Chirakkal Kalidasan ചിറയ്ക്കല്‍ കാളിദാസന്‍

സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് കാളിദാസന്‍. കര്‍ണാകത്തിലെ ഏതോ കാട്ടില്‍ പിറന്നു വളര്‍ന്നവനെ മനിശ്ശേരി ഹരിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മംഗലാംകുന്ന് കര്‍ണന്‍, കുട്ടംകുളങ്ങര അര്‍ജുനന്‍ തുടങ്ങി ഒട്ടേറെ ഗജകേസരികളെ പുറംനാടുകളില്‍ നിന്ന് കണ്ടെത്തി മലയാളമണ്ണിലേക്ക് കൂട്ടികൊണ്ടുവന്ന പ്രമുഖ ആനവ്യാപാരിയായ മനിശ്ശേരി ഹരിയുടെ ഈയൊരു കണ്ടെത്തലും കുറഞ്ഞകാലം കൊണ്ടുതന്നെ ഉത്സവകേരളത്തിന്റെ താരപ്രഭാവമായി മാറിയിരിക്കുന്നു.വണ്ണത്തെക്കാള്‍ ഏറെ ഉയരത്തിലും തലയെടുപ്പിലും മികച്ചു നില്‍ക്കുന്ന ‘ഒറ്റപ്പാളി’ ആനകളുടെ ഗണത്തില്‍ പെടുന്നവനാണ് കാളിദാസന്‍. മുപ്പതിന് താഴെ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ഏതാണ്ട് പത്തടിയോളമെത്തുന്ന ഉയരം. ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യത്തെ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ ‘ജൂനിയര്‍ തെച്ചിക്കോട്’ എന്ന പേരിലും അറിയപ്പെടുന്നത്. ആനയുടമസംഘം ഭാരവാഹിയായ ചിറയ്ക്കല്‍ മധുവിന്റെ മാനസപുത്രനും അഭിമാനവുമാണ് ഇന്ന് കാളിദാസന്‍. മനിശ്ശേരി ഹരിയില്‍ നിന്ന് ഏതാനും വര്‍ഷംമുമ്പ് അക്കാലത്തെ നല്ല മോഹവില നല്‍കിയാണ് മധു കാളിദാസനെ സ്വന്തമാക്കിയത്.

മീശമുളയ്ക്കും മുമ്പുതന്നെ ലോകത്തെ മുഴുവന്‍ കാലടിച്ചോട്ടിലാക്കാന്‍ പോന്ന തലയെടുപ്പും ഉയരപ്രാമാണ്യവും ഒത്തുകിട്ടിയത് കൊണ്ടാവാം, കാളിദാസന്‍ ശരിക്കും ഒരു കാതലുള്ള ധിക്കാരി തന്നെയാണ്. എന്നുവെച്ചാല്‍ ഉടമയായാലും പാപ്പാനായാലും അതല്ല പൊതുജനമായാലും ശരി, ആരും ഒരു പരിധിക്കപ്പുറം തൊട്ടുംപിടിച്ചും കളിക്കാന്‍ വന്നേക്കരുതെന്ന പിടിവാശിയുള്ളവന്‍. ഗൗരവമാണ് ഇവന്റെ സ്ഥായീഭാവം. ആനയെ പോറ്റുവാനുള്ളവരാണ് ആനപാപ്പാന്‍മാര്‍ എന്നതൊക്കെ ശരി, പക്ഷേ ഒന്നാംപാപ്പന്‍ ഒഴികെയുള്ളവര്‍ കൂടുതല്‍ വകുപ്പും ചട്ടവുമായി വെളിച്ചപ്പാടാവാന്‍ നോക്കിയാല്‍ കാളിദാസന്‍ അത് അംഗീകരിക്കില്ല. അതായത്, വേണമെങ്കില്‍ ഒപ്പം നടന്ന് അരിക്കാശിനുള്ള വഴി നോക്കാമെന്നല്ലാതെ, തന്നെ ചട്ടം പഠിപ്പിക്കാനും ശിക്ഷിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം രണ്ടാമന്‍മാര്‍ക്കും മൂന്നാമന്‍മാര്‍ക്കും കാളിദാസന്‍ വകവെച്ചു കൊടുക്കില്ല. പക്ഷേ, ഇന്നോളം കാളിദാസന്റെ പേരില്‍ കാര്യമായ കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സ്വയമേ തന്നെ രണ്ടാമന്‍മാരെയും സഹായികളെയും കണ്ണിന് പിടിക്കാത്ത കാളിദാസന്‍ മദപ്പാടിലായാലുള്ള കാര്യം പറയുകയും വേണ്ട. ആനപ്പറമ്പിന്റെ ഏഴയലത്ത് എങ്ങാനും അവരുടെ മണമടിച്ചാല്‍ മതി ശരിക്കും രൗദ്രഭീമനായി തുള്ളിയുറയും ഈ യുവരക്തം. ആ സമയം കൈയില്‍ കിട്ടുന്നതെന്തായാലും ശരി അതെല്ലാം അവരുടെ തലവഴി പലവഴി ചിതറുകയും ചെയ്യും.
5 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളിദാസന്റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി ഇവന്റെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, യുവരാജാവിന്റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനകള്‍ ദൈവംതമ്പുരാന്റെ കണ്ണുതുറപ്പിച്ചെന്നതുപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി….രക്ഷപ്പെട്ടു. (എരണ്ടമെന്നാല്‍ ആനപ്പിണ്ടം. എരണ്ടം പുറത്തുപോകാതെ ദിവസങ്ങളോളം വയറ്റില്‍ കെട്ടിക്കിടക്കുകയും അതുകൊണ്ടുതന്നെ തീറ്റയും വെള്ളവും എടുക്കാനാവാതെ ആനയുടെ ആരോഗ്യം അനുദിനം വഷളാവുന്നതുമാണ് എരണ്ടക്കെട്ട് രോഗം).
അഗ്നിപരീക്ഷണം അതിജീവിച്ച് ഉത്സവനഗരികളിലേക്ക് പൂര്‍വാധികം ശക്തിയോടെ, തിളക്കത്തോടെ തിരിച്ചുവന്ന ചിറയ്ക്കല്‍ കാളിദാസനെ കൊട്ടുംകുരവയുമായാണ് ദൈവത്തിന്റെ സ്വന്തംനാട് വരവേറ്റത്. യുവരാജാവിന്റെ തലയെടുപ്പിനും താരത്തിളക്കത്തിനും ഇന്ന് കേരളം അങ്ങോളമിങ്ങോളം ആരാധകലക്ഷങ്ങള്‍. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ ‘ഇടത്തേക്കൂട്ട്’ എന്ന അസൂയാര്‍ഹമായ ബഹുമതിയും ഈ ചെറുപ്പക്കാരനെ തേടിയെത്തിയതോടെ ചിറയ്ക്കല്‍ കാളിദാസന്റെ ദിനങ്ങള്‍ക്ക് ഇന്ന് പൊന്നുംവില

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *