സമ്പാദിക്കുകയും ചെയ്തു.

ഏറെത്താമസിയാതെ പത്മനാഭൻ എന്നു പ്രസിദ്ധനായ ഒരു താപ്പാനകൂടി കോന്നിയിൽ വന്നുചേർന്നു. കുറച്ചുദിവസത്തെ സഹവാസം കൊണ്ടു കൊച്ചയപ്പനും പത്മനാഭനും പരസ്പരം അത്യന്തം സ്നേഹാകുലന്മാരായിത്തീർന്നു. അവർ രണ്ടുപേരും കൂടെ കൂടിയാൽ എത്ര വലിയ കാട്ടാനയായാലും കുഴിയിൽനിന്നു കരയ്ക്കു കയറ്റി കൂട്ടിൽക്കൊണ്ടുചെന്നു് അടയ്ക്കുന്നതിനു് അവർക്കു് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുന്ന കാലത്തു സർക്കാരിൽനിന്നു് ആനകളെ കുഴിയിൽ വീഴിച്ചു പിടിക്കുകയെന്നുള്ള ഏർപ്പാടു വേണ്ടെന്നുവയ്ക്കുകയും ആനകളെ പിടിക്കുന്നതിനു കോന്നിയിൽനിന്നു പത്തുപന്ത്രണ്ടുനാഴിക കിഴക്കു “മുണ്ടവൻപുഴി” എന്ന സ്ഥലത്തു് ഒരു കൊപ്പമുണ്ടാക്കുകയും ചെയ്തു. കൊപ്പത്തിൽ കാട്ടാനകൾ വന്നു കയറുന്നതു കൂട്ടത്തോടെ ആണല്ലോ. കാട്ടാനകൾ കൊപ്പത്തിൽ കയറികഴിഞ്ഞാൽ താപ്പാനകളെ അതിലേക്കു വിടുകയും താപ്പാനകൾ കാട്ടാനകളെ ഓടിച്ചു പിള്ളക്കൊപ്പ (വലിയ കൊപ്പത്തിനകത്തുള്ള ചെറിയ കൊപ്പ)ത്തിലാക്കുകയും അവിടെ വച്ചു വടങ്ങളിട്ടു കെട്ടുകയും പിന്നെ താപ്പാനകൾ ഇടത്തുവശത്തും വലത്തുവശത്തും നിന്നു വടങ്ങളിൽ പിടിച്ചുവലിച്ചു കാട്ടാനകളെ ഓരോന്നോരോന്നായി കൊണ്ടു പോയി കൂട്ടിലാക്കി അടയ്ക്കുകയുമാണല്ലോ പതിവു്. അങ്ങനെയായപ്പോൾ താപ്പാനകളുടെ ആവശ്യം അധികപ്പെടുകയും കൊച്ചയ്യപ്പൻ, പത്മനാഭൻ മുതലായി മുമ്പവിടെ ഉണ്ടായിരുന്ന താപ്പനകളെകൊണ്ടു മതിയാകാതെ വരുകയും ചെയ്യുകയാൽ ‘മഞ്ഞപ്രത്തിരുനീലകണ്ഠൻ ’ മുതലായ ചില താപ്പാനകളെക്കൂടി അവിടെ വരുത്തി. മഞ്ഞപ്രത്തിരുനീലകണ്ഠനും ഒരോന്നാന്തരം താപ്പാന തന്നെയായിരുന്നു. എങ്കിലും കൊച്ചയപ്പന്റെ സ്വഭാവവും തിരുനീലകണ്ഠന്റെ സ്വഭാവവും തമ്മിൽ വളരെ അന്തരമുണ്ടായിരുന്നു. കൊച്ചയപ്പൻ തന്റെ പിടിയിലമർത്തിക്കൊണ്ടുപോയി കൂട്ടിലാക്കി അടയ്ക്കും. തിരുനീലകണ്ഠൻ തന്റെ പിടിയിലമരാത്ത ആനകളെ ഉടനെ കുത്തിക്കൊല്ലും. ഇതാണു് അവർ തമ്മിലുള്ള പ്രധാന വ്യത്യാസം. അങ്ങനെ മഞ്ഞപ്രത്തിരുനീലകണ്ഠൻ അനേകം നല്ല ആനകളെ കുത്തിക്കൊല്ലുകയും തന്നിമിത്തം സർക്കാരിലേക്കു വളരെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ടു്. ഇതുനിമിത്തവും മറ്റു ചില കാരണങ്ങളാലും സർക്കാരിൽ നിന്നു കൊപ്പം വേണ്ടെന്നുവയ്ക്കുകയും പൂർവസ്ഥിതിയിൽ ആനകളെകുഴികളിൽ വീഴിച്ചുപിടിച്ചാൽ മതിയെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു.

