ടോപ്സി എന്ന പിടിയാനയുടെ കഥ

1875 ല്‍ തെക്ക് കിഴക്കെ ഏഷ്യയില്‍ എവിടെയോ ആണ് ടോപ്സി എന്ന പിടിയാന ജനിച്ചത് . കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവളെ ആരോ രഹസ്യമായി എങ്ങിനെയോ അമേരിക്കയിലേക്ക് കടത്തി . അവിടെ Forepaugh സര്‍ക്കസ് കമ്പനിക്കാണ് അവളെ വിറ്റത് . “അമേരിക്കയില്‍ ജനിച്ച ആദ്യ ഏഷ്യന്‍ ആന ” എന്ന കള്ള ലേബലില്‍ ആണ് ടോപ്സിയെ അവര്‍ പ്രദര്‍ശിപ്പിച്ചത് . സര്‍ക്കസ് പ്രദര്‍ശനങ്ങളിലെ താരമായിരുന്നു അവള്‍ . പക്ഷെ പ്രദര്‍ശനം കഴിഞ്ഞാല്‍ കൊടിയ പീഡനമായിരുന്നു ടോപ്സിക്ക് സഹിക്കേണ്ടി വന്നിരുന്നത് . വളര്‍ത്തു മൃഗങ്ങളെ ” കൈകാര്യം ” ചെയ്യേണ്ട നിയമങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല . ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച സകല വിധ ആയുധങ്ങളും പരിശീലകര്‍ പാവം ടോപ്സിക്ക് മേല്‍ പ്രയോഗിച്ചു .

വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിനോടുവില്‍ പക്ഷെ അവള്‍ പ്രതികരിച്ചു . മൂന്ന് പരിശീലകരുടെ ജീവനെടുത്തു കൊണ്ടാണ് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന തന്‍റെ പക വീട്ടിയത് . അതില്‍ ഒരാള്‍ ടോപ്സിയുടെ തുമ്പിക്കൈ സിഗരട്റ്റ് വെച്ച് പോള്ളിച്ചപ്പോള്‍ ആണ് അവള്‍ പ്രകൊപിതയായത്‌. അതോടെ അവളെ “നിലയ്ക്ക് നിര്‍ത്തുവാനുള്ള ” ചുമതല കൂടുതല്‍ പരുക്കനായ James Fielding Blount ല്‍ എത്തി ചേര്‍ന്നു . ജെയിംസ്‌ കൂടുതല്‍ വഷളന്‍ ആയിരുന്നു . ടോപ്സിയെ അയാള്‍ കൂടുതല്‍ കൂടുതല്‍ ദ്രോഹിക്കുവാന്‍ തുടങ്ങി . 1902 ലെ ഒരു രാത്രിയില്‍ കുടിച്ചു നില വിട്ട ജെയിംസ്‌ അവളെ മദ്യം കഴിപ്പിക്കുവാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി . അതിന് വിസമ്മതിച്ച ടോപ്സിയെ വെളുക്കുവോളം അയാള്‍ തല്ലി വശം കെടുത്തി . പക്ഷെ അവസാനം അവള്‍ പ്രതികരിച്ചു . ജെയിംസിനെ നിലത്ത് ചവിട്ടി തേച്ചാണ് അവള്‍ തന്‍റെ അരിശം മുഴുവനും തീര്‍ത്തത് .

