Cherpulassery Parthan ഇളമുറതമ്പുരാൻ ചെർപ്പുള്ളശ്ശേരി പാർഥൻ ഓർമയായി ആദരാഞ്ജലികൾ

Cherpulassery Parthan ഇളമുറതമ്പുരാൻ ചെർപ്പുള്ളശ്ശേരി പാർഥൻ ഓർമയായി ആദരാഞ്ജലികൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു നഗരസഭയാണ് ചെർപ്പുളശ്ശേരി നഗരസഭ. ഒറ്റപ്പാലത്തുനിന്നും ഏതാണ്ടു 17 കി.മീ. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 2015 വരെ ഗ്രാമപഞ്ചായത്തായിരുന്ന ഈ സ്ഥലം നഗരസഭയാക്കണമെന്ന് ഏറെക്കാലം ആവശ്യമുണ്ടായിരുന്നു. ഒടുവിൽ 2015 ജനുവരി 14-ന് നഗരസഭ നിലവിൽ വന്നു. പാർത്ഥൻ പൃഥയുടെ പുത്രൻ (കുന്തിദേവിയുടെ ശരിയായ നാമം; ഭോജരാജാവിന്റെ -കുന്തിഭോജൻ- വളർത്തുമകളായതിനാൽ കുന്തിയെന്നറിയപ്പെട്ടു). ഇവിടെ പറയുന്ന പാർത്ഥൻ നമ്മുടെ എല്ലാം ഇളമുറ തമ്പുരാൻ. ആനകേരളത്തിലെ പാലക്കാടൻ പെരുമ, ചെർപ്പുളശ്ശേരി SK തറവാട്ടിലെ ഇവൻ ആനകേരളത്തിലെ ഇളമുറതമ്പുരാൻ ആയി വാഴുന്നു. ആന പ്രേമികളുടെ മനസിലും എന്നും മായാത്ത മുഖമായി കഴിഞ്ഞു