അക്കാലത്തു നേരം വൈകുമ്പോൾ കൊച്ചയപ്പനെയും പത്മനാഭനെയും ചങ്ങലയെടുത്തു കാട്ടിലേക്കു വിട്ടയയ്ക്കുക പതിവായിരുന്നു. അവർ രണ്ടുപേരുകൂടി കാട്ടിൽക്കയറി കണ്ടതൊക്കെ ഒടിച്ചും പറിച്ചും തിന്നു വയറു നിറയ്ക്കുകയും ഉറക്കം വരുമ്പോൾ യഥേഷ്ടം എവിടെയെങ്കിലും കിടന്നുറങ്ങുകയും നേരം വെളുക്കുമ്പോൾ ആനക്കാരുടെ വാസസ്ഥലത്തു ഹാജരാവുകയും ചെയ്തിരുന്നു. ഒരു ദിവസം പതിവുപോലെ രണ്ടാനകളും ഒരുമിച്ചു കാട്ടിലേക്കു പോയിട്ടു കൊച്ചയപ്പൻതിന്നുതിന്നു വടക്കോട്ടും പത്മനാഭൻ തെക്കോട്ടും പോയതിനാൽ അവർതമ്മിൽ പിരിയാനിടയായി. കുറച്ചുദൂരം പോയതിന്റെ ശേ‌ഷം പത്മനാഭൻ കൊച്ചയപ്പൻ വരുന്നുണ്ടൊ എന്നു നാലുപുറത്തേക്കും നോക്കി. അപ്പോൾമുൻവശത്തു കുറച്ചു ദൂരെയായി ഒരാന നിൽക്കുന്നതുകണ്ടു് അതു കൊച്ചയപ്പനാണെന്നു വിചാരിച്ചു പത്മനാഭൻ ചെന്നടുത്തപ്പോൾ ആ കാട്ടാന ചാടിയൊരുകുത്തുകൊടുത്തു. പത്മനാഭൻ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞതിനാൽ കുത്തു കൊണ്ടില്ല. അപ്പോൾ കാട്ടനയ്ക്കു ദേ‌ഷ്യം കലശലായി. ആ ആന പത്മനാഭനെ കുത്താനായി വീണ്ടും ചാടിച്ചെന്നു. അപ്പോൾ പത്മനാഭനും കോപാന്ധനായിത്തീരുകയാൽ ആ കുത്തും കൊള്ളാതെ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞിട്ടു കാട്ടാനയെ കുത്താനായി പത്മനാഭൻ ചാടിവീണു. കാട്ടാനയും കുത്തുകൊള്ളാതെ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞു. ഇങ്ങനെ ആ രണ്ടാനകളും ബാലിസുഗ്രീവന്മാരെപ്പോലെ അതിഭയങ്കരമായ യുദ്ധം പൊടിപൊടിച്ചുതുടങ്ങി. പിറ്റേ ദിവസം നേരം വെളുത്തിട്ടും ആ ആനകളുടെ യുദ്ധം അവസാനിച്ചില്ല. നേരം വെളുത്തപ്പോൾ കൊച്ചയപ്പൻ പതിവുപോലെ ആനക്കാരന്മാരുടെ വാസസ്ഥലത്തെത്തി. അപ്പോൾ പത്മനാഭനെ അവിടെ കാണാഞ്ഞിട്ടു കൊച്ചയ്യപ്പനു വലിയ വിചാരമായി. നേരം രാത്രിയായിട്ടും പത്മനാഭൻ വന്നുചേർന്നില്ല. ഒരുവിധത്തിൽ രാത്രി കഴിച്ചുകൂട്ടീട്ടു നേരം വെളുത്തപ്പൊൾ കൊച്ചയപ്പൻ പത്മനാഭനെ അന്വേ‌ഷിക്കാനായി കാട്ടിലേക്കു യാത്രയായി. അവന്റെ പിന്നാലെ ചില താപ്പനകളോടുകൂടി തിരുമൂലംപിള്ള മുതലായ ആനക്കാരും പോയി. കുറെ ദൂരം ചെന്നപ്പോൾ ഒരു കാൽ നാഴിക അകലെയായി രണ്ടാനകളുടെ അമർച്ചയും കൊമ്പുകൾ കൂട്ടിയിടിക്കുന്ന ശബ്ദങ്ങളും കേട്ടുതുടങ്ങി. അപ്പോൾത്തന്നെ കൊച്ചയ്യപ്പനും തിരുമൂലം പിള്ള മുതലായവവരും സംഗതി മനസ്സിലാക്കി. ഉടനെ തിരുമൂലംപിള്ള ഒരുതാപ്പനയുടെ ചങ്ങലയഴിച്ചു കൊച്ചയപ്പന്റെ മുമ്പിൽ ഇട്ടുകൊടുത്തു.

കൊച്ചയ്യപ്പൻ ആ ചങ്ങലെ നാലായിട്ടു മടക്കിയെടുത്തുകൊണ്ടു നടന്നുതുടങ്ങി. പിന്നാലെ മറ്റുള്ളവരും ചെന്നു. അങ്ങനെ കുറച്ചുദൂരംകൂടിചെന്നപ്പോൾ പത്മനാഭനും ഒരു വലിയ കാട്ടാനയും തമ്മിൽ യുദ്ധം ചെയ്തുകൊണ്ടു നിൽക്കുന്നതു് അവർ സ്പഷ്ടമായി കണ്ടു. കാട്ടാന ചാടി പത്മനാഭനെ കുത്തുകയും പത്മനാഭൻ കൊമ്പുകൊണ്ടു തട്ടുകയുംചെയ്ത സമയം കൊച്ചയ്യപ്പൻ ഓടിച്ചെന്നു കൈയിലുണ്ടായിരുന്ന ചങ്ങല കൊണ്ടു കാട്ടാനയുടെ ഒരു മർമ്മസ്ഥാനത്തു് ഊക്കോടുകൂടി ഒരടികൊടുത്തു. അടികൊണ്ട ക്ഷണത്തിൽ കാട്ടാന മരണവേദനയോടുകൂടി മൂന്നുവട്ടം ചുറ്റി നിലംപതിച്ചു. അതോടുകൂടി ആ കാട്ടാനയുടെ കഥയും കഴിഞ്ഞു. പിന്നെ എല്ലാവരുംകൂടി കാട്ടിൽനിന്നു തിരികെപ്പോരുകയുംചെയ്തു. അതിൽപ്പിന്നെ കൊച്ചയപ്പനെക്കൂടാതെ പത്മനാഭൻ തനിച്ചു് ഒരുകാര്യത്തിനും ഒരു സ്ഥലത്തും പോകാറില്ല.