അവസാനം കൊലയാളി ആനയെ വില്‍ക്കുവാന്‍ തന്നെ സര്‍ക്കസ് കമ്പനി തീരുമാനിച്ചു . Coney ദ്വീപിലെ Sea Lion അമ്യൂസ്മെന്റ് പാര്‍ക്ക് ഒപേറെറ്റര്‍ ആയ Paul Boynton ആണ് ടോപ്സിയെ വാങ്ങിയത് . എന്നാല്‍ പിന്നീട് അവളെ അതേ ദ്വീപിലെ Luna പാര്‍ക്കുകാര്‍ക്ക് കൈമാറി . പാര്‍ക്കിന്‍റെ പണി പൂര്ത്തിയാകാഞ്ഞതിനാല്‍ ടോപ്സിയെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു . കൊടിയ പീഡനങ്ങളുടെ തുടര്‍ക്കഥയായിരുന്നു അവിടെ അവളെ കാത്തിരുന്നത് . കൂറ്റന്‍ ഇരുമ്പ് നിർ മ്മിതികള്‍ തള്ളിമാറ്റുവാനും കമ്പികള്‍ വളയ്ക്കാനും മറ്റും അവളെ അവര്‍ ഉപയോഗിച്ച് . അവള്‍ എടുത്തു മാറ്റിയിരുന്ന അതേ കമ്പികള്‍ കൊണ്ടാണ് ടോപ്സിയെ പരിശീലകര്‍ “അനുസരിപ്പിച്ചിരുന്നത് ” . ക്രൂരത അതിര് വിട്ടപ്പോള്‍ ഒരു പരിശീലകനെ പോലിസ് വിളിച്ചു വരുത്തി ശകാരിച്ചു വിടുക വരെ ചെയ്തു . അറസ്റ്റ് ചെയ്യപ്പെട്ട പരിശീലകന്‍ Whitey Ault , പഴയ ജെയിംസിനെക്കാള്‍ മോശമായിരുന്നു . കുടിച്ചു ലക്ക് കേട്ട അയാളെ പോലീസ്‌ അറസ്റ്റ് ചെയ്തു സ്റെഷനിലേക്ക് കയറ്റിയപ്പോള്‍ കൂടെ ടോപ്സിയും സ്റെഷനിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചത് ആളുകള്‍ക്ക് ചിരിയും പരിഭ്രാന്തിയും ഒരുമിച്ചുണ്ടാക്കി . എന്തായാലും ആ സംഭവത്തോടെ വൈറ്റിന്റെ പണി പോയി . ഫലത്തില്‍ ടോപ്സിയെ “നോക്കാന്‍ ” ആരും ഇല്ലാത്ത അവസ്ഥ .

“ക്രിമിനല്‍ ” ആനയെ എങ്ങിനെ കൊണ്ട് നടക്കും എന്നായി അധികൃതരുടെ ചിന്ത . ഇപ്പോള്‍ തന്നെ “പേര് ദോഷം ” സമ്പാദിച്ച ടോപ്സിയെ ഇനി ആരും മേടിക്കില്ല എന്ന് ഉറപ്പ് . അവളെ പരിശീലിപ്പിക്കുവാന്‍ ആരും തയ്യാറാകാത്തത് ആയിരുന്നു മറ്റൊരു പ്രശനം . അതായത് ഇനി അവളെ വെറുതെ തീറ്റി പോറ്റണം. പക്കാ ബിസിനസുകാരായ പാര്‍ക്ക് ഉടമകള്‍ അതിന് തയ്യാറല്ലായിരുന്നു . അവസാനം അവര്‍ ഒരു തീരുമാനത്തില്‍ എത്തി . ടോപ്സിയെ കൊല്ലുക . പത്തടി ഉയരവും മൂന്ന് ടണ്‍ ഭാരവുമുള്ള ഒരു മൃഗത്തെ കൊല്ലാന്‍ പല വഴികള്‍ അവര്‍ ആലോചിച്ചു . തോക്ക് , വിഷം , തൂക്കിക്കൊല, ലോഹ കമ്പികള്‍ ഉപയോഗിച്ച് മുറുക്കി കൊല്ലുക … അങ്ങിനെ പല നിര്‍ദേശങ്ങള്‍ ഉണ്ടായി . American Society for the Prevention of Cruelty to Animals ഇടപെട്ടതിനാല്‍ പല “മൃഗീയ ” രീതികളും തടയപ്പെട്ടു . അവസാനം “നല്ലൊരു ” രീതി ആരോ പറഞ്ഞു . ടോപ്സിയെ ഷോക്ക് അടിപ്പിച്ചു കൊല്ലുക ! മനുഷ്യനെ കൊല്ലുന്ന വൈദ്യുത കസേരകള്‍ അന്ന് നിലവില്‍ വന്നിരുന്നു . അങ്ങിനെ ആ പണി അവര്‍ ” വിദ്യുത്ശക്തിയില്‍ ” ആഗ്രഗണ്യരായ കുറച്ചു പേരേ ഏല്‍പ്പിച്ചു . അവസാനം 1903 ജനുവരി നാലാം തീയതി ഞായറാഴ്ച ടോപ്സിയുടെ അന്ത്യ ദിനമായി നിര്‍ണ്ണയിക്കപ്പെട്ടു . വധശിക്ഷ കാണുവാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു എങ്കിലും ഏകദേശം നൂറു പേര്‍ക്ക് മാത്രമാണ് കോപൌണ്ടിലേക്ക് പ്രവേശനം കിട്ടിയത് . അനേകം മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍ മാരും ഈ അപൂര്‍വ്വ സംഭവം കാണാന്‍ എത്തിയിരുന്നു . ചിലര്‍ വേലികളും മതിലും ചാടി സംഭവ സ്ഥലത്ത് എത്തി .