പാലക്കാടിന്റെ,ആനകേരളത്തിന്റെ സ്വന്തം ഇളമുറതമ്പുരാൻ ചെർപ്പുളശ്ശേരി പാർത്ഥൻ. ആനകേരളത്തിലെ മിന്നും താരം ഏത് സഹ്യനോടും പൊരുതാൻ കെൽപ്പുളളവൻ. ചെർപ്പുളശ്ശേരിയെ ആനകേരളത്തിന്റെ അറിയപ്പെടുന്ന ആനത്തറവാടാക്കാൻ മുഖ്യ പങ്കു ഇവാന്റെയും കൂടിയാണ്.ഇവനെ ക്കുറിച്ച് പറയുമ്പോൾ തന്നെ നല്ല തലയെടുപ്പും, കാട്ടുഞാവൽപഴം പോലും തോറ്റുപോകുന്ന കരിമ്പാറകറുപ്പുമായി ഒരു കരുമാടികുട്ടൻ അതാണ്‌ പാർഥൻ. മുപ്പതുവയസ്സിനു മാത്രം അടുത്ത് പ്രായമുള്ള ഇവൻ ഇപ്പോൾ തന്നെ പത്തടിക്ക് മേലെയാണ് ഉയരം. ഇരിക്കസ്ഥാനം എന്ന മുതുകള്ളവിനേക്കാൾ രണ്ടടിയെങ്കിലും മേലെ നില്ക്കുന്ന നിലവാണ് ഇവന്ടെ പ്രത്യേകത.. ആസ്സാം- അരുണാചൽ പ്രദേശ് വനങ്ങളിൽ എവിടെയോ ആണ് ഇവാൻ പിറന്നു വീണത്‌ . കേരളത്തിലേക്ക് ഇവൻ എത്തുമ്പോൾ കൗമാരം കടന്നു യൌവനത്തിലേക്ക് കഷ്ടിച്ച് എത്തിയിട്ടേ ഉണ്ടായിരുനുള്ളു. കേരളത്തിനകത്തും പുറത്തും ശ്രദ്ധേയരായ എസ്‌.കെ.ഗ്രൂപിന്ടെ അഥവാ ശബരി ഗ്രൂപിന്ടെ മാനസപുത്രനും അഭിമാന പ്രതീകവുമാണ് പാർഥൻ. ചെർപ്പുള്ളശ്ശേരി എസ്‌.കെ ഗ്രൂപ്പിൽ എത്തിച്ചേരും മുൻപ് ഇവൻ പൂമുള്ളി പാർഥൻ ആയിരുന്നു. ആസ്സാം- അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് ഇവനെ കേരളത്തിൽ എത്തിക്കുനത് പാപ്പാലപ്പരമ്പൻമാരാണ്. നീണ്ട യാത്രക്ക് ശേഷം കോട്ടയത്ത്‌ എത്തിയ ഇവൻ വീണ്ടും ഒന്ന് ശ്വാസംഎടുക്കും മുൻപ് പൂമുള്ളി മനയിൽ ലക്ഷ്യമാക്കി പാലക്കാട് എത്തി. ആദ്യമായി ഇവനെ എഴുനെള്ളിച്ചത് കടമ്പഴിപ്പുറം ക്ഷേത്രത്തിലായിരുന്നു. ‘ആനയെ കാണും മുൻപ് കച്ചവടം’ എന്ന ബഹുമതി പാർഥനു മാത്രം സ്വന്തം. ഏറ്റവും മുന്തിയ ആനകള്ക്ക് കൂടി പത്തു മുതൽ പന്ത്രണ്ടു ലക്ഷം വരെ വിലയുണ്ടായിരുന്ന ഘട്ടത്തിൽ ഇരുപതുലക്ഷത്തിനു അടുത്ത് വരുന്ന മോഹവില കൊടുത്താണ് പാർഥനെ 2002 മാർച്ചിൽ ശബരി ഗ്രൂപ്പ്‌ പൂമുള്ളി പാർഥനെ ചെർപ്പുള്ളശ്ശേരി പാർഥനാക്കിയെടുക്കുനത്. പാർഥൻ തിരി കൊളുത്തി വിട്ട ആ വിലക്കയറ്റം വന്നുവന്നിപ്പോൾ അന്പത് ലക്ഷമോ ഒരു കോടിയോ കൊടുത്താലും നല്ലൊരു ആനയെ കിട്ടാത്ത അവസ്ഥയിലെത്തി നില്കുന്നു. മദപ്പാടിന്റെ പ്രധാന അവസ്ഥയിലും ഇവൻ ശാന്തനാണ്, ഇന്നേ വരെ ഇവൻ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. കിടക്കത്തഴന്പ് കുറെ കാലമായി അലട്ടുനുന്ടെങ്കിലും അത് ഭേദമായ നിലയിലാണ്. തന്ടെ തുമ്പി കൈയില് ആരും പിടിക്കുനത് ഇവന് തീരെ രസിക്കാത്ത കാര്യമാണ്. അത് അവന്ടെ ദൗർഭല്യമാണ്, അതുപോലെ ഉറക്കത്തിലെ ചാടി എണീക്കലും. കാര്യമായ കെട്ടിയഴിക്കലൊന്നുംവേണ്ടാതെ തന്നെ ഏത് പാപ്പാനും കൊണ്ട് നടക്കാവുന്ന ആനയാണ് ചെർപ്പുള്ളശ്ശേരി പാർഥൻ. ആനകേരളത്തിന്റെ ഇളമുറതമ്പുരാനാണ് പാർഥൻ. വരും കാലങ്ങളിൽ നമ്മുടെ തമ്പുരാന് എല്ലാവിധ ആശംസകളും നേരുന്നുതോടൊപ്പം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ……… കടപ്പാട്: ഗജരാജാക്കന്മർ /നൂഹൂ.

വള്ളുവനാട്ടിലെ ഇളമുറത്തമ്പുരാൻ.!

“ചെർപ്പുളശ്ശേരി പാർത്ഥൻ”

ഇരുപതാം നൂറ്റാണ്ടിലെ നൂറാമതു വർഷമായ 2000. അസ്സാം മഴക്കാടുകളുടെ കുളിരിലും വന്യതയിലും പിറന്നുവീണ കരിങ്കറുപ്പൻ ആനക്കുട്ടിയെ പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ് സ്വന്തമാക്കി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, നാടൻ ആനകളുടേതു പോലുള്ള വലിയ ചെവികളും, ഉയർന്ന വായുകുംഭവും, വ്യത്യസ്തമാർന്ന മുഖഭംഗിയും എല്ലാറ്റിനുമുപരിയായി ഇരുട്ടുപോലും നാണിച്ചു പൊകുന്ന കറുപ്പഴകും കണ്ട പോത്തൻ വർഗീസ് ആനക്കുട്ടിയുടെ അഭൗമസൗന്ദര്യത്തിൽ മയങ്ങിവീണു എന്നതാണ് സത്യം.! വിലയുറപ്പിച്ചു നാട്ടിലേക്കു കൊണ്ട് വരുന്നതിനു മുൻപേ അഴകേറും കരുമാടിക്കുട്ടന്റെ ചിത്രം നാട്ടിലെത്തി. ആനക്കുട്ടിയുടെ പടം കണ്ട് ഇഷ്ടമായ പൂമുള്ളി മനയ്ക്കൽ ഉണ്ണി നമ്പൂതിരി അങ്ങെനെ അവനെ സ്വന്തമാക്കാനെത്തി. ചരിത്രത്തിൽ ആദ്യമായി ഫോട്ടോ മാത്രം കണ്ട് കച്ചവടമായ ആനക്കുട്ടിയായി ആ കരിങ്കറുപ്പൻ മാറി.! ലക്ഷണത്തികവുകൾക്കു മുൻ‌തൂക്കം നൽകി ആനകളെ സ്വന്തമാക്കിയിരുന്ന പൂമുള്ളിമനക്കാർ, ലക്ഷണങ്ങളുടെ അളവുകോലുകൾ വച്ചു ആനക്കുട്ടിയെ അളന്നില്ല.! ഒരു വശത്തേക്ക് ചരിഞ്ഞു വളരുന്ന കൊമ്പുകളോ, നീളമില്ലാത്ത തുമ്പിയോ, തുമ്പിക്കൈയുടെ അഗ്രഭാഗത്തെ ചെറിയ കീറലോ അവർ കാര്യമാക്കിയതേയില്ല.

“പൂമുള്ളി പാർത്ഥൻ” എന്ന പേരിൽ അവൻ മനയിൽ നിറഞ്ഞു നിന്നു. പ്രായത്തിനെ വെല്ലുന്ന വളർച്ചയും അളവിനെ വെല്ലുന്ന തലയെടുപ്പുമായവൻ ഉയർച്ചയുടെ പടവുകൾ നടവച്ചു കയറുവാൻ തുടങ്ങി. ആനക്കുട്ടിയുടെ പ്രശസ്തി വ്യാപിച്ചു. അങ്ങനെയിരിക്കെ ചെർപ്പുളശ്ശേരിയിലെ ശബരി ഗ്രൂപ്പുകാർ ആനക്കുട്ടിയിൽ ആകൃഷ്ടരായി. ആവശ്യം പറഞ്ഞെത്തിയ അവരെ പൂമുള്ളി മനക്കാർ സ്വീകരിച്ചത് വായിൽ കൊള്ളാത്ത വില കൊണ്ടായിരുന്നു.! ഒടുവിൽ ഇരുപത് ലക്ഷം രൂപയ്ക്കു കച്ചവടം. അന്നത്തെ കാലത്ത് രണ്ടോ മൂന്നോ ഒത്ത ആനയെ വാങ്ങിക്കാൻ ആ പണം തന്നെ ധാരാളം.!

പൂമുള്ളിത്തറവാട്ടിൽ നിന്നും അങ്ങെനെ പാർത്ഥൻ, ചെർപ്പുളശ്ശേരി പാർത്ഥനായി. നിറഞ്ഞ ആനത്തറവാട്ടിലെ ഇളമുറത്തമ്പുരാന്റെ ഉദയം.! അവൻ വളരാൻ തുടങ്ങി, ഒപ്പം അഴകും തലയെടുപ്പും വർദ്ധിച്ചു. കുളി കഴിഞ്ഞാൽ പത്തു മിനിറ്റ് തലയെടുപ്പ് പരിശീശലനം.! കണിശമായ ആ പരിശീലന രീതികൾ പിന്നീട് പാർത്ഥന്റെ തലയെടുപ്പിന്റെ പ്രൗഢിയായി പ്രതിഫലിച്ചു.