ഒരിക്കൽ കുഴിയിൽ വീണ ഒരു കാട്ടനയെ കുഴിയിൽ നിന്നുകയറ്റാനായി വടങ്ങളിട്ടു കെട്ടിയശേ‌ഷം പുറകിലത്തെ വടം ഒരു മരത്തിന്മേൽ കെട്ടീട്ടു കഴുത്തിനു കെട്ടിയിരുന്ന വടങ്ങളിൽ വലതുവശത്തെ വടം കൊച്ചയപ്പനും ഇടത്തുവശത്തെ വടം മറ്റൊരു താപ്പാനയും പിടിച്ചു. പിന്നെ കുഴിയുടെ മുകളിലിട്ടിരുന്ന തടികൾ മഞ്ഞപ്രത്തിരുനീലകണ്ഠന്റെ തുമ്പിക്കൈയിന്മേൽ കൊള്ളുന്നതിനിടയായി. തന്നിമിത്തം തിരുനീലകണ്ഠനു സ്വല്പം വേദനയുണ്ടാവുകയും അവൻ കോപാന്ധനായിത്തീരുകയും ഊക്കോടുകൂടി ചാടി പത്മനാഭന്റെ പാർശ്വഭാഗത്തു് ഒരു കുത്തു കൊടുക്കുകയും പത്മനാഭൻ തത്ക്ഷണം മറിഞ്ഞുവീണു ചാവുകയും ചെയ്തു. അതു കണ്ടപ്പോൾ കൊച്ചയപ്പന്റെ വിധം ആകെപ്പാടെ ഒന്നു മാറി.അപ്പോൾ തിരുമൂലംപിള്ള “മകനേ! ചതിക്കരുതേ; വടം വിട്ടുകളയല്ലേ” എന്നു കൊച്ചയപ്പനോടു പറയുകയും “തിരുനീലകണ്ഠനെ മാറ്റിക്കൊള്ളണം” എന്ന ആ ആനയുടെ ആനക്കാരനോടു് ആംഗ്യംകാണിക്കുകയും ചെയ്തു. കൊച്ചയ്യപ്പൻ തിരുമൂലംപിള്ളയുടെ വാക്കിനെ അനുസരിക്കാതെയിരിക്കാൻ നിവൃത്തിയില്ലായ്കകൊണ്ടു് അത്യന്തം കോപത്തോടു ദുസ്സഹമായ ദുഃഖത്തോടും വടംപിടിച്ചു കൊണ്ടുപോയി കാട്ടാനയെ കൂട്ടിലാക്കി അടച്ചതിന്റെ ശേ‌ഷം തിരുനീലകണ്ഠൻ നിന്നിരുന്ന സ്ഥലത്തേക്കു അതിവേഗത്തിൽ ഓടിയെത്തി. അപ്പോൾ തിരുനീലകണ്ഠനെഅവിടെയെങ്ങും കാണായ്കയാൽ കൊമ്പിന്റെ തരിപ്പു തീർക്കാനായി അവിടെ നിന്നിരുന്നു് ഒരു തേക്കുമരത്തിന്മേൽ ഊക്കോടും കോപത്തോടുംകൂടി ഒരു കുത്തു കൊടുത്തു. കുത്തു കൊണ്ടു മരം തുളഞ്ഞു കൊച്ചയപ്പന്റെ കൊമ്പു മറുവശത്തു ചെന്നു. പിന്നെ കൊച്ചയപ്പൻ കൊമ്പു് ഊരിയെടുത്തുകൊണ്ടു തിരുമൂലംപിള്ളയുടെ വാസസ്ഥലത്തേക്കു പോയി. കൊച്ചയപ്പൻ കുത്തിത്തുളച്ച തേക്കുമരം ഇപ്പോഴും അവിടെ നിൽക്കുന്നുണ്ടത്ര. ആ സമയം തിരുനീലകണ്ഠനെ കണ്ടിരുന്നുവെങ്കിൽ കൊച്ചയ്യപ്പൻഅവന്റെ കഥ കഴിക്കുമായിരുന്നു എന്നുള്ളതിനു സംശയമില്ല. ആ സമയത്തെന്നല്ല പിന്നെ ഒരിക്കലും കൊച്ചയ്യപ്പനു മഞ്ഞപ്രത്തിരുനീലകണ്ഠനെ കാണുന്നതിനു് ഇട കൊടുത്തിട്ടില്ല. തിരുനീലകണ്ഠനെ ഉടനെ അരിപ്പാട്ടു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനായി അങ്ങോട്ടയച്ചു് അവിടെ നിറുത്തുകയും സാക്ഷാൽ വൈക്കത്തു തിരുനീലകണ്ഠൻ കഴിഞ്ഞതിന്റെ ശേ‌ഷം അങ്ങോട്ടയയ്ക്കുകയും അവനു പകരം കോന്നിയിലേക്കു താപ്പാനായി വലിയ ബാലകൃ‌ഷ്ണൻ എന്നു പ്രസിദ്ധപ്പെട്ട ആനയെ നിയമിക്കുകയും ചെയ്തു. കൊച്ചയ്യപ്പൻ തിരുമൂലംപിള്ളയുടെ വാസസ്ഥലത്തു ചെന്നിട്ടു് ഏഴു ദിവസത്തേക്കു വെള്ളം കുടിക്കുകപോലും ചെയ്യാതെ രാപകൽ ഒരുപോലെ കരഞ്ഞുകൊണ്ടു് അവിടെ ഒരു സ്ഥലത്തുകിടന്നു. പിന്നെ തിരുമൂലംപിള്ളയുടെ സാന്ത്വനവാക്കുകൾകൊണ്ടു് ഒരുവിധം സമാശ്വസിച്ചു കുറെശ്ശേ തീറ്റി തിന്നുകയും വെള്ളം കുടിക്കാൻതുടങ്ങുകയും ക്രമേണ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. “വല്ല ദുഃഖമെന്നാലും കാലം ചെല്ലുമ്പോൾ കുറഞ്ഞുപോം” എന്നുണ്ടല്ലോ.

വലിയ ബാലകൃ‌ഷ്ണൻ എന്ന പ്രസിദ്ധപ്പെട്ട താപ്പന കോന്നിയിൽവന്നു ചേർന്നതിന്റെ ശേ‌ഷം കുറച്ചു കാലത്തേക്കു ആനകളെ കുഴിയിൽനിന്നു കയറ്റി കൂട്ടിലാക്കി അടയ്ക്കുകയെന്നുള്ള കാര്യം ആ ആനയും കൊച്ചയ്യപ്പനും കൂടിയാണു് നിർവ്വഹിച്ചു പോന്നു. കൊച്ചയ്യപ്പനു വലിയ ബാലകൃ‌ഷ്ണനെക്കുറിച്ചു് പത്മനാഭനെക്കുറിച്ചുണ്ടായിരുന്നിടത്തോളം സ്നേഹമുണ്ടായിരുന്നില്ല. എങ്കിലും വിരോധവുമുണ്ടായിരുന്നില്ല.