ഇലക്ട്രീഷ്യന്‍ P. D. Sharkey യുടെ നേതൃത്വത്തില്‍ ഉള്ള Edison Electric Illuminating Company of Brooklyn ആയിരുന്നു ആനയുടെ ദയവധം നടത്താന്‍ ഏറ്റിരുന്നത് . തലേ രാത്രി മുഴുവനും പണിയെടുതാണ് അവര്‍ തൊട്ടടുത്ത ലോക്കല്‍ പവര്‍ സ്റെഷനില്‍ നിന്നും പ്രത്യേക ലൈന്‍ ഇതിനായി വലിച്ചത് . അങ്ങിനെ സമയം എത്തി . ഷോക്കടി വിദ്യയില്‍ അത്ര വിശ്വാസം ഇല്ലാതിരുന്ന പാര്‍ക്ക് അധികൃതര്‍ ടോപ്സിക്ക് 460 ഗ്രാം സയനൈഡ് കലക്കിയ ക്യാരറ്റ് കഴിക്കുവാന്‍ കൊടുത്തു . എന്നാല്‍ അവള്‍ അത് മുഴുവനും കഴിക്കാന്‍ കൂട്ടാക്കിയില്ല . ശിക്ഷ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ടോപ്സി ആനയിക്കപ്പെട്ടു . പ്രത്യേകം തയ്യാറാക്കിയ പ്ലാറ്റ് ഫോമില്‍ അവളെ സ്റ്റീല്‍ വടം കൊണ്ട് ബന്ധിച്ചു . ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിന്റെ സഹായത്താല്‍ ഈ വടം മുറുക്കുവാന്‍ സാധിക്കുമായിരുന്നു . ഷോക്കടിച്ചു മരിച്ചില്ലെങ്കില്‍ വയറുകള്‍ കഴുത്തില്‍ മുറുക്കി കൊല്ലുവാന്‍ വേണ്ടിയായിരുന്നു ഈ സംവിധാനം . ഇലക്ട്രീഷ്യന്മ്മാര്‍ ടോപ്സിയുടെ വലത്തേ മുന്കാലും ഇടത്തെ പിന്കാലും വൈദ്യുത കമ്പികളോട് ബന്ധിച്ചു . കറന്റ് ശരീരം മുഴുവനും കയറണം അതായിരുന്നു പ്ലാന്‍ .

ആവി എഞ്ചിന്‍ ശബ്ദിച്ചു തുടങ്ങി . കുരുക്കുകള്‍ മുറുകാന്‍ ആരംഭിച്ചു . പ്ലാറ്റ് ഫോമില്‍ നിന്നും പുക ഉയര്‍ന്നു . ജനങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ പ്രധാന ഇലക്ട്രീഷ്യന്‍ കൈ ഉയര്‍ത്തി . ടോപ്സിയുടെ ശരീരത്തിലേക്ക് 6,600 വോള്‍ട്ട് വൈദ്യുതി പ്രവഹിച്ചു . അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനു വിരാമമിട്ടുകൊണ്ട് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന അമേരിക്കന്‍ മണ്ണില്‍ പിടഞ്ഞു വീണു . മരിച്ചുവെന്നു ഉറപ്പാക്കുവാന്‍ വീണു കിടക്കുന്ന ടോപ്ടിയുടെ കഴുത്തില്‍ വീണ്ടും പത്തു മിനിട്ടോളം വടം ഇട്ടു മുറുക്കി . അവസാനം ആ ജീവിതത്തിനു അന്ത്യമായി ……

ഈ രംഗങ്ങള്‍ എല്ലാം Edison film company അപ്പാടെ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു . ലോകത്തിലെ ആദ്യത്തെ ലൈവ് ഡെത്ത് വീഡിയോ എന്ന പേരില്‍ അത് ലോകപ്രശസ്തമായി . ആദ്യകാല സിനിമാ പ്രദര്‍ശന മാധ്യമം ആയിരുന്ന kinetoscopes ലെ പ്രധാന ഐറ്റം Electrocuting an Elephant എന്ന ടോപ്സിയുടെ മരണ വീഡിയോ ആയിരുന്നു .

എഡിസന്റെ പങ്ക്
==============

ആയിരത്തി എണ്ണൂറുകളുടെ അവസാനം എഡിസന്റെ Edison Electric Light Company യും Westinghouse Electric Company തമ്മില്‍ നടന്ന ശീത യുദ്ധമായിരുന്നു War of Currents. എഡിസന്റെ കമ്പനി , വാണിജ്യാവശ്യത്തിന് DC ആണ് നല്ലെതെന്ന് വാദിച്ചു . വെസ്റിംഗ് ഹൌസ് ആകട്ടെ AC ആണ് നല്ലെതെന്ന് പ്രചരിപ്പിച്ചു . അക്കാലത്ത് AC കൂടുതല്‍ മാരകവും അപകടകരവും ആണെന്ന് തെളിയിക്കുവാന്‍ എഡിസണ്‍ കമ്പനി ധാരാളം മൃഗങ്ങളെ ഷോക്കടിപിച്ചു കൊന്നിരുന്നു . എന്നാല്‍ 1892 ല്‍ എഡിസന്റെ കമ്പനി AC യെ പിന്തുണക്കുന്ന Thomson-Houston കമ്പനിയില്‍ ലയിച്ച് General Electric കമ്പനി രൂപീകൃതമായതോടെ എഡിസന്‍ ഫലത്തില്‍ കമ്പനിയില്‍ നിന്നും പുറത്താകുകയും വിഖ്യാതമായ “വൈദ്യുത യുദ്ധം ” അവസാനിക്കുകയും . ചെയ്തു . എന്നാല്‍ സെന്‍സേഷന്‍ എഴുതി ഉണ്ടാക്കി പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന ആളുകള്‍ അക്കാലത്തും ഉണ്ടായിരുന്നതിനാല്‍ ടോപ്സിയെ കറന്റ് അടിപ്പിച്ചു കൊന്നത് എഡിസന്‍ ആണെന്നും AC യുടെ മാരക പ്രഹരശേഷി ആളുകളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് ഈ വിഖ്യാതമായ ” ആന വധം ‘ നടത്തിയതെന്നും പറഞ്ഞു നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങി . 2008 ലെ Wired magazine ലെ ആര്‍ട്ടിക്കിളുകള്‍ ഒക്കെ ഇത്തരത്തില്‍ പെടുന്നവയാണ് . വാസ്തവത്തില്‍ ടോപ്സി മരിക്കുന്ന സമയം വാര്‍ ഓഫ് കറന്റ്സ് അവസാനിക്കുകയും എഡിസന്‍ കമ്പനിയുടെ തലപ്പത്ത് നിന്നും സാക്ഷാല്‍ എഡിസന്‍ മാറുകയും ചെയ്തിരുന്നു . എഡിസന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നും ഇല്ല

Author: gajaveeran