രാജശേഖരനും അനന്തപദ്മനാഭനും അടക്കി വാഴുന്ന ചെർപ്പുളശ്ശേരി തറവാട്ടിലെ ഏറ്റവും താരമൂല്യമുള്ള ആന എന്ന വിശേഷണം വൈകാതെ പാർത്ഥൻ സ്വന്തമാക്കി. ഇളമുറത്തമ്പുരാനിൽ നിന്നും ഉലകനായകചക്രവർത്തിയായി മാറിയ വീരപരിവേഷം.! ആനപ്പണിയിലെ നിരവധി അഗ്രഗണ്യർ വഴി നടത്തിയ ആനയാണ് പാർത്ഥൻ. കിടന്ന കിടപ്പിൽ നിന്നും പെട്ടന്ന് ചാടിയെഴുനേൽക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു മുൻപ്. ചിട്ടയായ ശിക്ഷണത്തിലൂടെയും മേൽനോട്ടത്തിലൂടെയും അതിനും കുറവ് സംഭവിച്ചു. സ്വാഭാവശുദ്ധിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആനയാണ് പാർത്ഥൻ. കൂട്ടാനക്കൂത്തേറ്റിട്ടും കൈവിട്ടുപോകാതെ നിന്ന പ്രകൃതം.! ചട്ടക്കാരോട് അങ്ങേയറ്റം വിധേയത്വം പ്രകടമാക്കുന്ന സ്വഭാവം.

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൽ പൂരനായകൻ തിരുവമ്പാടി ശിവസുന്ദറിന്റെ ഇടത്തെ കൂട്ടിന് അർഹത നേടിയ പാർത്ഥൻ, പിന്നീട് ആനകേരളത്തിലെ അതികായൻ സാക്ഷാൽ കണ്ടമ്പുള്ളി ബാലനാരായണന്റെ പിൻഗാമിയായി കണിമംഗലം ശാസ്താവിനെ ശിരസ്സിലേറ്റിയും പൂരങ്ങളുടെ പൂരത്തിന് എഴുന്നെള്ളി.!
മത്സരപ്പൂരങ്ങളിൽ വെന്നിക്കൊടി പാറിച്ച പാരമ്പര്യമുണ്ട് പാർത്ഥന്. സാക്ഷാൽ അർജുനൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന പോരാട്ടവീര്യം.! ഒരിക്കൽ എത്തനൂർ കുമ്മാട്ടിയിൽ മംഗലാംകുന്ന് കർണ്ണന്റെ പകരക്കാരനായെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടൊപ്പം തലയെടുപ്പോടെ നിന്ന വീരനായകനാണ് പാർത്ഥൻ.! പിന്നീടൊരിക്കൽ മാങ്ങോട്ടുകാവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കർണ്ണനുമെല്ലാം ഉള്ളപ്പോൾ തന്നെ പ്രധാന തിടമ്പേറ്റി ഉത്സവം നയിച്ച ഖ്യാതിയും പാർത്ഥനുണ്ട്.

അസാധ്യതലയെടുപ്പും, അഴകും, നല്ല സ്വഭാവശുദ്ധിയും നിമിത്തം നിരവധിയാളുകളുടെ ഇഷ്ടതോഴനാണ് പാർത്ഥൻ.! മൂന്നര മാസത്തോളം നീണ്ടു നിൽകുന്നതാണ് നീരുകാലം. നല്ല ഉയരം, ഉയരത്തെ വെല്ലുന്ന തലയെടുപ്പ്, നല്ല സ്വാഭാവം, പ്രായത്തിന്റെ ആനുകൂല്യം ഇവയെല്ലാം പാർത്ഥന്റെ മേന്മകളാണ്.