അങ്ങനെയിരുന്നപ്പോൾ ഒരു വലിയ കാട്ടാന കുഴിയിൽ വീണു. അതിനെ വടങ്ങളിട്ടു കെട്ടി കുഴിയിൽനിന്നു കയറ്റി കഴുത്തിൽ കെട്ടിയിരുന്ന വടങ്ങളിൽ ഇടത്തുവശത്തേതു കൊച്ചയപ്പനും വലത്തുവശത്തേതു ബാലകൃ‌ഷ്ണനും കടിച്ചുപിടിച്ചുകൊണ്ടു് കൂട്ടിലേക്കു പുറപ്പെട്ടു. അപ്പോൾ ആ കാട്ടാന കാട്ടിലേക്കു പാഞ്ഞു തുടങ്ങി. ഈ രണ്ടാനകൾ പിടിച്ചിട്ടും ആ കാട്ടാന നിന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ വലിയ കാടായി. കാട്ടാനയെ തിരിച്ചുകൊണ്ടുവരുവാൻ സാധിക്കയില്ലെന്നു കണ്ടപ്പോൾ ബാലകൃ‌ഷ്ണൻവടം വിട്ടുകളയുകയും പിൻതിരിഞ്ഞു് ഓടിപ്പോവുകയും ചെയ്തു. എങ്കിലും കൊച്ചയ്യപ്പൻ വിട്ടില്ല. ആ കാട്ടാന കാട്ടിൽക്കൂടി കൊച്ചയപ്പനെയും വലിച്ചുകൊണ്ടു നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ നേരം വൈകിത്തുടങ്ങി. അപ്പോൾ തിരുമൂലംപിള്ള “മകനേ! നേരം വൈകിത്തുടങ്ങി. രാത്രിയിൽ നമ്മൾ കാട്ടിലകപ്പെടാൽ ഈ ആനയുടെ കൂട്ടാനകൾ വന്നു നമ്മുടെ കഥ കഴിക്കും. അതിനാൽ നേരമിരുട്ടുന്നതിനു മുമ്പു നമുക്കു തിരിച്ചു പോകാനുള്ള മാർഗ്ഗം നോക്കണം” എന്നു പറഞ്ഞു. ഉടനെ കൊച്ചയപ്പൻ തലതാഴ്ത്തി വടത്തിന്മേൽ ചവിട്ടിപ്പിടിചുകൊണ്ടു് കൊമ്പുകൊണ്ടു വടത്തിന്മേൽ ഒരു തട കൊടുത്തു. അപ്പോൾ കാട്ടാനയുടെ തല പെട്ടെന്നു താഴുകയും കൊമ്പു നിലത്തു മുട്ടുകയും ചെയ്തു. അത്തരത്തിനു് കൊച്ചയപ്പൻ കാട്ടാനയുടെ പാർശ്വഭാഗത്തു് ഊക്കോടുകൂടി ഒരു കുത്തും അതോടുകൂടി ഒരു തള്ളും കൊടുത്തു. മലപോലെയിരുന്ന കാട്ടാന തത്ക്ഷണം മറിഞ്ഞുവീണു് ചാകുകയും കൊച്ചയപ്പനും തിരുമൂലംപിള്ളയും അപ്പോൾത്തന്നെ തിരികെ വാസസ്ഥലത്തേക്കു പോരുകയും ചെയ്തു. അതിൽപ്പിന്നെ കൊച്ചയ്യപ്പൻ വലിയ ബാലകൃ‌ഷ്ണനോടുകൂടി യാതൊന്നിനും പോയിരുന്നില്ല.

കൊന്നിയിൽ താപ്പാനകളുടെ കൂട്ടത്തിൽ കല്യാണി എന്നു പേരായിട്ടു് ഒരു പിടിയാനയും ഉണ്ടായിരുന്നു. അതിന്റെ ആനക്കാരൻ ഗോവിന്ദപിള്ള എന്നൊരാളായിരുന്നു. അയാൾ കൊച്ചയപ്പന്റെ ആനക്കാരനാകണമെന്നാഗ്രഹിച്ചു് അതിലേക്കു ചില ശുപാർശകൾ ചെയ്തു കൊണ്ടിരുന്നു. അനേകകാലത്തെ ഉത്സാഹവും ശുപാർശയും കൊണ്ടു് ഒടുക്കം അതു സാധിച്ചു. തിരുമൂലംപിള്ളയെ കല്യാണിയുടെ ആനക്കാരനായും ഗോവിന്ദപിള്ളയെ കൊച്ചയ്യപ്പന്റെ ആനക്കാരനായും നിയമിച്ചു് മേലാവിൽനിന്നു് ഉത്തരവു് വന്നു. തിരുമൂലംപിള്ളയ്ക്കും കൊച്ചയ്യപ്പനും ഇതു് ഏറ്റവും സങ്കടകരമായിരുന്നു. എങ്കിലും നിവൃത്തിയിലായ്കയാൽ അവരതു സമ്മതിച്ചു. കൊച്ചയ്യപ്പനു ഗോവിന്ദപിള്ളയോടു് വിരോധമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അയാൾ പറയുന്നതുപോലെയൊന്നും അവൻ ചെയ്തിരുന്നില്ല. അതിനാൽ കാര്യം നടപ്പില്ലാതെയായിത്തീർന്നു. അതറിഞ്ഞു മേലാവിൽനിന്നു രണ്ടാനക്കാരെയും യഥാപൂർവ്വം ഒരു മാസത്തിനകം മാറ്റി നിയമിക്കുകയും കാര്യങ്ങളെല്ലാം മുറയ്ക്കു് മുമ്പിലത്തെപ്പോലെ നടന്നുതുടങ്ങുകയും ചെയ്തു.

പത്മനാഭൻ മരിച്ചതിന്റെശേ‌ഷം തിരുമൂലംപിള്ള പകലത്തെ പണികഴിഞ്ഞു തന്റെ വാസസ്ഥലത്തേക്കു പോകുമ്പോൾ കൊച്ചയ്യപ്പനെ കൂടെ കൊണ്ടുപോയി തീറ്റ കൊടുത്തു് അവിടെ നിറുത്തുകയാണു് പതിവു്. കൊച്ചയ്യപ്പൻ ചെറുപ്പത്തിൽ റാന്നിയിൽ കർത്താവിന്റെ വാസസ്ഥലത്തു് എപ്രകാരമോ അപ്രകാരംതന്നെയാണു് തിരുമൂലംപിള്ളയുടെ വാസസ്ഥലത്തു താമസിച്ചിരുന്നതു്. തിരുമൂലംപിള്ളയുടെ മക്കളും കൊച്ചയപ്പന്റെ അടുക്കൽ ചെന്നു കളിക്കുകയും അവൻ അവരെ കളിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികൾചെന്നു കൊച്ചയപ്പന്റെ ചെവികളിലും തുമ്പിക്കയ്യിന്മേലും വാലിന്മേലും പിടിച്ചു തുങ്ങിയാലും അവൻ അവരെ ഉപദ്രവിക്കാറില്ല. ചിലപ്പോൾ കുട്ടികളുടെ ഉപദ്രവംകൊണ്ടു വേദന ഉണ്ടായാൽ കൊച്ചയ്യപ്പൻ അവരുടെ ചെവിക്കും തുടയ്ക്കും തുമ്പിക്കയ്യിന്റെഅഗ്രംകൊണ്ടും പിടിച്ചു തിരുമ്മും. എന്നാൽ കുട്ടികൾക്കു അതുകൊണ്ടു് വലിയ വേദന ഉണ്ടാകാറുമില്ല.

തിരുമൂലംപിള്ളയ്ക്കു് ഒരിക്കലും കൊച്ചയ്യപ്പനെ അടിക്കേണ്ടിവന്നിട്ടില്ല. തിരുമൂലംപിള്ള പറയുന്നവ മാത്രമല്ല മനസ്സിൽ വിചാരിക്കുന്നവകൂടി കൊച്ചയപ്പൻ അറിഞ്ഞു വേണ്ടതുപോലെ ചെയ്യും. പിന്നെ അവനെ അടിക്കുന്നതെന്തിനാണു്? ഇന്ന സ്ഥലത്തു കുഴിയിൽ ഒരാന വീണിട്ടുണ്ടു്; അതിനെക്കയറ്റാൻ നമുക്കു് അങ്ങോട്ടു പോകണം എന്നോ, അല്ലെങ്കിൽ ഇന്ന സ്ഥലത്തു് ഉത്സവമാണു്; അവിടെ എഴുന്നള്ളിപ്പിനു പോകണമെന്നോ പറഞ്ഞു് തിരുമൂലംപിള്ള പുറത്തുയറിക്കിടന്നുറങ്ങിയാൽ കൊച്ചയപ്പൻ മുമ്പു പോയിട്ടുള്ള സ്ഥലമാണെങ്കിൽ അവൻ അവിടെ എത്തിക്കൊള്ളും.ഇടയ്ക്കു വഴിക്കു സംശയം തോന്നിയാൽ അവിടെനിന്നു പതുക്കെ തിരുമൂലംപിള്ളയെ ഉണർത്തും. അയാൾ വഴി പറഞ്ഞുകൊടുത്താൽഅവൻ പിന്നേയും നടന്നുതുടങ്ങുകയും വേണ്ടുന്ന സ്ഥലത്തു ചെന്നുചേരുകയും ചെയ്യും. അങ്ങനെയാണു് പതിവു്. ഒരു കൊല്ലം ആറന്മുളക്ഷേത്രത്തിൽ ഉത്സവക്കാലത്തു് എഴുന്നള്ളിപ്പിനായി കൊച്ചയ്യപ്പനെ കൊണ്ടുപോയിരുന്നു. അവിടെ എണ്ണയ്ക്കാട്ടു കൊട്ടാരംവക ഒരു കൊമ്പനാനയും വന്നിരുന്നു. ആ ആനയ്ക്കു വെടിക്കെട്ടിനെക്കുറിച്ചു വളരെ ഭയമുണ്ടായിരുന്നു. വെടിയുടെ ശബ്ദം കേട്ടാൽ ആ ആന കൂക്കിവിളിച്ചുകൊണ്ടു് ഓടും. അങ്ങനെയാണു് അതിന്റെ പതിവു്. അതിനാൽ ആ ആണ്ടിൽ പള്ളിവേട്ടനാൾ വെടിക്കെട്ടു് ഇറക്കിയെഴുന്നള്ളിച്ചതിന്റെ ശേ‌ഷമായിരുന്നു. ഇറക്കിയെഴുന്നള്ളിച്ചതിന്റെ ശേ‌ഷം കൊച്ചയപ്പനെ മതിൽക്കകത്തു പടിഞ്ഞാറെ ഗോപുരത്തിനു വടക്കു വശത്തും കൊട്ടാരംവക ആനയെ കിഴക്കെ ഗോപുരത്തിനു തെക്കു വശത്തും കൊണ്ടു ചെന്നു നിറുത്തി. കൊച്ചയ്യപ്പനു വെടിക്കെട്ടു കേട്ടാൽ ഒരിളക്കവുമില്ല; അവൻ ജനങ്ങളെ ഉപദ്രവിക്കയുമില്ല. അതിനാൽ തിരുമൂലംപിള്ള അവന്റെയടുക്കൽ നിൽക്കാതെ ദൂരെമാറി വെടിക്കെട്ടുകാണാൻ തയ്യാറായി നിന്നു. കൊട്ടാരം വക ആനയുടെ അടുക്കൽ തോട്ടി, കുന്തം മുതലായ ആയുധങ്ങളോടുകൂടി രണ്ടാനക്കാരന്മാർ നിന്നിരുന്നു.

ആനയ്ക്കു കയ്യിനു വിലങ്ങുമിട്ടു. ഉടനെ വെടിക്കെട്ടു് ആരംഭിച്ചു്. കമ്പക്കോട്ട പൊട്ടിത്തുടങ്ങിയപ്പോൾ കൊട്ടാരംവക ആന അത്യുച്ചത്തിൽ ഒന്നുകൂകി. അപ്പോൾ മതിൽക്കകത്തു് അസംഖ്യം ജനങ്ങളുണ്ടായിരുന്നതിനാൽ അവിടെയുണ്ടായിരുന്ന ബഹളവും കോലാഹലവും ഇന്ന പ്രകാരമാണെന്നു പറയാൻ പ്രയാസംതന്നെ. കൊട്ടാരംവക ആനയുടെ ശബ്ദം കേട്ടക്ഷണത്തിൽ കൊച്ചയ്യപ്പൻ കിഴക്കെ നടയിലെത്തി ആ ആനയെ പിടികൂടി അതിനു് ഇളകാൻ പാടില്ലാത്തവിധത്തിൽ അവിടെ നിറുത്തി വെടിക്കെട്ടു കഴിഞ്ഞു ജനങ്ങളെല്ലാം പിരിഞ്ഞതിന്റെ ശേ‌ഷമേ കൊച്ചയ്യപ്പൻ പിടിച്ചപിടിവിട്ടുള്ളു.

കൊച്ചയപ്പനും ചോറുവകയ്ക്കു സർക്കാരിൽനിന്നു് പ്രതിദിനം രണ്ടുപറ അഞ്ചിടങ്ങഴി അരി പതിവുവച്ചിട്ടുണ്ടായിരുന്നു. ആ അരി തിരുമൂലംപിള്ളയെ ഏല്പിച്ചുകൊടുക്കയാണു് പതിവു്. കോന്നിയിൽ കാട്ടുതീറ്റി ധാരാളമായിട്ടുണ്ടായിരുന്നതുകൊണ്ടു് തിരുമൂലംപിള്ള തെങ്ങോല മുതലായവ ധാരാളമായി കൊടുത്തിരുന്നതിനാലും കൊച്ചയ്യപ്പൻ ഒരു പറ അരിയുടെ ചോറിലധികം തിന്നാറില്ല. ശേ‌ഷമുള്ള അരി തിരുമൂലംപിള്ള എടുക്കുകയാണു് പതിവു്. തിരുമൂലംപിള്ളയുടെ വീട്ടിൽ ഭാര്യയും മക്കളും മറ്റുമായി അനേകം പേരുണ്ടായിരുന്നു. അയാൾക്കുള്ള ശമ്പളംകൊണ്ടു് എല്ലാവർക്കുംകൂടി ചെലവിനു് മതിയാവുകയില്ലായിരുന്നു. പിന്നെ അയാൾ ഈ അരികൊണ്ടുകൂടിയാണു് കുടുംബം പുലർത്തിപ്പോന്നിരുന്നതു്. ഈ പരമാർത്ഥമറിഞ്ഞു കല്യാണിയുടെ ആനക്കാരനായ ഗോവിന്ദപിള്ള പേരും ഒപ്പും കുടാതെ കൺസർവേറ്റർ സായ്പിന്റെ പേർക്കു് ഒരു കള്ളഹർജി എഴുതിയയച്ചു. ആ ഹർജിയിൽ കൊച്ചയ്യപ്പൻ ഒരു പറയരിയുടെ ചോറിലധികം തിന്നുകയില്ലെന്നും ശേ‌ഷമുള്ള അരി തിരുമൂലംപിള്ള അന്യായമായി അപഹരിക്കുകയാണെന്നും മറ്റും വിവരിച്ചിരുന്നു. ഹർജി കിട്ടീട്ടു മുന്നറിവുകൊടുക്കാതെ ഉടനെ പുറപ്പെട്ടു് സായ്പു് കോന്നിയിലെത്തി. കാലത്തു് ആറുമണിക്കാണു് സായ്പു് അവിടെ എത്തിയതു്. ഉടൻതിരുമൂലംപിള്ളയെ വിളിച്ചു കൊച്ചയ്യപ്പനു ചോറു് തന്നെക്കാൺകെ അരി അളന്നിട്ടു വച്ചുകൊടുക്കണമെന്നു സായ്പു് ചട്ടംകെട്ടി. അപ്രകാരം തിരുമൂലംപിളള സായ്പിന്റെ മുമ്പിൽവച്ചുതന്നെ ഇരുപത്തഞ്ചിടങ്ങഴി അരി അളന്നിട്ടുവച്ചു കൊച്ചയപ്പനു ചോറു കൊടുത്തു. അതിനിടയ്ക്കു് തിരുമൂലംപിള്ള കൊച്ചയപ്പന്റെ ചെവിയിൽ “മകനേ! ചതിക്കരുതേ; എന്റെ കുഞ്ഞുകുട്ടികൾക്കു പട്ടിണിയാക്കല്ലേ” എന്നു സായ്പു് കേൾക്കാതെ സ്വകാര്യമായി പറഞ്ഞു. കൊച്ചയപ്പൻ അതു കേട്ടു കാര്യം മനസ്സിലായി എന്നുള്ള ഭാവത്തിൽ തല കുലുക്കുകയും ചെയ്തു. കൊച്ചയപ്പൻ ആ ചോറു മുഴുവനും തിന്നതിന്റെ ശേ‌ഷം വിശപ്പടങ്ങിയില്ല എന്നുള്ള ഭാവത്തിൽ സായ്പിന്റെ മുമ്പിൽ ചെന്നുനിന്നു് ഉറക്കെ നിലവിളിച്ചു. സായ്പു് അഞ്ചെട്ടു പഴക്കുലകൂടി വരുത്തി കൊച്ചയപ്പനു കൊടുത്തു. അവൻ അതുമെല്ലാം വാങ്ങിത്തിന്നു. എന്നിട്ടും നല്ല തൃപ്തിയായ ഭാവമുണ്ടായിരുന്നില്ല. പിന്നെ സായ്പു് തിരുമൂലംപിള്ളയെ വിളിച്ചു കൊച്ചയ്യപ്പനെക്കൊണ്ടുപോയി അവനു വയർ നിറയത്തക്കവണ്ണം തെങ്ങോലയോ മറ്റോ കൊടുക്കാൻ ചട്ടംകെട്ടിയയച്ചു. അന്നുതന്നെ സായ്പു് അദ്ദേഹതിനു കിട്ടിയ ഹർജി തിരുമൂലംപിള്ളയുടെ വിരോധികളാരോ അയച്ച കള്ളഹർജിയാണെന്നു തീർച്ചപ്പെടുത്തുകയും കൊച്ചയ്യപ്പനു് അഞ്ചിടങ്ങഴി അരി കൂട്ടി പ്രതിദിനം മൂന്നു പറ അരിയുടെ ചോറുവീതം കൊടുക്കുന്നതിനും അതിനുള്ള അരി യഥാപൂർവ്വം തിരുമൂലം പിള്ളയെത്തന്നെ ഏല്പിച്ചുകൊടുക്കുന്നതിനും ഏർപ്പാടുചെയ്യുകയും ചെയ്തു. അതിനാൽ ഗോവിന്ദപിള്ള ചെയ്ത ഉപദ്രവം തിരുമൂലംപിള്ളയ്ക്കു് ഉപകാരമായിത്തീർന്നു.

അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ വൈക്കത്തു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനു തക്കതായ ആനയൊന്നും ഇല്ലാതെ വരുകയാൽ കൊച്ചയ്യപ്പനെ അവിടെ അയച്ചു നിറുത്തണമെന്നു് ഉത്തരവു വരുകയും അതനുസരിച്ചു് അവനെ അങ്ങോട്ടയ്ക്കുകയും ചെയ്തു. അക്കൊല്ലം കോന്നിയിൽ തക്കതായ താപ്പാന ഇല്ലാതെയിരുന്നതുകൊണ്ടു് കുഴിയിൽവീണ ആനകളിൽ മിക്കവയും കയറിപ്പൊയ്ക്കളയുകയും പിടിച്ചവയെത്തന്നെ കൂട്ടിലാക്കിയടയ്ക്കാൻ വളരെ പ്രയാസം നേരിടുകയും ചെയ്യുകയാൽ ആ വിവരങ്ങളെല്ലാം സായ്പു് എഴുതി അയയ്ക്കുകയും കൊച്ചയ്യപ്പനെ തിരിയെ കോന്നിയിൽത്തന്നെ വരുത്തി നിറുത്തിക്കൊള്ളുന്നതിനു് ഉത്തരവുണ്ടാകയും ചെയ്തു. അതനുസരിച്ചു കൊച്ചയ്യപ്പൻപിന്നെയും കോന്നിയിൽത്തന്നെ വന്നു ചേർന്നു. കൊച്ചയ്യപ്പൻ കൊപ്പത്തിൽനിന്നു പിടിച്ചു കൂട്ടിലാക്കി അടച്ചിട്ടുള്ള ആനകൾക്കു കണക്കില്ല. അവൻ കുഴികളിൽനിന്നുതന്നെ എഴുനൂറിലധികം ആനയെ കയറ്റി കൂട്ടിലാക്കി അടച്ചിട്ടുണ്ടു്. അവൻ അധികം ആനകളെ കൊന്നിട്ടുമില്ല. കൊച്ചയ്യപ്പൻ ഒരു കാട്ടാനയെ ചങ്ങലകൊണ്ടു് അടിച്ചും മറ്റൊന്നിനെ കുത്തിയും ഇങ്ങനെ രണ്ടാനകളെ കൊന്നിട്ടുള്ളതായി മുമ്പു പറഞ്ഞിട്ടുണ്ടലോ. അതു കൂടാതെ അവൻ ഒരാനയെക്കൂടി കൊന്നിട്ടുണ്ടു്. ഒരിക്കൽ കോന്നിയിലുള്ള ആനക്കൂടുകളിൽ സ്ഥലം മതിയാകാതെ വരുകയാൽ പത്തനാപുരത്തും ചില ആനക്കൂടുകളുണ്ടാക്കി. കൊച്ചയ്യപ്പനും മറ്റൊരു താപ്പാനയും കൂടി ഒരു കാട്ടാനയെ കുഴിയിൽനിന്നു കയറ്റിക്കൊണ്ടുവന്നു് പത്തനാപുരത്തുള്ള കൂട്ടിലേക്കു് അടയ്ക്കാനായി പുറപ്പെട്ടു. ആ കാട്ടാന വലിയ പിണക്കക്കാരനായിരുന്നു. അതിനെകൊണ്ടുപോകാനുളള പ്രയാസംകൊണ്ടും വല്ല പ്രകാരവും കൂട്ടിലാക്കി അടച്ചാലും പിന്നീടു നാശങ്ങളുണ്ടാക്കിത്തീർത്തേക്കുമെന്നു തോന്നിയതി നാലും പിടിവിട്ടാൽ തന്നെതന്നെ അവൻ കുത്തിക്കൊന്നേക്കുമെന്നുള്ള ഭയം നിമിത്തവും കൊച്ചയ്യപ്പൻ ആ കാട്ടാനയെ വഴിക്കു വച്ചു കുത്തിക്കൊന്നുകളഞ്ഞു. അതു തിരുമൂലംപിള്ളയുടെ സമ്മതപ്രകാരമായിരുന്നു. കൊച്ചയപ്പനും കൂട്ടാനയും വി‌ഷമിക്കുന്നു എന്നു കണ്ടപ്പോൾ “എന്നാൽ കാച്ചിക്കള മകനേ!” എന്നു തിരുമൂലംപിള്ള പറഞ്ഞിട്ടാണു് കൊച്ചയപ്പൻ കുത്തിയതു്. തിരുമൂലംപുള്ള പറയാതെ കൊച്ചയപ്പൻ സ്വമേധയാ അങ്ങനെയൊന്നും ചെയ്യാറില്ല.

ഇക്കഴിഞ്ഞ 1099-ാമാണ്ടു കർക്കടമാസത്തിൽ നാടുനീങ്ങിയ ശ്രീമൂലം തിരുനാൾ മഹാരാജവു തിരുമനസ്സുകൊണ്ടു് ഒരിക്കൽ കൊല്ലത്തു് എഴുന്നള്ളിയിരുന്ന സമയം കൊച്ചയ്യപ്പനെ കാണുന്നതിനു കൽപിച്ചാവശ്യപ്പെട്ടപ്രകാരം എഴുതിച്ചെല്ലുകയാൽ തിരുമൂലംപിള്ള അവനെ കൊല്ലത്തുകൊണ്ടുചെന്നു തിരുമുമ്പാകെ ഹാജരാക്കി. തിരുമുമ്പാകെച്ചെന്ന ഉടനെ തുമ്പിക്കയ്യിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കടലാസു് തിരുമുമ്പാകെ വച്ചിട്ടു മുട്ടുകുത്തി തലകുനിച്ചു നമസ്കരിച്ചു. ഉടനെ എഴുന്നേറ്റു തിരുമുമ്പാകെനിന്നു. തിരുമനസ്സുകൊണ്ടു് ആ കടലാസു് തൃക്കയ്യിലെടുത്തു തൃക്കൺപാർത്തു. അതു് ഒരു ഹർജിയായിരുന്നു. അതിന്റെ സാരം. “അടിയനു് ആകാമായിരുന്ന കാലത്തെല്ലാം തിരുമനസ്സിലെ ഗവർമ്മെണ്ടിലേക്കു് നഷ്ടം നേരിടാത്ത വിധത്തിലും ആദായമുണ്ടാകത്തക്കവണ്ണവും മടിയും വ്യാജവും കൂടാതെ യഥാശക്തി അടിയൻ വേലചെയ്തിട്ടുണ്ടു്. ഇപ്പോൾ അടിയനു പ്രായാധിക്യം നിമിത്തമുള്ള ക്ഷീണംകൊണ്ടു വേലചെയ്‌വാൻ നിവൃത്തിയില്ലാതെ ആയിരിക്കുന്നു. അതിനാൽ വേല വിടുർത്തി പെൻ‌ഷൻ തരുന്നതിനു സദയം കൽപനയുണ്ടാകണമെന്നു സവിനയം അപേക്ഷിച്ചുകൊള്ളുന്നു.” എന്നായിരുന്നു. കൊച്ചയ്യപ്പനു് ഇതു് എഴുതിക്കൊടുത്തതു് ആരാണെന്നും മറ്റും അന്വേ‌ഷിക്കാതെ തന്നെ തിരുമനസ്സുകൊണ്ടു് അവനു പെൻ‌ഷൻ കൊടുക്കാൻ സസന്തോ‌ഷം കൽപ്പിച്ചനുവദിച്ചു. കൊച്ചയ്യപ്പനെക്കൊണ്ടു മേലാൽ യാതൊരു വേലയും ചെയ്യിച്ചുപോകരുതെന്നും അവനു പതിവുള്ള ചോറും മറ്റു തീറ്റികളും ശരിയായി കൊടുത്തുകൊള്ളണമെന്നും അവനെ മേലാൽ ആറന്മുളെ നിറുത്തി രക്ഷിച്ചുകൊള്ളണമെന്നും രണ്ടുനേരവും ആറ്റിൽ കൊണ്ടുപോയി കുളിപ്പിക്കണമെന്നും ചോറു കൊടുക്കുന്നതിനും മറ്റും നേരനീക്കം വരുത്തരുതെന്നും മറ്റുമായിരുന്നുകൽപ്പന. ഇങ്ങനെ ഒരു കൽപ്പന തിരുവിതാംകൂറിൽ മറ്റൊരാനയെക്കുറിച്ചും ഉണ്ടായിട്ടുള്ളതായി കേട്ടു കേൾവിപോലുമില്ല. ഈ കൽപ്പന ഉണ്ടായ കാലംമുതൽ കൊച്ചയ്യപ്പന്റെ താമസം ആറന്മുളയായിരുന്നു.

അവിടെവച്ചു തന്നെ അവൻ വിശേ‌ഷിച്ചു യാതൊരു കാരണവും കൂടാതെ അനായാസേന ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. അതു് കൊല്ലം 1086-ആമാണ്ടു കുംഭമാസത്തിൽ കൊച്ചയ്യപ്പന്റെ 103-ആമത്തെ വയസ്സിലായിരുന്നു. കൊച്ചയ്യപ്പനെക്കുറിച്ചു് ഇനിയും പല കഥകൾ പറയാനുണ്ടു്. പക്ഷേ, ഇക്കാലത്തുള്ള ചില ചെറുപ്പക്കാർക്കു് അവയെല്ലാം ഒരുവക അതിശയോക്തികളാണെന്നു തോന്നിയേക്കാമെന്നു വിചാരിച്ചാണു് അധികം വിസ്തരിക്കാതെ ചുരുക്കത്തിൽ പറഞ്ഞു തീർത്തതു്. കൊച്ചയ്യപ്പൻകുഴിയിൽ വീണ കാലം മുതൽ കണക്കാക്കുകയാണെങ്കിൽ അവനു് അനേകം ആനക്കാരന്മാരുണ്ടായിട്ടുണ്ടെന്നും പറയാം. എങ്കിലും അവന്റെ അമ്പതാമത്തെ വയസ്സുമുതൽ അവസാനകാലംവരെ അവന്റെ രക്ഷകനായി ഇരുന്നിട്ടുള്ളതു തിരുമൂലംപിള്ളതന്നെയാണു്.

Leave a Comment